തന്റെ ഹാച്ചറിയിൽ നിന്നും വിതരണം ചെയ്യുന്ന കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന കർഷകർക്കൊപ്പം സ്വന്തം അനുഭവങ്ങളുമായി രാജൻ ഉറച്ചു നിൽക്കുന്നു. ഷെഡിന്റെ നിർമ്മാണം, കോഴിക്കുഞ്ഞുങ്ങളുടെ പരിചരണം എന്നിങ്ങനെ എല്ലാ കാര്യത്തിലും വേണ്ട നിർദ്ദേശ ങ്ങൾ നൽകുന്നു.
കിഴക്ക് പടിഞ്ഞാറ് ദിശയിലാണ് ഷെഡ് നിർമ്മിക്കുക. ഒരു കോഴിക്ക് 1.2 ചതുരശ്ര അടി എന്ന കണക്കിന് ആവശ്യമായ വിസ്തീർണ്ണം ഉണ്ടാകണം. ഷെഡിൽ ആവശ്യത്തിന് കാറ്റോട്ടം കിട്ടണം. ഒരു ചതുരശ്ര അടിയ്ക്ക് 200 രൂപയെന്ന നിലയ്ക്ക് ഷെഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും. ഷെഡിന്റെ തറയിൽ 2 ഇഞ്ച് കനത്തിൽ അറക്കപ്പൊടി വിതറി കുഞ്ഞുങ്ങളെ വിടുന്നു. ചെറിയ കുഞ്ഞുങ്ങളെ തണുപ്പ് കാലത്ത് 15 ദിവസവും വേനൽക്കാലത്ത് 10 ദിവസവും ബ്രൂഡറുകളിൽ വളർത്തുന്നു. ലസോട്ട, ഐ.ബി.ഡി എന്നീ വാക്സിനുകളാണ് സാധാരണയായി ഇറച്ചിക്കോഴികൾക്ക് നൽകുക. 7-ാം ദിവസം, 14-ാം ദിവസം എന്നിങ്ങനെ വാക്സിനേഷൻ നൽകുന്നു.
കുഞ്ഞുങ്ങൾക്ക് വ്യാവസായിക അടിസ്ഥാനത്തിലുളള തീറ്റയാണ് നൽകുക. പ്രീസ്റ്റാർട്ടർ തീറ്റ ആദ്യ 12 ദിവസം കൊടുക്കും. ഒരു കുഞ്ഞ് 12 ദിവസം കൊണ്ട് 300 ഗ്രാം തീറ്റ കഴിക്കും. 13-24 ദിവസം വരെ ഏതാണ്ട് 1.5 കി.ഗ്രാം സ്റ്റാർട്ടർ തീറ്റയും 25-37 ദിവസം വരെ 1.8 കി.ഗ്രാം ഫിനിഷർ തീറ്റയുമാണ് വേണ്ടി വരിക. 37-40 ദിവസം കൊണ്ട് 3.2 കി.ഗ്രാം തീറ്റ 2 കി.ഗ്രാം തൂക്കമുളള ഇറച്ചിക്കോഴിയായി മാറുന്നു. ഇറച്ചിക്കോഴിയുടെ തീറ്റ പരിവർത്തന ശേഷി 1.6 ൽ താഴെ എത്തിക്കുക എന്നത് ഫാമിംഗ് ലാഭകരമാക്കുന്നതിലെ പ്രധാന ഘടകമാണ്. 3000-4000 കുഞ്ഞുങ്ങളെ വളർത്തുന്ന കർഷകർക്ക് സ്വന്തമായി കൈകാര്യം ചെയ്യാവുന്ന, ഇടത്തരം ഫാമുകളിലാണ് കുഞ്ഞുങ്ങളിൽ നല്ല വളർച്ചാ നിരക്ക് കണ്ടു വരുന്നതെന്ന് രാജൻ സാക്ഷ്യപ്പെടുത്തുന്നു