പശുക്കുട്ടി വളർന്ന് വലുതാകുന്നതോടെ അത് കിടാരിയായിത്തിരുന്നു ഒരു വയസ്സ് പൂർത്തിയാക്കിയ പശുക്കുട്ടിയെയാണ് കിടാരി എന്നു പറയുന്നത്
നല്ല പരിചരണം കിട്ടിയ പശുക്കുട്ടിയാണെങ്കിൽ കിടാരി പ്രായത്തിലേക്ക് കടക്കുമ്പോൾ അതിന് 70 കിലോഗ്രാമിൽ കുറയാത്ത തൂക്കം ഉണ്ടായിരിക്കും തുടർന്നും നല്ല പരിചരണം നൽകിയാൽ ഒരു വയസ്സ് കഴിഞ്ഞാൽ കിടാരി മദി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും.
തറയ്ക്ക് ഒട്ടും നനവില്ലാത്തതും കാറ്റും വെളിച്ചവും ആവശ്യാനുസരണം ലഭിക്കുന്നതുമായ വൃത്തിയുള്ള സ്ഥലത്ത് കിടാരിയെ കെട്ടണം സുലഭമായി ശുദ്ധജലവും പ്രായത്തിനനുസരിച്ച് അളവു വ്യത്യാസപ്പെടുത്തി സമീകൃതാഹാരവും ധാരാളം പച്ചപുല്ലും നൽകണം. മൂന്നുമാസത്തിലൊരിക്കൽ വിരയിളക്കണം ഒരു വർഷം പ്രായമാകുന്നതിനു മുൻപേ ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകണം.
7 മാസം മുതൽ 9 മാസം വരെയുള്ള കിടാരികൾക്ക് 70 മുതൽ 100 വരെ കിലോ ഗ്രാം തൂക്കം ഉണ്ടാകാറുണ്ട്. ഇവയ്ക്ക് 1.5 കിലോഗ്രാം സമീകൃത തീറ്റയും 15 കിലോ പച്ച പുല്ലും നൽകണം. 10 മുതൽ 15 മാസം വരെയുള്ള കിടാരികൾക്ക് 100 മുതൽ 150 കിലോഗ്രാം വരെ തൂക്കമുണ്ടാകും. അതിനാൽ 2 കിലോ സമീകൃതാഹാരവും 15 മുതൽ 20 കിലോ വരെ പച്ചപ്പുല്ലും നൽകണം.
16 മാസം മുതൽ 20 മാസം വരെ ശരീരഭാരം 150 മുതൽ 200 കിലോ വരെ ഉണ്ടാകും. തീറ്റ 25 കിലോയും പുല്ല് 20-25 കിലോവരെയും നൽകണം. പശുക്കുട്ടിയുടെ വളർച്ചാനിരക്ക് ഏറ്റവും കൂടിയിരിക്കുന്നത് 6-ാം മാസം മുതൽ ഗർഭധാരണം വരെയുള്ള കാലയളവാണ് . അതിനാൽ ഈ കാലയളവിൽ നല്ല പരിചരണം നൽകേണ്ടതാണ്
ശരിയായ പരിചരണം ലഭിക്കുന്ന കിടാരി ഒരു വയസു കഴിയുമ്പോൾ തന്നെ പ്രായപൂർത്തിയാവുകയും മദിയുടെ ലക്ഷണം കാണിച്ചു തുടങ്ങുകയും ചെയ്യും മദി ലക്ഷണം കാണിച്ചു തുടങ്ങിയാൽ എത്ര ദിവസം ഇടവിട്ടാണ് മദി ആവർത്തിക്കുന്നത് എന്ന് നിരീക്ഷിച്ചു ഉറപ്പു വരുത്തിയ ശേഷം രണ്ടോ മുന്നോ മദികൾ കഴിഞ്ഞിട്ട് ബീജ സങ്കലനം നടത്തുന്നതാണ് നല്ലത്. ഗർഭധാരണ സമയത്ത് കിടാരിക്ക് 18 മാസം പ്രായമുണ്ടായിരിക്കണം. തള്ളപ്പശുവിൻ്റെ ശരീരഭാരത്തിൻ്റെ 2/3 ഭാഗമെങ്കിലും കൈവരണം.