കോംഗോസിഗ്നൽ പുല്ല് (ബാക്കേറിയ റുസിബെൻസിസ്) പുല്ലുവർഗത്തിൽപ്പെട്ടവയിൽ മെച്ചപ്പെട്ട വിളവ് തരുന്ന ഒരിനമാണ് കോംഗോസിഗ്നൽ. ഇത് തറനിരപ്പിൽനിന്നും അധികം ഉയരത്തിലല്ലാതെ തഴച്ചുവളരുന്നു. വേരുപടലം ശക്തിയായി മണ്ണിൽ പിടിക്കുന്നതു കൊണ്ട് അതിർവരമ്പുകളിലും കയ്യാലകളിലും വച്ചുപിടിപ്പിച്ച് മണ്ണൊലിപ്പ് തടയാനും ഉപയോഗിക്കാവുന്നതാണ്. ഇത് തനിവിളയായും തെങ്ങ്, കമുക് എന്നിവയുടെ ഇടവിളയായും മറ്റ് പയറുവർഗ്ഗ ഫോഡർ വിളകളോടൊപ്പം മിശ്രവിളയായും കൃഷിചെയ്യാം.
മേയ്-ജൂൺ മാസങ്ങളിലുണ്ടാകാറുള്ള കാലവർഷാരംഭമാണ് കൃഷി ചെയ്യുവാൻ യോജിച്ച സമയം. ഒരു ഹെക്ടർ സ്ഥലത്തേക്ക് 6-8 കിലോഗ്രാം വിത്ത് വേണ്ടിവരും. പുല്ലിന്റെ കടകൾ പിഴുതുനട്ടും ഇത് കൃഷിചെയ്യാം. കട്ട ഉടച്ച് സ്ഥലം നന്നായി നനച്ച് ഒരുക്കിയ ശേഷം വിത്ത് വിതയ്ക്കണം. വിത്ത് വളരെ ചെറുതായതിനാൽ മുളയ്ക്കാതിരിക്കും. അതിനാൽ വിത്തിന്റെ മുകളിൽ അല്പം മണ്ണ് കൂവുക മാത്രമേ ചെയ്യാവൂ.
വിത്ത് ഉറുമ്പ് എടുക്കാതിരിക്കുവാൻ ഏതെങ്കിലും ഉറുമ്പുപൊടി ഇട്ടതിനു ശേഷമായിരിക്കണം വിത്ത് വിതയ്ക്കേണ്ടത്. വിതയ്ക്കുന്നതിനു മുമ്പ് ഒരു ഹെക്ടറിന് 10 ടൺ ചാണകവും ഗോമൂത്രവും 30 കിലോഗ്രാം വീതം ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ലഭിക്കത്തക്കവിധം 150 കിലോഗ്രാം മസൂറിഫോസും 50 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും അടിവളമായി ചേർക്കണം. ഏകദേശം ഒരടി അകലത്തിൽ വരിയിട്ട് അതിൽ വിത്ത് നൂരിയിടുന്നതായിരിക്കും കൂടുതൽ നല്ലത്.
വിത്തിന്റെ അത്രയും തന്നെ മണ്ണുമായി ചേർത്തിളക്കി വേണം വിതയ്ക്കുവാൻ. വിത്തു വിതച്ച് 60-75 ദിവസത്തിനുള്ളിൽ ആദ്യ വിളവെടുക്കാം. തുടർന്ന് 30-45 ദിവസം ഇടവിട്ട് പുല്ലരിയാം. ഓരോ വിളവെടുപ്പിനു ശേഷവും ഒരു ഹെക്ടറിന് 60 കിലോഗ്രാം പാക്യജനകം (നൈട്രജൻ) കിട്ടത്തക്കവിധം രാസവളപ്രയോഗം നടത്തേണ്ടതാണ്. ചാണകവും ഗോമൂത്രവും കലർന്ന സ്റ്ററി (Slurry) കൃഷിസ്ഥലത്തേക്ക് ഒഴുക്കുവാനോ തളിച്ചുകൊടുക്കുവാനോ സൗകര്യമുണ്ടെങ്കിൽ രാസവളത്തിന്റെ അളവ് കുറയ്ക്കാം.
മാത്രമല്ല മൂന്നാഴ്ച കഴിയുമ്പോൾ പുല്ലരിയുകയും ചെയ്യാം. പുല്ല് തറനിരപ്പിൽനിന്നും അര അടി ഉയരത്തിൽവച്ച് അരിഞ്ഞെടുക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വേരുപടലം ശക്തിയായി വളരുന്നതിനാൽ ഇവയ്ക്കിടയിൽ കളശല്യം കുറവായിരിക്കും. നല്ല മയമുള്ള പുല്ലായതിനാൽ കാലികൾ പ്രത്യേകിച്ച് കിടാക്കൾ നന്നായി തിന്നും. തനിവിളയായി കൃഷിചെയ്യുമ്പോൾ ഒരു ഹെക്ടറിൽ നിന് സാധാരണ 80-100 ടൺ പുല്ല് ഒരാണ്ടിൽ ലഭിക്കാറുണ്ട്. വേണ്ടത്ര ജല സേചനം നല്കിയാൽ 120 ടൺവരെ പുല്ല് ലഭിക്കുന്നതാണ്.