പശുക്കളിൽ ചർമ്മ മുഴ പ്രതിരോധത്തിന് സംസ്ഥാനമൊട്ടാകെ വാക്സിനേഷന് മൃഗസംരക്ഷണവകുപ്പ് തുടക്കമിട്ടിരിക്കുകയാണ്. വകുപ്പ് ഉദ്യോഗസ്ഥർ വീടുകളിലെത്തി പശുക്കൾക്ക് സൗജന്യമായി പ്രതിരോധ കുത്തിവെയ്പ് നൽകും. രോഗകാരിയായ കാപ്രിയോക്സ് വൈറസിനെതിരെ ഏറെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതും ആടുകളിലെ വസൂരി രോഗം തടയാൻ നൽകുന്നതുമായ ഗോട്ട് പോക്സ് വാക്സിനാണ് (ഉത്തരകാസി സ്ട്രയിൻ) പശുക്കളിൽ ലംപിസ്കിൻ പ്രതിരോധ കുത്തിവെയ്പ്പിനായി ഉപയോഗിക്കുന്നത്.
ആരോഗ്യസ്ഥിതി അനുസരിച്ച് വാക്സിൻ നൽകി 3 ആഴ്ചക്കുള്ളിൽ പശുക്കൾ രോഗപ്രതിരോധശേഷി കൈവരിക്കും. ഒരു വർഷം വരെ ഈ പ്രതിരോധശേഷി ഉരുക്കളിൽ നിലനിൽക്കും. വാക്സിൻ ലായകവുമായി ലയിപ്പിച്ച ശേഷം 1 മില്ലി വീതം വാക്സിൻ കഴുത്തിന് മധ്യഭാഗത്തായി ത്വക്കിനടിയിൽ കുത്തിവെയ്ക്കുന്നതാണ് വാക്സിൻ നൽകുന്ന രീതി.
ആരോഗ്യമുള്ള എല്ലാ പശുക്കൾക്കും കുത്തി വെയ്പ് നൽകാം. ഗർഭിണി പശുക്കൾക്കും ഈ വാക്സിൻ സുരക്ഷിതമാണ്. പശുക്കിടാക്കൾക്ക് പ്രായം പരിഗണിക്കാതെ എപ്പോൾ വേണമെങ്കിലും കുത്തിവെയ്പ് നൽകാം. എന്നാൽ പ്രതിരോധ കുത്തിവെയ്പ് നൽകിയതോ മുൻപ് രോഗം ബാധിച്ചതോ ആയ തള്ള പശുവിനുണ്ടായ കിടാവാണെങ്കിൽ 4-6 മാസം പ്രായമെത്തിയതിന് ശേഷം പ്രതിരോധ കുത്തിവെയ്പ്പ് നൽകിയാൽ മതി.
ലംപിസ്കിൻ രോഗബാധയിൽ നിന്നും ഒരു തവണ രക്ഷപ്പെടുന്ന പശുക്കൾ അതിന്റെ ഈ വൈറസിനെ നേരിടാനുള്ള പ്രതിരോധശേഷി ആർജ്ജിക്കുന്നതു കൊണ്ടും കന്നിപ്പാൽ വഴി ഈ പ്രതിരോധഗുണം കിടാക്കളിലേക്ക് പകരുകയും ചെയ്യുമെന്നതിനാലാണിത്.
നിലവിൽ രോഗം ബാധിച്ചിട്ടുള്ള ഉരുക്കൾക്ക് വാക്സിൻ നൽകരുത്. ചർമ്മമുഴ രോഗം വന്ന് മാറിയ പശുക്കൾക്കും വാക്സിനേഷൻ വേണ്ടതില്ല. പുതിയ പശുക്കളെ വാങ്ങുന്നവർ അവയ്ക്ക് വാക്സിനേഷൻ നൽകി ഏറ്റവും ചുരുങ്ങിയത് നാല് ആഴ്ചകൾക്ക് ശേഷം മാത്രം അവയെ ഫാമുകളിലേക്ക് കൊണ്ടുവരാൻ ശ്രദ്ധിക്കണം.