വാണിജ്യ പ്രാധാന്യമുള്ള ജലജീവികളിൽ സവിശേഷ സ്ഥാനമാണ് കൊഞ്ച് വർഗ്ഗത്തിൽപ്പെട്ട ജീവികൾക്കുളളത്. ശുദ്ധജലത്തിൽ വളരുന്ന ഏറ്റവും വലിപ്പമുള്ള കൊഞ്ചായ ആറ്റുകൊഞ്ച് വിദേശ വിപണിയിലും ആഭ്യന്തരവിപണിയിലും പ്രിയമുളള ഇനമാണ്. എന്നാൽ നമ്മുടെ ജലശേഖരങ്ങളിൽ സ്വാഭാവികമായി കണ്ടു വരുന്ന ഇവയുടെ കൃഷിക്ക് ഇവിടെ വേണ്ടത്ര പ്രചാരം സിദ്ധിച്ചിട്ടില്ല. ഇവയെ താരതമ്യേന പ്രയാസം കൂടാതെ കൃഷിക്കുളങ്ങളിൽ വളർത്താനാവും.
കൃത്രിമ സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുളളതിനാൽ കുഞ്ഞുങ്ങളുടെ ലഭ്യതയ്ക്കും ഇപ്പോൾ പ്രയാസമില്ല.
കൃഷി രീതി
സാമ്പ്രദായിക കൃഷിരീതിയിൽ നിക്ഷേപിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറവായിരിക്കും. തന്മൂലം കൃഷിചെലവും അതനുസരിച്ച് വിളവും കുറവായിരിക്കും. ഒറ്റപ്പെട്ട കുളങ്ങളിൽ ഇത്തരം കൃഷി രീതിയാണ് അനുയോജ്യം
കൃത്യമായി മുന്നൊരുക്കങ്ങൾ നടത്തിയ കുളത്തിൽ സെന്റ് ഒന്നിന് 2 കി. ഗ്രം നിരക്കിൽ കുമ്മായവും 8 കി. ഗ്രാം നിരക്കിൽ ജൈവവളവും ഇടേണ്ടതാണ്. അതിനു ശേഷം കുളങ്ങളിൽ വെളളം നിറച്ച് ഒരാഴ്ചയ്ക്കകം പ്ലവകങ്ങൾ വളർന്നു തുടങ്ങുന്നു. തുടർന്ന് ഹെക്ടറിന് 10000 - 15000 എണ്ണം എന്ന നിരക്കിൽ ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിക്കാവുന്നതാണ്.
സമ്മിശ്ര കൃഷിരീതിയിൽ ഹെക്‌ടറിന് 4000 എണ്ണം എന്ന നിരക്കിൽ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതായിരിക്കും നല്ലത്. ആറ്റു കൊഞ്ച് ജലാശയത്തിന്റെ അടിത്തട്ടിൽ ഇരതേടുന്നതിനാൽ തീറ്റയ്ക്കു വേണ്ടിയുള്ള മത്സരം ഒഴിവാക്കുന്നതിനായി അതേ ആഹാരരീതിയുളള മത്സ്യങ്ങളുടെ നിക്ഷേപത്തിൽ കുറവു വരുത്തേണ്ടതാണ്. വളർച്ചയുടെ വിവിധഘട്ടങ്ങളിൽ ആറ്റുകൊഞ്ച് അതിന്റെ പുറംതോട് ഉപേക്ഷിക്കുന്നു.
പുതിയ പുറം തോട് ഉണ്ടാവുന്നതുവരെ ശത്രുക്കളുടെ പിടിയിൽ പെടാതിരിക്കുന്നതിനായി ഒളിസ്ഥലങ്ങൾ കൃഷിക്കുളങ്ങളിൽ ഒരുക്കുന്നത് നന്നായിരിക്കും. സാമ്പ്രദായിക രീതിയിൽ വിളവെടുപ്പിന് 8-10 മാസം വേണ്ടി വരുന്നു. ഏകദേശം 100 -150 ഗ്രാം വലിപ്പമാകുമ്പോൾ ഇവയെ പിടിച്ചെടുത്ത് വിപണനം നടത്താം. കുഞ്ഞുങ്ങളുടെ ആരോഗ്യം, വെളളത്തിന്റെ ഗുണനില വാരം, കുളത്തിൽ ലഭ്യമായ തീറ്റ എന്നിവയെ അടിസ്ഥാനമാക്കിയാണ് വളർച്ചാ നിരക്ക്.