ആടു നിൽക്കുന്ന പ്രതലങ്ങൾ നിർമിക്കേണ്ട ഉയരത്തെക്കുറിച്ചാണ് പറയുന്നത്. വീടുകളോട് നിർമ്മിക്കുന്ന ലീൻ ഓൺ ടൈപ്പ് (Lean-on type) അഥവാ ചായ്ചിറക്കൽ എന്ന ഗ്രാമഭാഷയിൽ വിളിക്കാവുന്ന ചെറിയ കൂടുകൾ നിർമിക്കുമ്പോൾ നിർമിക്കുന്ന ഭിത്തിയുടെ ആകെ ഉയരത്തിന് ആനുപാതികമായേ തറനിരപ്പിൽ നിന്നും ആട് നിൽക്കുന്ന പ്രതലത്തിലേക്കുള്ള ഉയരം ക്രമീകരിക്കാനാകൂ. ഇവിടെ കാര്യമായ ശാസ്ത്രീയമായ ഇടപെടൽ സാധ്യമാകില്ല എന്നർഥം.
ആട് നിൽക്കുന്ന പ്രതലത്തിനും മേൽക്കൂരയ്ക്കുമിടയിൽ ചുരുങ്ങിയത് 6 അടി ഉയരമെങ്കിലും ഉണ്ടായിരിക്കണം എന്നതാവണം പ്രഥമ പരിഗണന. ആ ഉയരം ക്രമീകരിക്കുമ്പോൾ തറനിരപ്പിനോട് വളരെ ചേർന്നാണ് ആട് നിൽക്കുന്ന പ്രതലം വരുന്നതെങ്കിൽ അത്തരം ഭിത്തിയോട് ചേർന്നുള്ള നിർമിതി ഒഴിവാക്കേണ്ടതാണ് നല്ലത്. തറയിൽ നിന്നും ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും വേണം ആടുകൾ നിൽക്കുന്ന പ്രതലത്തിലേക്ക് എന്ന് പൊതുവേ പറയാറുണ്ടെങ്കിലും വീതി കുറഞ്ഞ ചെറിയ കൂടുകൾക്കാണ് ഇത് പ്രായോഗികമായി പ്രയോജനപ്പെടുന്നത്.
വീതി കൂടുതലുള്ള കൂടുകളിൽ കാഷ്ടവും മൂത്രവും ശേഖരിക്കുന്ന സംവിധാനം ക്രമീകരിച്ചിട്ടില്ലെങ്കിൽ, ഉയരം കുറഞ്ഞാണ് പ്രതലം ക്രമീകരിക്കുന്നതെങ്കിൽ കാഷ്ഠവും മൂത്രവും ശേഖരിക്കാനുള്ള കായികാധ്വാനം സാധാരണയേക്കാൾ കൂടുതൽ വേണ്ടിവരും. കൂടുകളുടെ അടിവശം വൃത്തിയാക്കാനും കാഷ്ഠം ശേഖരിക്കാനും കൂടിന്റെ പുറത്തെ വശങ്ങളിൽ നിന്നും നീളമുള്ള ബ്രഷുകൾ ഉപയോഗിച്ച് ശേഖരിക്കുന്ന രീതി ചെറിയ കൂടുകളിൽ മാത്രമേ സാധ്യമാകൂ. തറയും പ്രതലത്തിനിടയിലുള്ള ഉയരം കുറഞ്ഞ വീതി കൂടിയ കൂടുകളുടെ അടിവശം വൃത്തിയാക്കാനും കാഷ്ടം ശേഖരിക്കാനും തൊഴിലാളികൾ/കർഷകർ കുനിഞ്ഞ് നടക്കേണ്ടി വരും.
ഒരു ചെറിയ സ്ഥലം വൃത്തിയാക്കാൻ തന്നെ സാധാരണ നിവർന്നു നിന്ന് വൃത്തിയാക്കുന്നതിന്റെ ഇതി സമയമെങ്കിലും വേണ്ടിവരും എന്നർഥം. കൃത്യമായ മേൽനോട്ടമില്ലാതെ തൊഴിലാളികളെ വച്ച് പണിയെടുപ്പിക്കുന്ന ഫാമുകളിൽ, ഇത്തരം പണികൾ ഒഴിവാക്കാനോ, പ്രതിദിനമെന്നത് മാറ്റി ആഴ്ചയിൽ ഒന്നോ രണ്ടോ തവണയാക്കാനോ ഒക്കെ തെഴിലാളികൾ ശ്രമിച്ചെന്നു വരാം. അത്തരത്തിൽ ഉയരം കുറഞ്ഞ ഇടത്ത് കാലവും മൂത്രവും കെട്ടിക്കിടക്കുന്നത് ദുർഗന്ധത്തിനും ഈച്ച, കൊതുക് തുടങ്ങിയവയുടെ വംശവർധനവിനും വിവിധ രോഗങ്ങൾക്കുമൊക്കെ കാരണമാവുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള വിവിധ കാര്യങ്ങൾ പരിഗണിക്കുമ്പോൾ ആട്ടിൻ കൂടിന്റെ തറയും ആട് നിൽക്കുന്ന പ്രതലവും തമ്മിൽ 6 അടിയെങ്കിലും വ്യത്യാസം ഉണ്ടാകണമെന്നതാണ് ഏറ്റവും ശാസ്ത്രീയവും പ്രായോഗികവുമായ രീതി. തറയിൽ നേരിട്ട് കാഷ്ഠവും മൂത്രവും ശേഖരിക്കുന്ന കൂടുകളാണെങ്കിൽ തൊഴിലാളികൾക്ക് നിവർന്നു നിന്ന് ഇവ ശേഖരിക്കാനും തലതട്ടാതെ കൂടിനടിയിലൂടെ സഞ്ചരിക്കാനും സാധിക്കുന്നു. വൃത്തിയാക്കൽ പ്രക്രിയ കുറഞ്ഞ അധ്വാനത്തിൽ കൂടുതൽ വേഗതയിൽ നിർവഹിക്കാനും സാധിക്കുന്നു.
കാഷ്ഠവും മൂത്രവും ശേഖരിക്കുന്ന സംവിധാനം ഉണ്ടാകുന്ന കൂടുകളിലാണെങ്കിൽ ഇവ ശേഖരിക്കാനായി സജ്ജീകരിക്കുന്ന ഷീറ്റുകളിൽ കാഷ്ഠം തങ്ങിനിൽക്കാത്തവിധം ചരിവ് ക്രമീകരിക്കേണ്ടതുണ്ട്. അതിനനുസരിച്ചുള്ള ഉയരത്തിൽ വേണം അട് നിൽക്കുന്ന പ്രതലം നിർമിക്കാൻ. കാഷ്ഠം ശേഖരിക്കുന്ന സജ്ജീകരണത്തിന്റെ ചരിവ് കുറയുകയാണെങ്കിൽ അവിടെ കാഷ്ഠം കെട്ടിനിൽക്കാൻ സാധ്യത ഉണ്ട്. അത്തരത്തിൽ കെട്ടിനിൽക്കുന്ന കാഷ്ഠം ബ്രഷുകളും മറ്റും ഉപയോഗിച്ച് നീക്കം ചെയ്യുന്നത് ശ്രമകരമായ പ്രവൃത്തിയാണ്. പ്രതലത്തിലേക്കുള്ള ഉയരക്കുറവ് ഇത്തരം വൃത്തിയാക്കലിനെയും ബാധിക്കും എന്നത് ഓർമിക്കുക.