നമ്മുടെ നാട്ടിൽ ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ നടപ്പിലാക്കാൻ കഴിയുന്നതും ഏറ്റവും ആദായകരമായ ഒന്നാണ് ആടുവളർത്തൽ. ആടുകൾക്ക് ലളിതമായ പാർപ്പിടം മതി എന്നത് തന്നെയാണ് ഈ രീതിയുടെ പ്രത്യേകത. പന, കവുങ്ങ് എന്നിവ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ കൂടുണ്ടാക്കി നമുക്ക് ചെറിയതോതിൽ ആടുവളർത്തൽ തുടങ്ങാം. തറയിൽ നിന്ന് രണ്ടടി എങ്കിലും ഉയരത്തിൽ തട്ടു പണിയുമ്പോൾ കാഷ്ടം വീഴാൻ പലകകൾ ഇടയ്ക്ക് 3-4 സെൻറീമീറ്റർ വിടവ് നൽകണം.
വിടവ് കൂടിയാൽ ആടിൻറെ കാല് താഴേക്ക് പോവുകയും മുറിവ് ഉണ്ടാവുകയും ചെയ്യുന്നു. രണ്ട് ആടിനെ വളർത്താൻ വേണ്ടി മൂന്നു മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമുള്ള ഷെഡ് തിരഞ്ഞെടുത്താൽ മതി. കൂടിന്റെ വശങ്ങളിൽ പട്ടിക കൊണ്ടോ മുള കൊണ്ടോ അഴിയെടുക്കണം. മേൽക്കൂരയായി ഓട്, ലൈറ്റ് റൂഫ് എന്നിവ ഉപയോഗിക്കാം.
ഭക്ഷണ രീതികൾ
ആടിന് കൂടുതൽ പച്ചിലകൾ ആണ് ഇഷ്ടം എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. അതുകൊണ്ടുതന്നെ പ്ലാവ്,തൊട്ടാവാടി, പീലിവാക,മുരിക്ക് വാഴ എന്നിവയുടെ ഇലകൾ യഥേഷ്ടം നൽകണം. നാടൻ പുല്ല്, ഗിനി പുല്ലുകൾ എന്നിവയും ഇവയ്ക്കു നൽകണം. ഇത് ശരീരവളർച്ച വേഗത്തിൽ ആകുവാനും, പാലുല്പാദനം വർദ്ധിപ്പിക്കുവാനും കാരണമാകും. പച്ചക്കറികളുടെ പുറംതൊലി, പഴത്തൊലി, അടുക്കള അവശിഷ്ടങ്ങൾ എന്നിവയും തീറ്റയായി നൽകുക. സാധാരണഗതിയിൽ വലിയ ആടിനെ ദിവസേന മൂന്നു മുതൽ അഞ്ച് കിലോ പച്ചപ്പുല്ലോ, രണ്ടു മുതൽ മൂന്നു കിലോ പച്ചിലയോ നൽകാവുന്നതാണ്. ഒപ്പം വിപണിയിൽ നിന്ന് ലഭിക്കുന്ന തിരിത്തീറ്റ ദിവസേന 200 ഗ്രാം അല്പം വെള്ളമൊഴിച്ച് നനച്ച് കൊടുക്കുക. ആവശ്യത്തിന് കുടിവെള്ളം നൽകണം. കറവയുള്ള ആട് ആണെങ്കിൽ തിരി തീറ്റയുടെ അളവ് കൂട്ടാൻ മറക്കരുത്.
Goat rearing is one of the most cost effective and profitable practices in our country. The peculiarity of this method is that simple shelter is sufficient for the sheep.
ആരോഗ്യ പരിപാലനം
ആട്ടിൻകുട്ടികൾക്ക് വിരമരുന്നും, ചെനയുള്ള ആടിന് ചെനയുടെ നാലാം മാസവും 5 മാസവും ടെറ്റനസ് ടോക്സോയിഡ് നൽകുവാനും മറക്കരുത്. ചെള്ള്,പേൻ എന്നിവയ്ക്കെതിരെ മാസംതോറും ദേഹത്ത് മരുന്ന് തളിക്കണം. ആടുകൾക്ക് കഞ്ഞി, പഴുത്ത ചക്ക എന്നിവ അമിതമായി നൽകി അജീർണം ഉണ്ടാകരുത്. ദഹനക്കേട് വന്നാൽ പ്രഥമശുശ്രൂഷ ആയി 2 ടീസ്പൂൺ അപ്പക്കാരം നൽകി, തുടർന്ന് വൈദ്യസഹായം തേടണം.