നമ്മുടെ നാട്ടിൽ എല്ലായിടത്തും കാണപ്പെടുന്ന, ബഹുവർണ നിറത്തിലുള്ള തൂവലുകളോടു കൂടിയ ഇനമാണ് ഗ്രാമശ്രീ കോഴികൾ. മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് വികസിപ്പിച്ചെടുത്തതാണ് ഗ്രാമശ്രീ കോഴികൾ. ഇവ കൂട്ടിലോ പുറത്തോ വളര്‍ത്താവുന്ന ഇനമാണ്. ഇവയുടെ മുട്ടയ്ക്ക് തവിട്ടുനിറവും 50 ഗ്രാം ഭാരവും താരതമ്യേന ഉറപ്പുള്ള പുറംതോടുമുണ്ട്. മറ്റിനങ്ങളെ അപേക്ഷിച്ച് ഇതിന് കുറഞ്ഞ ശ്രദ്ധമതിയെന്നത് സൗകര്യപ്രദമാകുന്നു. കർഷകർക്ക് ലാഭവും, ഐശ്വര്യവും ഒരു പോലെ നൽകുന്ന ധ്വിമുഖ സ്വഭാവഗുണമുള്ള ജനുസാണ് ഗ്രാമശ്രീ. അതായത് മുട്ടയ്ക്കും ഇറച്ചിക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഇനമെന്നു സാരം. Gramasree chicken can be used for egg and meat .
മൂന്ന് വിദേശ ജനുസുകളുടെയും, കേരളത്തിന്റെ നാടൻ നേക്കഡ് നെക്ക് കോഴികളുടേയും സങ്കരമാണ് ഗ്രാമശ്രീ. നാടൻ കോഴികളുടെ ബഹുവർണ നിറത്തിലുള്ള തൂവലുകളും, പൊരുതുവാനുള്ള ശേഷിയും ഇവയെ ഇരപിടിയന്മാരിൽനിന്നും ഒരു പരിധി വരെ രക്ഷപ്പെടാൻ സഹായിക്കാറുണ്ട്. അതുകൊണ്ട് തന്നെ അടുക്കളമുറ്റത്ത് ഇവയെ ധൈര്യമായി അഴിച്ചുവിട്ടു വളർത്താം. ആദ്യ നാലാഴ്ച സ്റ്റാർട്ടർ തീറ്റ കൊടുത്തു വളർത്തിയ ശേഷം വീട്ടിലെ ആഹാര സാധനനങ്ങൾ തീറ്റയായി നൽകിത്തുടങ്ങാം. വീട്ടിൽ ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറി അവശിഷ്‌ടങ്ങൾ എന്നിവയ്ക്കു പുറമെ തൊടിയിലെ കളകളും കീടങ്ങളുമൊക്കെ ഇവ ഭക്ഷണമാക്കും. നാലര- അഞ്ചു മാസത്തിനുള്ളിൽ മുട്ടയിട്ടു തുടങ്ങുന്ന ഇവയ്ക്കു മുട്ടയിട്ടു തുടങ്ങുമ്പോൾ മുതൽ മുട്ടക്കോഴിത്തീറ്റ നൽകണം. മുപ്പത് 30–40 ഗ്രാം സാന്ദീകൃത മുട്ടത്തീറ്റ കൈത്തീറ്റയായി നൽകുന്നതോടൊപ്പം തന്നെ മറ്റു ഭക്ഷണാവശിഷ്ടങ്ങളും കൂടി നൽകി അഴിച്ചു വിട്ടു വളർത്താം. വർഷത്തിൽ 180 മുട്ടകൾ വരെയാണ് ഇവയുടെ ശരാശരി ഉൽപാദനം
55 ഗ്രാമിൽ കൂടുതൽ ഭാരമുള്ള, തവിട്ടു നിറത്തിലുള്ള ഇവയുടെ മുട്ടയ്ക്ക് വിപണിയിൽ സ്വീകാര്യത ഏറെയാണ്. കൂടാതെ അഴിഞ്ഞു തീറ്റ തിന്നുന്ന ഇവയുടെ മുട്ടയുടെ ഉണ്ണി ഓറഞ്ചു നിറത്തിലായിരിക്കും. ബീറ്റ കരോട്ടിൻ കൂടുതലായി ലഭിക്കുന്ന ഇത്തരം മുട്ടയ്ക്ക് പോഷക ഗുണം കൂടുതലാണ്. ഇത്തരം മുട്ടകൾ പായ്‌ക്കറ്റിലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുന്ന സംരംഭങ്ങളും നിലവിലുണ്ട്. കൊത്തുമുട്ടകൾ ലഭിക്കാൻ പത്തു പിടയ്ക്ക് ഒരു പൂവൻ എന്ന അനുപാതത്തിലാണ് ഇവയെ വളർത്തേണ്ടത്. സങ്കരയിനമായതിനാൽ അടയിരിക്കാനുള്ള ശേഷി ഇവയ്ക്കില്ല. മുട്ട വിരിയിക്കാൻ നാടൻ കോഴികളോ, ഇൻക്യൂബേറ്റർ സംവിധാനമോ ആവശ്യമാണ്. നാലു മാസം കൊണ്ട് ഒന്നര കിലോയ്ക്ക് മുകളിൽ ഭാരമെത്തുന്ന പൂവൻ കോഴികളെ ഇറച്ചിക്കായി വിൽക്കാം. നാടൻ രീതിയിൽ തീറ്റ തേടി തിന്നു വളരുന്നത് കൊണ്ടും, നാടന്റെ തൂവലുകളും രൂപസാദൃശ്യം കൊണ്ടും വിപണിയിൽ ഇവയ്ക്ക് ഉയർന്ന വില ലഭിക്കുന്നുണ്ട്. അതിനാൽ ഹാച്ചറികളിൽനിന്നു പത്തു രൂപ നിരക്കിൽ ലഭിക്കുന്ന ഇവയുടെ പൂവൻ കുഞ്ഞുങ്ങളെ തദ്ദേശീയമായി ഇറച്ചിക്കോഴികളായി വളർത്തുന്നവരുണ്ട്. ഒന്നര വർഷത്തോളം മുട്ടയിട്ടു കഴിഞ്ഞ പിടക്കോഴികളെയും ഇറച്ചിക്കായി ഉപയോഗപ്പെടുത്താം. വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലുള്ള ഫാമിൽ നിന്നും സർക്കാരിന്റെ റീജണൽ പൗൾട്രി ഫാമുകൾ, അംഗീകൃത എഗ്ഗർ നഴ്‌സറികൾ എന്നിവിടങ്ങളിൽനിന്നും ഗ്രാമശ്രീ കോഴികളെ കർഷകർക്ക് ലഭിക്കുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഹൈഡ്രോപോണിക്സ്- തിരി നന കൃഷി രീതി