ഇറച്ചിക്ക് വേണ്ടി വളർത്തുന്ന പന്നി കുഞ്ഞുങ്ങൾക്ക് മൂന്നുമാസം പ്രായം വരെ സമീകൃത ആഹാരം നൽകുന്നതാണ് നല്ലത്. മൂന്നുമാസത്തിനുശേഷം ഭക്ഷണാവശിഷ്ടങ്ങൾ ( ഹോട്ടൽ അടുക്കള, കശാപ്പുശാലകൾ നിന്നുള്ള ഇറച്ചിക്കോഴിയുടെ വേസ്റ്റുകൾ) മുതലായവ നൽകാം. തൂവൽ ഒഴിവാക്കണം. വളരെപഴകിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കണം. ആവശ്യ മൂലകങ്ങളുടെ ന്യൂനത പരിഹരിക്കുവാൻ മിനറൽ മിക്സർ ഓരോ പന്നിക്കും 20 ഗ്രാം ദിവസേന നൽകണം. ചൂട് വെള്ളം ഭക്ഷണാവശിഷ്ടങ്ങൾ ക്ക് മുകളിൽ തളിക്കുന്നത് രോഗാണുക്കൾ നശിച്ചു പോകുവാൻ സഹായിക്കും. ഗോതമ്പ് തവിട് കൂടി ഉൾപ്പെടുത്തുന്നത് വളർച്ചനിരക്ക് ത്വരിതപ്പെടുത്തും. അനുയോജ്യമായ കാലാവസ്ഥയിൽ നന്നായി പരിചരിച്ച പന്നി കുഞ്ഞുങ്ങൾ ഒന്നരവർഷം പ്രായമാകുമ്പോഴേക്കും 120-150 കിലോഗ്രാം വരെ തൂക്കം ഉണ്ടാകും. ഈ പ്രായത്തിൽ വിൽക്കുന്നതാണ് ലാഭകരം.
പ്രജനനത്തിനു വേണ്ടി വളർത്തുന്ന പന്നികൾക്ക്
ഭക്ഷണത്തിൻറെ അവശിഷ്ടങ്ങൾ തീറ്റയായി നൽകരുത്. ഇവയ്ക്ക് സമീകൃത ആഹാരം നിശ്ചിത ( ദിവസേന ഏകദേശം 2.5- 3 കിലോഗ്രാം) തോതിൽ നൽകണം. അമിതമായ തീറ്റ നൽകിയാൽ പ്രജനനത്തിന് ദോഷകരമായി ബാധിക്കും. നല്ലയിനം പച്ചപ്പുല്ല് കുറച്ചു നൽകുന്നത് ദഹനം എളുപ്പമാക്കുന്ന അതോടൊപ്പം തന്നെ പ്രത്യുൽപ്പാദനം ത്വരിതപ്പെടുത്തുകയും ചെയ്യും.
പന്നിക്കു നൽകുന്ന ഹോട്ടൽ വേസ്റ്റ് പന്നിയുടെ പ്രായത്തിന് കണക്കനുസരിച്ച് താഴെ കൊടുക്കുന്നു.
- മൂന്നു മുതൽ നാലു മാസം വരെ രണ്ട് കിലോഗ്രാം ഹോട്ടൽ വേസ്റ്റ് നൽകാം.
- നാല് മുതൽ ആറ് മാസം വരെ നാലു കിലോഗ്രാം ഹോട്ടൽ വേസ്റ്റ് നൽകാം.
- ആറുമാസത്തിനു മുകളിൽ പ്രായമുള്ള പന്നികൾക്ക് ആവശ്യാനുസരണം നൽകാം.
പന്നികൾക്ക് ദിവസം ഒരു നേരം തീറ്റ നൽകിയാൽ മതിയാകും. വേനൽക്കാലത്ത് ഉച്ചകഴിഞ്ഞു നൽകുന്നതാണ് നല്ലത്.