തീറ്റയിലെ മായം തീറ്റ കേടുവന്നാലും മായം ചേർത്താലും കണ്ടുപിടിക്കുവാൻ ഒരു പരിധിവരെ കർഷകർക്കുതന്നെ സാധിക്കും. കാലിത്തീറ്റയിൽ ജലാംശത്തിന്റെ അളവു കൂടുതലാണെങ്കിൽ ചാക്കിനകത്തേക്ക് കൈകടത്തിയാൽ മഴക്കാലത്ത് തണുപ്പും വേനൽകാലത്ത് ചൂടും അനുഭവപ്പെടും.
ഇത് ആന്തരിക ഊഷ്മാവിനെക്കാളും കൂടുതലായിരിക്കും. നന്നായി ഉണങ്ങിയ തീറ്റയാണെങ്കിൽ ഇത്തരത്തിലുള്ള വ്യത്യാസമുണ്ടാകില്ല. തവിടിന്റെ ഗുണമേന്മയറിയാൻ ഒരു നുള്ള് അവിലെടുത്ത് വിരലുകൾ കൊണ്ട് തിരുമ്മി നോക്കുക. വളരെ കുട്ടിയായി തോന്നുകയാണെങ്കിൽ അതിൽ ഉമിയുടെ അളവ് കൂടുതലായിരിക്കും.
ഒരു പിടി തവിടെടുത്ത് കൈയിലമർത്തി പിടിക്കുക. നല്ല തവിടാണെങ്കിൽ കൈയുടെ വിരലടയാളം തവിടുകട്ടയിൽ പതിഞ്ഞതു കാണാം. കൂടാതെ എത്ര അമർത്തിയാലും കട്ടയാകാതെ പൊടിഞ്ഞാൽ അതിൽ ഉമി കടുതലാണെന്നും അനുമാനിക്കാം.
തീറ്റ രുചിച്ചു നോക്കിയും പഴക്കം പറയാൻ കഴിയും. പഴകിയ തീറ്റ രുചിച്ചു നോക്കിയാൽ എണ്ണ പഴകിയ മണമുണ്ടാകും. തീറ്റയിലടങ്ങിയ ഫാറ്റി അമ്ലങ്ങൾക്ക് കേടുവരുമ്പോഴാണിങ്ങനെ സംഭവിക്കുന്നത്. പല പിണ്ണാക്കുകളിലും മായം ചേർക്കാറുണ്ട്. കടലപ്പിണ്ണാക്കുകളിൽ റബർക്കുരുപ്പിണ്ണാക്ക്, ആവണക്കിൻ കുരുപ്പിണ്ണാക്ക്, തവിട് എന്നിവ ചേർക്കാറുണ്ട്.
രുചിച്ചും മണത്തും നോക്കിയാൽ ഇത് തിരിച്ചറിയാൻ കഴിയും. തീറ്റയിൽ ചേർക്കുന്ന മീൻപൊടി ഉപ്പു ചേർത്തതാണോയെന്ന് രുചിച്ചു നോക്കാം. മീൻപൊടിക്ക് അച്ചാറിനുണ്ടാക്കുന്ന ഉപ്പുണ്ടെങ്കിൽ അതിൽ 5 ശതമാനത്തിലധികം ഉപ്പുണ്ടെന്ന് അനുമാനിക്കാം. എന്നാൽ കറിക്കുണ്ടാക്കുന്ന ഉപ്പുരസമേയുള്ളൂവെങ്കിൽ അതിൽ 2-3 ശതമാനം ഉപ്പുമാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. ചില പിണ്ണാക്കുകളിൽ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ തീറ്റയിലടങ്ങിയിരിക്കുന്നു മണൽ, കല്ലുകൾ, ഉമി എന്നിവ കണ്ടുപിടിക്കാം.