പെണ്ണാടിനെ തിരഞ്ഞെടുക്കുമ്പോൾ
ഒരു പ്രസവത്തിൽ 2 - 3 കുട്ടികളുള്ള തള്ളയിൽ നിന്നും പെണ്ണാടിനെ തിരഞ്ഞെടുക്കണം
6 - 9 മാസത്തിൽ പ്രായപൂർത്തിയാകണം. ഈ കാലയളവിൽ ചുരുങ്ങിയത് 15 കിലോ ശരീരഭാരമുണ്ടാവുകയും ശരിയായ മദി ലക്ഷണങ്ങൾ കാണിക്കുകയും വേണം : തിരഞ്ഞെടുക്കുന്ന ആടിന്റെ തള്ളയുടെ പാലുല്പാദനശേഷിയ്ക്കും പരിഗണന നൽകണം. പാലുള്ള ആടുകളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. മുലക്കാമ്പുകൾ ഓരേ വലിപ്പത്തിലുള്ളതും കുറച്ച് മുന്നോട്ട് ചാഞ്ഞ് നിൽക്കേണ്ടതുമാണ്.
അകിടിൽ പാല് നിറഞ്ഞ് നിൽക്കുന്ന സമയത്ത് നല്ല വലിപ്പമുള്ളതും എന്നാൽ പാല് കറന്നെടുക്കുമ്പോൾ നന്നായി ചുരുങ്ങുന്നതും നല്ല അകിടുകളുടെ ലക്ഷണമാണ്. നല്ല ഉല്പാദനമുള്ള ആടുകളിൽ പാൽ ഞരമ്പുകൾ ഭംഗിയായി കാണാൻ കഴിയും. ആടിന്റെ പാലുല്പാദനത്തിന്റെ അളവ് ലഭിക്കാൻ തുടർച്ചയായ രണ്ടു നേരത്തെ കറവ പരിശോധിക്കുക. കുട്ടികൾ കുടിക്കുന്നതുൾപ്പെടെയാണ് ആടിന്റെ മൊത്തത്തിലുള്ള പാലുല്പാദനം.
മുട്ടനാടിനെ തിരഞ്ഞെടുക്കുമ്പോൾ
ഒരു ഫാമിൽ 20-25 പെണ്ണാടിനെ ഇണ ചേർക്കാൻ ഒരു മുട്ടനാട് മതിയാകും. ഇതിലൂടെ ഉണ്ടാകുന്ന ഓരോ കുട്ടിയുടേയും ജനിതകഘടനയുടെ പകുതി അവിടുത്തെ മുട്ടനാടിന്റേതായിരിക്കും. മുട്ടനാടിന് ഏതെ ങ്കിലും രീതിയിൽ വൈകല്യങ്ങളുണ്ടെങ്കിൽ അത് ജനിക്കുന്ന മുഴുവൻ കുട്ടികളെയും വരും തലമുറകളെയും ബാധിക്കാൻ സാധ്യതയുണ്ട്. താഴെ പറയുന്ന കാര്യങ്ങൾക്ക് പരിഗണന നൽകി വേണം മുട്ടനാടിനെ തിരഞ്ഞെടുക്കാൻ.
6 മാസത്തിൽ 18 കിലോഗ്രാമിൽ കുറയാതെ ഭാരമുള്ള മുട്ടൻ കുട്ടികളെ തിരഞ്ഞെടുക്കുക. ഇവ സാധാരണ 9 മുതൽ 12 മാസത്തിൽ പ്രായപൂർത്തിയാവുന്നതാണ് വീതിയേറിയ നെഞ്ച്, ഉയരമുള്ള നീണ്ട ശരീരം എന്നിവ നല്ല മുട്ടനാടിന്റെ പ്രത്യേകതയാണ് . 2-3 കുട്ടികളെ പ്രസവിക്കുന്ന തള്ളയിൽ നിന്നുള്ള ആട്ടിൻ കുട്ടിയെ തിരഞ്ഞെടുക്കുക
ജനുസ്സിന്റെ സവിശേഷതകളും ഗുണങ്ങളും പൂർണ്ണമായും ഉണ്ടാകണം
ഇണ ചേരാനുള്ള പ്രകടമായ താൽപര്യമുണ്ടാകേണ്ടതാണ്. വൃഷണ സഞ്ചിയിൽ വൃഷണങ്ങൾ ശരിയായ രീതിയിൽ ഇറങ്ങാതിരിക്കുന്നതുപോലെയുള്ള ജനിതക വൈകല്യങ്ങളുണ്ടാകാൻ പാടുള്ളതല്ല.