കപ്പയില/ റബ്ബറില
നാട്ടിൻപുറങ്ങളിൽ മരച്ചീനിയിലയും, റബ്ബറിലയും തിന്നാലുണ്ടാകുന്ന വിഷബാധ സാധാരണമാണ്. ഹൈഡ്രോസയനിക് ആസിഡാണ് വിഷപദാർത്ഥം. 100 ഗ്രാം മരച്ചീനിയിലകളിൽ 180 ഗ്രാം വിഷപദാർത്ഥമുണ്ട്. എന്നാൽ അത് ഉണങ്ങുമ്പോൾ 18 ഗ്രാമായി കുറയും. അതുകൊണ്ട് പച്ചമരച്ചീനിയില തിന്നുമ്പോഴാണു വിഷബാധയേൽക്കുന്നത്. അതിനു പുറമേ മഴയിൽ തഴച്ചുവളരുന്നതിലും , മുരടിച്ച ചെടിയിലും തളിരിലകളിലും വിഷാംശം കൂടുതലായിരിക്കും.
സ്ഥിരമായി മരച്ചീനിയില കൊടുക്കുന്ന പശുക്കൾക്കു വിഷബാധയുണ്ടാകാറില്ല. എന്നാൽ ശീലമില്ലാത്തവയ്ക്കും, ശീലമുള്ളവയ്ക്ക് അമിതഅളവിലും മരച്ചീനിയില കൊടുത്താൽ വിഷബാധയേൽക്കും. കപ്പയുടെ തൊലിയിലും വിഷപദാർത്ഥമുണ്ട്.
തീവ്രവിഷബാധയിൽ 10-15 മിനുട്ടുകൾക്കകം ലക്ഷണങ്ങൾ കാണിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. ശ്വാസതടസ്സം, വിറയൽ,വയർസ്തംഭം എന്നിവയാണു ലക്ഷണങ്ങൾ. തുടർന്നു തളർച്ച വർദ്ധിച്ചു മറിഞ്ഞുവീഴും. ക്രമേണ കണ്ണിലെ കൃഷ്ണമണി വികസിക്കുകയും താമസിയാതെ മരണപ്പെടുകയും ചെയ്യും. എന്നാൽ ചെറിയ തോതിലുള്ള വിഷബാധയിൽ മാന്ദ്യം, ഉദരകമ്പനം, ചെറിയ തോതിലുള്ള ശ്വാസതടസ്സം, വയറുവേദന എന്നീ ലക്ഷണങ്ങൾ കാണിക്കും. നടക്കുമ്പോൾ ചെറിയ തോതിലുള്ള ആട്ടവുമുണ്ടാകും.
പ്രാഥമിക ചികിത്സ
മരച്ചീനി റബ്ബർ ഇലകൾ തിന്നുവെന്നുറപ്പായാൽ 100 ഗ്രാം ഹൈപ്പോ(സോഡിയം തയോ സൾഫേറ്റ്) വെള്ളത്തിൽ കലക്കി കുടിപ്പിക്കാം.
പേരയില ഞെക്കി പിഴിഞ്ഞെടുത്ത സത്ത് കുടിപ്പിക്കുന്നതും ഗുണംചെയ്യാറുണ്ട്. താമസിയാതെ ഡോക്ടറുടെ സേവനം തേടണം.
പശു കിടന്ന് വയർസ്തംഭം വരികയാണെങ്കിൽ പശുവിനെ നിർത്താൻ ശ്രമിക്കണം. നിറുത്താൻ പറ്റാത്ത അവസരങ്ങളിൽ ചെരിഞ്ഞു കിടകാൻ അനുവദിക്കരുത്.