ആടു വളർത്താനിറങ്ങുന്നവർ ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത് ആടുകളെ വാങ്ങാനാണ്. ഏറ്റവും അധികം കബളിപ്പിക്കലുകൾ നടക്കുന്നതും ഈ മേഖലയിൽ തന്നെ. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ മാത്രം ഇവിടെ അക്കമിട്ടു നിരത്തുന്നു.
ആട്ടിൻകുട്ടികളുടെ വില്പനയാണ് പ്രധാന വരുമാനമാർഗ്ഗമായി ഉദ്ദേശിക്കുന്നതെങ്കിൽ മലബാറി ആടുകളെ മാത്രം തിരഞ്ഞെടുക്കുക. മാംസാവശ്യത്തിനുള്ള വില്പന കൂടി ഉദ്ദേശ്യമാണെങ്കിൽ മലബാറി പെണ്ണാടുകളെ ജമുനാപാരി മുട്ടനാടുകളുമായി ഇണ ചേർക്കുക. ഒന്നാം തലമുറയിലെ വളർച്ചാനിരക്കിൽ ഇവയെ വെല്ലാൻ മറ്റൊരിനമില്ല. മറ്റ് ഉത്തരേന്ത്യൻ ഇനങ്ങളെ വളർത്തുന്നതിന്റെ ലാഭം അവയുടെ ഒറ്റക്കുഞ്ഞുങ്ങളെ മോഹവിലയ്ക്കു വിപണനം ചെയ്യാൻ നിങ്ങൾക്കുള്ള കഴിവിനെക്കൂടി ആശ്രയിച്ചിരിക്കുന്നു.
ആട്ടിൻ കുട്ടികളെയാണ് വാങ്ങുന്നതെങ്കിൽ 3 മുതൽ 4 മാസംവരെ പ്രായമുള്ളവയിൽ ഏറ്റവും വളർച്ചാനിരക്കുള്ള പെണ്ണാട്ടിൻകുട്ടികളെ മാത്രം തിരഞ്ഞെടുക്കുക.
പെണ്ണാടുകളെയാണ് വാങ്ങുന്നതെങ്കിൽ 12 മുതൽ 14 മാസംവരെ പ്രായമുള്ള ആരോഗ്യമുള്ളവയെ മാത്രം തിരഞ്ഞെടുക്കുക. പിറകിലെ നട്ടെല്ലുകളുടെ വശങ്ങൾ കൊഴുത്ത് ഉരുണ്ടിരിക്കുക, വാലിന്റെ കടഭാഗം രണ്ടുവശവും നികന്നിരിക്കുക, ഇടുപ്പിലെ മാംസപേശികൾ മാംസളമായിരിക്കുക, വാല് താഴ്ന്നു കിടക്കാതിരിക്കുക എന്നിവയാണ് ആരോഗ്യത്തിന്റെ ബാഹ്യലക്ഷണങ്ങൾ.
കീഴ്ത്താടിയിലെ മുൻവശത്തെ പല്ലുകളിൽ നടുക്കുള്ള നാലെണ്ണം മാത്രം വലുതും മഞ്ഞനിറമുള്ളതും ആകുന്ന പ്രായംവരെയുള്ളവയെ വാങ്ങണം. ശരീരത്തിന്റെ പുറകുവശത്തൊഴികെ മറ്റു ഭാഗങ്ങളിൽ രോമം വളരെ നീണ്ടു വളർന്ന ആടുകളെ ഒഴിവാക്കണം.
ചന്തകളിൽ നിന്നോ ആടുഫാമുകളിൽ നിന്നോ മൊത്തമായി കുഞ്ഞുങ്ങളെ വാങ്ങുന്നത് ഒഴിവാക്കണം. നല്ല ഒരു മാതൃശേഖരമാണ് നമ്മുടെ സംരംഭത്തിന്റെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത് എന്ന കാര്യം മനസ്സിൽ വെച്ച്, ബുദ്ധിമുട്ടി അലഞ്ഞു നടക്കേണ്ടി വന്നാലും വീടുകളിലും നിരവധി ഫാമുകളിലും നേരിട്ടു പോയി നല്ലവയെ മാത്രം തിരഞ്ഞെടുക്കുക. വില അല്പം കൂടുതൽ കൊടുക്കേണ്ടി വന്നാലും സാരമില്ല.
രക്തബന്ധമുള്ള മുട്ടനാടുകളും പെണ്ണാടുകളും തമ്മിൽ ഇണ ചേർന്നുണ്ടാകുന്ന കുഞ്ഞുങ്ങൾ വളർച്ചാനിരക്കിലും രോഗപ്രതിരോധശക്തിയിലും മോശമായിരിക്കും. അതിനാൽ മുട്ടനാടുകളെ വെവ്വേറെ സ്ഥലങ്ങളിൽ നിന്നു മാത്രം തിരഞ്ഞെടുക്കുക.