ആടുകളുടെ ആരോഗ്യപരിപാലനത്തിൽ പ്രധാനമാണ് പ്രതിരോധ കുത്തിവെയ്പ്പുകൾ. ആടുകളിലെ പ്ലേഗ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമായ ആടുവസന്തക്കെതിരായ (പി.പി.ആർ.) പ്രതിരോധ കുത്തിവെയ്പ് ആടുകൾക്ക് നാലുമാസം പ്രായമെത്തുമ്പോൾ നൽകണം.
തുടർന്ന് വർഷം തോറും കുത്തിവെയ്പ്പ് ആവർത്തിക്കണം. മൃഗസംരക്ഷണവകുപ്പ് ഗോരക്ഷാപദ്ധതിയുടെ കീഴിൽ ഉൽപ്പാദിപ്പിച്ച് സംസ്ഥാനത്തുടനീളം മൃഗാശുപത്രികൾ വഴി സൗജന്യമായി പി.പി.ആർ. സെൽകൾച്ചർ വാക്‌സിൻ ലഭ്യമാക്കുന്നുണ്ട്. ആട്ടിൻ കുഞ്ഞുങ്ങളിൽ ടെറ്റനസ് വരുന്നത് തടയാൻ ഗർഭിണികളായ ആടുകൾക്ക് അവയുടെ അഞ്ച് മാസം നീളുന്ന ഗർഭകാലത്തിൻ്റെ മൂന്ന്, നാല് മാസങ്ങളിൽ ഓരോ ഡോസ് വീതം ടെറ്റനസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകണം.
കൃത്യമായി വാക്‌സിൻ നൽകിയ തള്ളയാടിൽ നിന്നും കന്നിപ്പാൽ വഴി കുഞ്ഞുങ്ങളിലേക്ക് പകരുന്ന ടെറ്റനസ് പ്രതിരോധശേഷി മൂന്ന് മാസം പ്രായമെത്തുന്നത് വരെ കുഞ്ഞുങ്ങളെ രോഗാണുവിൽ നിന്ന് സംരക്ഷിക്കും. അതിനാൽ പ്രതിരോധ കുത്തിവെയപ്പ് നൽകിയ തള്ളയാടുകളിൽ നിന്ന് ജനിക്കുന്ന ആട്ടിൻകുഞ്ഞുങ്ങൾക്ക് നാല് മാസം പ്രായമെത്തുമ്പോൾ മാത്രം അടുത്ത ടെറ്റനസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകിയാൽ മതി. ആദ്യ കുത്തിവെയ്പ്പെടുത്തതിന് നാലാഴ്‌ച കഴിഞ്ഞ് ബൂസ്റ്റർ വാക്സിൻ നൽകണം. മുതിർന്ന ആടുകൾക്ക് വർഷത്തിൽ ഒരിക്കൽ ബൂസ്റ്റർ കുത്തിവെയ്പ്പ് നൽകിയാൽ മതി. ടെറ്റനസ് രോഗം ആടുകളിൽ വ്യാപകമായി കാണുന്നതിനാലും രോഗം ബാധിച്ചാൽ രക്ഷപ്പെടാൻ സാധ്യത തീരെ കുറവായതിനാലുമാണ് ഇത്രയും മുൻകരുതൽ.