ദീർഘകാല നിർമിതികൾക്കാവട്ടെ കൂടിന്റെ ഓരോ ഭാഗത്തിനും വ്യത്യസ്തങ്ങളായ നിർമാണ സാമഗ്രികളാണ് ഉപയോഗിച്ചു വരുന്നത്. ആടു നിൽക്കുന്ന പ്രതലം തറയിൽ നിന്നും ഉയരത്തിൽ പണിയുന്നതിനാൽ ഇതിനായി ഉപയോഗിക്കുന്ന തൂണുകളിൽ ആട്ടിൻകാഷ്ഠം, മൂത്രം എന്നിവ വീഴാനോ കാലക്രമേണ അവ നശിച്ചു പോകാനും സാധ്യതയുണ്ട്. അതിനാൽ ഇത്തരം തൂണുകളുടെ നിർമാണം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. കല്ലുകളോ ഇഷ്ടികകളോ സിമന്റ് കട്ടകളോ ആണ് ഉപയോഗിക്കുന്നതെങ്കിൽ അവ പുറമേ പ്ലാസ്റ്റർ ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്.
കോൺക്രീറ്റ് തൂണുകളാണെങ്കിൽ പ്ലാസ്റ്റർ ചെയ്യാനുള്ള പണച്ചെലവ് ഒഴിവാക്കാം. ബലത്തിന്റെ കാര്യത്തിലും ഉറപ്പിന്റെ കാര്യത്തിലും മറ്റു നിർമിതികളേക്കാൾ മുമ്പിലാണ് കോൺക്രീറ്റ് തൂണുകൾ. സിമന്റ് പൈപ്പുകൾക്കുള്ളിലും പ്ലാസ്റ്റിക് പൈപ്പുകൾക്കുള്ളിലും കമ്പിയിട്ട് കോൺക്രീറ്റ് ചെയ്യുന്ന ഒരു രീതിയും ഇപ്പോൾ പ്രചാരത്തിലുണ്ട്. ബലത്തിനും ഉറപ്പിനും പുറമേ, പുറമേയുള്ള ഭംഗിയും കൂടുതലാണ് ഇത്തരം തൂണുകൾക്ക്. പ്ലാസ്റ്റിക് പൈപ്പുകളാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നതെങ്കിൽ തൂണുകളിൽ ഈർപ്പം പറ്റി വളരുന്ന പായലുകളെ പ്രതിരോധിക്കാനും ഇടയ്ക്കിടെ കഴുകി വൃത്തിയാക്കാനും എളുപ്പത്തിൽ സാധിക്കുന്നു. ഇരുമ്പു തൂണുകളാണ് ബലത്തിന്റെ കാര്യത്തിലും ഉപയോഗിക്കാനുള്ള എളുപ്പത്തിലും മുന്നിട്ടു നിൽക്കുന്നത്.
ദീർഘകാല നിർമിതികളിൽ ആടുകൾ നിൽക്കുന്ന പ്രതലം നിർമിക്കാൻ പ്ലാസ്റ്റിക് നിർമിത സ്ലാറ്റുകൾ ഉപയോഗിക്കുന്നതാണ് ഈ രംഗത്തെ ഏറ്റവും പുതിയ പ്രവണത. മരത്തെ അപേക്ഷിച്ച് ഇത്തരം സ്ലാറ്റുകൾക്കുള്ള ഗുണങ്ങൾ ഇനി പറയുന്നവയാണ്:
1. മരത്തിന്റെ പട്ടികകൾ മൂത്രവും മറ്റും ആഗിരണം ചെയ്യുന്നതിനാൽ കൂടുകളിൽ ഈർപ്പം നിലനിൽക്കുന്നതായി കാണുന്നു. പ്ലാസ്റ്റിക് നിർമിതിയിൽ ഇത്തരത്തിലുള്ള ഈർപ്പം നിലനിൽക്കുന്ന പ്രശ്നം ഒഴിവാകുന്നു.
2. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് തറയിൽ ഉപയോഗിക്കുന്ന സ്ലാറ്റുകൾ ചൂടുപിടിക്കുകയോ തണുത്തു പോകുകയോ ചെയ്യുന്നില്ല.
അവ കിടക്കുന്ന പ്രതലത്തിൽ ഒരു നിശ്ചിത താപനില എപ്പോഴും ഉണ്ടാകും
3. പ്ലാസ്റ്റിക് സ്ലാറ്റുകൾ കഴുകി വൃത്തിയാക്കാനാവുന്നു, അവയിൽ കഴുകിയ ശേഷമുള്ള നനവ് നിലനിൽക്കുന്നില്ല; പെട്ടെന്ന് ഉണങ്ങുന്നു.
4. പട്ടികകൾ ഉപയോഗിച്ചുള്ള നിർമിതിയെ അപേക്ഷിച്ച് സ്ലാറ്റുകൾ ഉപയോഗിച്ചുള്ള നിർമാണം താരതമ്യേന എളുപ്പമാണ്. ഇവ പരസ്പരം ഇന്റർ ലോക്കിങ് സംവിധാനത്തിലൂടെ ബന്ധിപ്പിക്കാനുമാകും.
5. സ്ലാറ്റുകളിൽ ഒരേ രീതിയിലുള്ള കണ്ണിയകലം നൽകിയതിനാൽ കാഷ്ഠവും മൂത്രവും കൂടുകളിൽ തങ്ങി നിൽക്കുന്നില്ല, കൂടാതെ താരതമ്യേന കൂടുതൽ വായുസഞ്ചാരം കൂടുകളിൽ ഉണ്ടാകുന്നതിനും സഹായകരമാണ്.
6. ദീർഘകാല നിലനില്പ് ഉറപ്പുതരുന്നവയാണ് ഗുണനിലവാരമുള്ള ഉല്പാദകരിൽ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് സ്ലാറ്റുകൾ. ഇവരിൽ പലരും ഗ്യാരണ്ടിയോടു കൂടിയാണ് ഇത്തരം ഉല്പന്നങ്ങൾ വിൽക്കുന്നത്.
7. പുനരുപയോഗ സാധ്യതയുള്ളതിനാലും പെട്ടെന്ന് കേടുവരാത്തതിനാലും നമ്മുടെ ഉപയോഗശേഷവും മറ്റൊരാൾക്ക് ഒരു നിശ്ചിത വില ഈടാക്കി കൈമാറ്റം ചെയ്യാൻ സാധിക്കുന്നു. അതുവഴി, ഈ സംരംഭം നിർത്തേണ്ടി വരുന്ന ഘട്ടത്തിൽ കൂടുകൾ ഉപേക്ഷിക്കുമ്പോ ഉണ്ടാകുന്ന സാമ്പത്തികനഷ്ടം പരമാവധി കുറയ്ക്കാനും സാധിക്കുന്നു.