വീട്ടുവളപ്പുകളിൽ വ്യാവസായിക കോഴിവളർത്തൽ സംവിധാനത്തിലെ രീതികൾ കൂടി സമന്വയിപ്പിച്ചു കൊണ്ട് മുട്ടയുൽപാദനം സാധ്യമാക്കുന്നതിനുള്ള മാർഗ്ഗമാണിത്. ഒരു കുടിൽ നാലോ അഞ്ചോ കോഴികളെ പാർപ്പിച്ച് തീറ്റയും വെള്ളവും കുട്ടിൽ തന്നെ നൽകുന്ന രീതിയാണിത്. അടുക്കളമുറ്റത്തെ കോഴി വളർത്തലിൽ നിന്ന് വ്യത്യസ്തമായി കുറച്ചു സ്ഥലത്തു തന്നെ കൃഷി ചെയ്യാം എന്ന മേന്മയുമുണ്ട്.
എന്നാൽ കൂട്ടിൽ തന്നെ തീറ്റ നൽകേണ്ടി വരുന്നതു കൊണ്ട് സമീകൃത തീറ്റ ഉൾപ്പെടുത്തേണ്ടി വരുമെന്നതിനാൽ അടുക്കള മുറ്റത്തെ കോഴിവളർത്തലിനേക്കാൾ ഈ രീതിക്ക് ചിലവേറും. ഒരു പരിധി വരെ അടുക്കള അവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും നൽകി ചെലവ് കുറക്കാൻ സാധിക്കും. ഈ രീതിയിൽ വീട്ടാവശ്യത്തിനുള്ള ഭക്ഷ്യ യോഗ്യമുട്ടകൾ മാത്രമെ ഉൽപ്പാദിപ്പിക്കേണ്ടതുള്ളൂ എന്നതിനാൽ പൂവൻ കോഴികളെ വളർത്തേണ്ടതില്ല.
കോഴിക്കുഞ്ഞുങ്ങളെ കൂടുകളിൽ വളർത്തുന്നത് അപ്രായോഗികമായതിനാൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും പ്രായമുള്ള കോഴികളെ മാത്രമേ ഈ രീതിയിൽ വളർത്താനാകൂ. അതു കൊണ്ട് തന്നെ കൃത്രിമ വെളിച്ചം നൽകേണ്ടതില്ല. കോഴികളുടെ കാഷ്ഠം ശേഖരിക്കുന്നതിനായി ഹാർഡ് ബോർഡുകളോ പ്ലാസ്റ്റിക് ട്രേകളോ ഒരുക്കേണ്ടതുണ്ട്. ദിവസവും കാഷ്ഠവും തീറ്റ-വെള്ള പാത്രങ്ങളും വൃത്തിയാക്കുകയും കൂട് മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷിക്കുകയും വേണം.
അഞ്ച് കോഴികൾക്ക് രണ്ടടി നീളവും ഒന്നേകാൽ അടി വീതിയും ഒന്നര അടി പൊക്കവും ഉള്ള കൂടുകളാണ് സാധാരണ ഗതിയിൽ നിർമ്മിക്കുന്നത്. കൂടുകളുടെ പുറത്ത് നീളത്തിൽ തീറ്റ -വെള്ളപ്പാത്രങ്ങൾ സജ്ജീകരിക്കേണ്ടതുണ്ട്. കുടിവെള്ളം മലിനമാകാതിരിക്കാൻ തീറ്റപ്പാത്രത്തിനു മുകളിലാണ് വെള്ളത്തിനുള്ള പാത്രം സജ്ജീകരിക്കുന്നത്. എന്നാൽ തീറ്റയിൽ വെള്ളം കലർന്ന് പൂപ്പൽ വിഷബാധ ഉണ്ടാകാവുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. ഒരു ദിവസം കുറഞ്ഞത് 50 ഗ്രാമെങ്കിലും സമീകൃത തീറ്റ നൽകിയാൽ മാത്രമേ ആവശ്യമായ തോതിലുള്ള ഉൽപ്പാദനം സാധ്യമാകുകയുള്ളൂ.
വീടിനു പുറത്ത് വെയ്ക്കുന്ന കൂടുകളിൽ നിന്നും മുട്ട കാക്കയും മറ്റു മൃഗങ്ങളും മോഷ്ടിച്ചു കൊണ്ടു പോയി നഷ്ടം വരാനുള്ള സാധ്യതകൾ ഈ സംവിധാനത്തിൽ ഉണ്ട്. ഭാരമുള്ള കുടുകൾ മാറ്റി വെയ്ക്കാൻ ബുദ്ധിമുട്ടാകുന്ന പക്ഷം ദുർഗന്ധം പരക്കുവാനും അത് ഉടമസ്ഥനും അയൽപക്കക്കാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുവാനും ഇടയാകാം. അതു പോലെ തന്നെ ചെലവേറിയ കൃഷിരീതിയായതിനാൽ ഉൽപ്പാദനക്ഷമതയുള്ള കോഴികളെ ഉപയോഗിച്ചില്ലെങ്കിൽ കോഴിവളർത്തൽ ലാഭകരമല്ലാതാകാനും സാധ്യതയുണ്ട്.