നമ്മുടെ ഇഷ്ടങ്ങളെ നമ്മുടെ പ്രവർത്തന മേഖലയുടെ ഭാഗമാക്കുകയും, അതിലൂടെ നല്ലൊരു വരുമാനം നേടുകയും ചെയ്താൽ അതാണ് ഏറ്റവും കൂടുതൽ മാനസിക സന്തോഷം പകരുന്ന കാര്യം. അത്തരത്തിൽ അലങ്കാര പക്ഷി വളർത്തൽ ഒരു ഹോബിയായി മാറ്റുകയും, അതിൻറെ വിപണന സാധ്യതകൾ മനസ്സിലാക്കി വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുകയും ചെയ്യുന്ന പലരും നമ്മുടെ ചുറ്റുപാടും ഉണ്ട്.
ചില പ്രത്യേക ഇനങ്ങളെ മാത്രം തെരഞ്ഞെടുത്ത് നമുക്ക് അലങ്കാര പക്ഷി വളർത്തൽ മേഖലയിലേക്ക് കടന്നു ചെല്ലാം. അലങ്കാര പക്ഷി വളർത്തലിൽ കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്ന ഇത്തിരിക്കുഞ്ഞൻമാരാണ് ജാവ കുരുവികൾ. ജാവ കുരുവികൾ എല്ലാംതന്നെ അവരുടേതായ സാമൂഹിക ചുറ്റുപാടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് കൂട് ഒരുങ്ങുമ്പോൾ പ്രത്യേകശ്രദ്ധ വേണ്ടതാണ്.
കൂട് ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
1. വലിയ കൂടുകളാണ് ജാവ കുരുവികൾക്കുവേണ്ടി തെരഞ്ഞെടുക്കേണ്ടത്. അതായത് രണ്ടടി നീളവും, രണ്ടടി പൊക്കവും, രണ്ടടി വീതിയുമുള്ള കൂടുകൾ. വലിയ കൂടുകൾ ഇവയുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
2. കൂടുകൾ ഒരുക്കുമ്പോൾ അതിൽ ചെറിയതരം സസ്യങ്ങൾ വെച്ചുപിടിപ്പിച്ചാൽ ചെറുതരം പ്രാണികൾ ഇതിലേക്ക് ആകർഷിക്കപ്പെടുകയും, ജാവ കുരുവികൾക്ക് ഭക്ഷണം ആകുകയും ചെയ്യുന്നു.
3. പ്രജനനത്തിനായി കൂട് ഒരുക്കുമ്പോൾ മൺകുടങ്ങൾ, ചിരട്ട എന്നിവ വിവിധ സ്ഥലങ്ങളിൽ ഘടിപ്പിക്കണം.
4. സ്വാഭാവിക കൂടൊരുക്കാൻ ജാവ കുരുവികൾക്ക് കഴിയുമെന്നതിനാൽ ചകിരിനാരുകൾ, ഓല കീറുകൾ, ഉണങ്ങിയ പുല്ല് തുടങ്ങിയവ കൂട്ടിനുള്ളിൽ നൽകുവാൻ നാം പ്രത്യേകം ശ്രദ്ധിക്കുക.
5. ചെറിയ നെറ്റുകൾ കൂടുകൾ ഒരുക്കുമ്പോൾ ഉപയോഗപ്പെടുത്തുന്നതാണ് ഉത്തമം.
6. എപ്പോഴും വൃത്തിയായി ഇരിക്കുവാൻ ഇഷ്ടപ്പെടുന്നവായാണ് ജാവ കുരുവികൾ. അതുകൊണ്ട് ഒരു ചെറിയ പരന്ന പാത്രത്തിൽ വെള്ളം സൂക്ഷിക്കാൻ മറക്കരുത്.
7. പ്രജനന സമയം കൂടുകളുടെ മുകൾഭാഗം മറക്കുവാൻ ശ്രദ്ധിക്കണം.
Java sparrows are one of the most popular ornamental bird breeds. Java sparrows who want to live in their own social environment.
ഭക്ഷണക്രമം
മുളപ്പിച്ച ഭക്ഷണങ്ങൾ ജാവ കുരുവികൾക്ക് എന്നും പ്രിയമാണ്. മുളപ്പിച്ച ഭക്ഷണങ്ങളോട് ഒപ്പം രോഗപ്രതിരോധശേഷി ഉയർത്തുന്ന തുളസി, പനിക്കൂർക്ക, മുരിങ്ങ തുടങ്ങിയ ഇലകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എല്ലാദിവസവും ശുദ്ധജലം നൽകുവാൻ മറക്കരുത്. ഇതുകൂടാതെ ക്യാരറ്റ് ബീറ്റ്റൂട്ട് തുടങ്ങിയവ ചെറുതായി അരിഞ്ഞതും, പുഴുങ്ങിയ മുട്ട പൊടിച്ചും ജാവ കുരുവികൾക്ക് നൽകാം. വിറ്റാമിൻ സപ്ലിമെന്റുകൾ വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകാം.
പ്രജനന സമയം
സാധാരണഗതിയിൽ 5 മാസം പ്രായമാകുമ്പോൾ ഇണചേരുന്ന സമയം ആകും. ഈ സമയങ്ങളിൽ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞരിക്കണം. ഒരു നിറത്തിലുള്ളവ ജോഡി തിരിച്ച് മറ്റൊരു കൂട്ടിലേക്ക് മാറ്റാവുന്നതാണ്.
പത്തുമാസമായവയെ ഇണ ചേർക്കുന്നതാണ് ക്വാളിറ്റി നിലനിർത്താൻ ഉത്തമം. 16 മുതൽ 22 ദിവസം വരെ മുട്ട വിരിയാനുള്ള കാലയളവ് ആയി കണക്കാക്കുന്നു. കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയതിന് ശേഷം സ്വന്തമായി തീറ്റ എടുക്കുന്ന ഘട്ടം മുതൽ മറ്റൊരു കൂട്ടിലേക്ക് ഇവയെ മാറ്റാവുന്നതാണ്.