നാടന്‍ കോഴിയേക്കാലും ബ്രോയിലര്‍ കോഴികളേക്കാലും രണ്ടിരട്ടി ലാഭം നേടാന്‍ കഴിയുന്ന സംരംഭമാണിത്. മധ്യപ്രദേശിലെ ഗോത്ര വര്‍ഗക്കാര്‍ വളര്‍ത്തിയിരുന്ന കറുപ്പ് നിറമുള്ള കാലിമാസി എന്ന കരിങ്കോഴി Kadaknath, also called Kali Masi ഇന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും വളര്‍ത്തിവരുന്നു. കടക്കനാത്ത് എന്ന പേരിലും കരിങ്കോഴികള്‍ അറിയപ്പെടുന്നു. മൂന്ന് ഇനങ്ങളാണ് കരിങ്കോഴിക്കുളളത്. പെന്‍സില്‍ഡ്, ഗോള്‍ഡന്‍, ജെറ്റ് ബ്ലാക്ക് എന്നിവയാണ് അവ.
കേരളത്തില്‍ ഏറ്റവുമധികം ആവശ്യക്കാരുളള ഇറച്ചിയും മുട്ടയും കോഴിയുടേതാണ്. ബ്രോയിലര്‍ കോഴികളാണ് സുലഭമെങ്കിലും ആവശ്യക്കാര്‍ കൂടുതല്‍ നാടന്‍ കോഴിയുടെ ഇറച്ചിക്കും മുട്ടയ്ക്കുമാണ്. എന്നാല്‍, അവയേക്കാലേറെ ആവശ്യക്കാരുണ്ട് കരിങ്കോഴികള്‍ക്ക്. ലഭ്യത കുറവായതിനാല്‍ തന്നെ പലപ്പോഴും നാടന്‍ കോഴികളെയും ബ്രോയിലര്‍ കോഴികളെയുമാണ് ആശ്രയിക്കാറ്. നാടന്‍ കോഴി, ബ്രോയിലര്‍ കോഴി എന്നിവയുടെ വില്‍പ്പനയേക്കാലും രണ്ടിരട്ടി ലാഭം നേടാന്‍ കഴിയുന്ന സംരംഭമാണിത്.
മുട്ടയ്ക്കും ഇറച്ചിക്കും ഏറെ ആവശ്യക്കാര്‍ ഉളള കരിങ്കോഴിക്ക് ഏറെ ഔഷധ മൂല്യമുണ്ട്. കരിങ്കോഴിയുടെ പോഷക മൂല്യവും ഔഷധ ഗുണവും ഏറെ വിപണി സാധ്യത തുറന്നിടുന്നു. കരിങ്കോഴിയുടെ ഒരു ദിവസം പ്രായമുള്ള കോഴി കുഞ്ഞിന് 45 രൂപ മുതല്‍ 65 രൂപ വരെ വില ലഭിക്കും. 1000 മുതല്‍ 1500 രൂപ വരെയാണ് പൂര്‍ണ വളര്‍ച്ച എത്തിയ ഒരു കരിങ്കോഴിയുടെ വില. ഒരു മുട്ടയ്ക്ക് 20 രൂപ മുതല്‍ 35 രൂപ വരെ വില ലഭിക്കും.
പരിപാലനം
പകൽ സമയങ്ങളിൽ കൂട്ടിൽ നിന്നു പുറത്ത് വിട്ടു വളർത്തുന്നതാണ് കൂടുതൽ നല്ലത്. സ്ഥലപരിമിധി ഉള്ളവർക്ക് ചെറിയ കൂടുകളിലും കരിങ്കോഴിയെ വളർത്താം. ഇതിനായി പ്രത്യേകം തയാറാക്കിയ കൂടുകളുണ്ട്. കമ്പി ഗ്രില്ലുകൾ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം. 60:50:35 സെന്റിമീറ്റർ വലുപ്പമുള്ള ഒരു കൂട്ടിൽ നാലു കോഴികളെ വരെ വളർത്താം. കൂട്ടിൽ തന്നെ തീറ്റക്കും വെളളത്തിനുമുള്ള സജ്ജീകരണങ്ങൾ ഒരുക്കണം. സ്വന്തമായി അടയിരിക്കാൻ മടിയുള്ളവയാണ് കരിങ്കോഴികൾ. ഇതിനാൽ മറ്റു കോഴികൾക്ക് അടവെച്ചുവേണം കുഞ്ഞുങ്ങളെ വിരിയിക്കാൻ. ഒരു മാസം 20 മുട്ടയോളം ലഭിക്കും. ഏകദേശം ആറു മാസം പ്രായമാകുമ്പോൾ മുട്ടയിടീൽ തുടങ്ങും. സാധാരണ കോഴികളെ പോലെ ധാന്യങ്ങളും ചെറുകീടങ്ങളുമാണ് പ്രധാന ആഹാരം. ഇതിനു പുറമെ നുറുക്കിയ അരിയോ ഗോതമ്പോ ചോളമോ നൽകാം. വീട്ടിൽ മിച്ചം വരുന്ന ഭക്ഷണസാധനങ്ങളും ഇവ കഴിക്കും.സാധാരണ മുട്ട കോഴിക്ക് നല്‍കുന്നത് പോലെ അരിയും ഗോതമ്പും കരിങ്കോഴികള്‍ക്ക് നല്‍കാം.
വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ കക്ക, സോയ, ഉപ്പ്, ചോളം, മീന്‍പൊടി എന്നിവ പൊടിച്ച് ചേര്‍ത്ത് നല്‍കുന്നത് മുട്ടയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആറാം മാസം മുതല്‍ മുട്ട ലഭിച്ച് തുടങ്ങും. 10 കോഴികളെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നവര്‍ ഒരു പൂവനും ഒമ്പത് പിടയും എന്ന നിരക്കിലാണ് വാങ്ങേണ്ടത്.
പോഷകവും ഔഷധഗുണവും
മറ്റ് കോഴി ഇറച്ചിയില്‍ 15-19 ശതമാനം പ്രോട്ടീനുളളപ്പോള്‍ കരിങ്കോഴികളിലിത് 25 ശതമാനമാണ്. 100 ഗ്രാം കരിങ്കോഴി ഇറച്ചിയില്‍ 184.75 മില്ലിഗ്രാമാണ് കൊളസ്ട്രോള്‍. മറ്റ് കോഴികളുടെ ഇറച്ചിയിലിത് 218 മുതല്‍ മുകളിലേക്കാണ്.
ഏത് കാലാവസ്ഥയിലും ഇണങ്ങി ജീവിക്കാന്‍ കഴിയുന്ന കരിങ്കോഴികള്‍ മികച്ച പ്രതിരോധ ശേഷി ഉളളവയാണ്. കാലുകളും തൂവലുകളും നാവും വരെ കറുത്ത നിറത്തിലുള്ള കരിങ്കോഴി ഇറച്ചി മനുഷ്യന്റെ എല്ലുകളുടെ ബലത്തിനും ഏറെ നല്ലതാണ്. കരിങ്കോഴിയുടെ മുട്ട സ്ഥിരമായി കഴിക്കുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പേശികള്‍ക്ക് കൂടുതല്‍ ബലം ലഭിക്കാന്‍ കരിങ്കോഴി ഇറച്ചി സഹായിക്കും. ചില ആയുര്‍വേദ മരുന്നുകളില്‍ ഇതിന്റെ മുട്ട ഉപയോഗിക്കുന്നുണ്ട്. ഇളം തവിട്ട് നിറമുള്ള മുട്ടയില്‍ കൊളസ്ട്രോളിന്റെ അളവ് നാടന്‍ കോഴികളെ അപേക്ഷിച്ച് കുറവാണ്. ഉയര്‍ന്ന തോതില്‍ മെലാനിന്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് മാംസത്തിനും ആന്തരിക അവയവങ്ങള്‍ക്കും കറുപ്പ് നിറമാണ്. പൂര്‍ണ വളര്‍ച്ചയെത്തിയ കരിങ്കോഴി പൂവന് ഒന്നര കിലോ മുതല്‍ രണ്ടര കിലോ വരെ തൂക്കമുണ്ടാകും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: BV380 ഇനം മുട്ടക്കോഴികളെ വളർത്താൻ ആഗ്രഹമുണ്ടോ?