വലിയ കരിമീനുകൾ കല്ലുമ്മക്കായ ഭക്ഷിക്കുന്നത് പ്രയോജനപ്പെടുത്തി കൂടു മൽസ്യകൃഷിയിൽ അകം വലകളിൽ വളർത്താൻ ഉദ്ദേശിക്കുന്ന മൽസ്യം നിക്ഷേപിക്കുന്നതിനൊടൊപ്പം അകം പുറ വലകളുടെ ഇടയിൽ 75 ഗ്രാം വലുപ്പമെങ്കിലുമുള്ള കരിമീനുകളെ നിക്ഷേപിക്കുകയും ഇവയ്ക്ക് പ്രത്യേകം തീറ്റ ഒന്നും നൽകാതിരിക്കുകയും ചെയ്താൽ വലകളിൽ പറ്റി പിടിക്കുന്ന കറുത്ത കല്ലുമ്മക്കായകളെ ഇവ ആക്രമിച്ച് ഭക്ഷണമാക്കുന്നതാണ്.
നാല് മീറ്റർ നീളവും നാല് മീറ്റർ വീതിയുമുള്ള ഒരു കൂട്ടിൽ 75 ഗ്രാം വലുപ്പമുള്ള - 50 കരിമീനുകളെയാണ് ഇതിനായി ഇടേണ്ടത്. ഇത് കൂടാതെ കൂടുകളുടെ വലകൾ, കൂടുകളുടെ പൊന്തുകൾ, ഇരുമ്പു കൊണ്ടുള്ള പുറം ചട്ട, കൂടാതെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന എല്ലാ ഭാഗങ്ങളും ആഴ്‌ചയിൽ ഒരു ദിവസം മുടങ്ങാതെ ചകിരി കൊണ്ടോ പ്ലാസ്റ്റിക്കു കൊണ്ടോ ഉള്ള ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുകയും കൂടുകൾ കൃത്യമായി പരിശോധിച്ച ശേഷം മാസത്തിൽ ഒരിക്കൽ കല്ലുമ്മക്കായ കൂടുതൽ കാണുന്ന കൂടുകളുടെ അകം വലകൾ മാറ്റുകയും ചെയ്‌താൽ ഇവ അമിതമായി പറ്റി പിടിച്ച് വളരുന്നത് ഒഴിവാക്കാവുന്നതാണ്.
കൂടുമൽ സ്യകൃഷിയിൽ വിളവെടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ വലകൾ അഴിച്ച് കരക്കു കയറ്റി വൃത്തിയാക്കിവെക്കുകയും അടുത്ത കൃഷിയിറക്കുന്ന ദിവസം മാത്രം വലകൾ കൂടുകളിൽ പിടിപ്പിക്കുകയും ചെയ്താൽ അനാവശ്യമായി വലകൾ വെള്ളത്തിൽ കിടന്ന് കറുത്ത കല്ലുമ്മക്കായ പറ്റിപിടിച്ചു വളരുന്ന സാഹചര്യം ഒഴിവാക്കാവുന്നതാണ്