Updated on: 12 June, 2020 1:01 PM IST

ആമുഖം

നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തിരഞ്ഞെടുത്ത് അവയെ ഉചിതമായ ജലാശയങ്ങളില്‍ വേണ്ടത്ര സംരക്ഷണം നല്‍കി വളര്‍ത്തി ആവശ്യാനുസരണം പിടിച്ചെടുക്കുന്നതിനെയാണ് മത്സ്യക്കൃഷി എന്നു പറയുന്നത്. ഉപ്പു കലരാത്ത ജലാശയങ്ങളില്‍ ചെയ്യുന്ന മത്സ്യക്കൃഷിയെ ശുദ്ധജലമത്സ്യക്കൃഷിയെന്നു പറയുന്നു.

Freshwater fish farming is a process of developing selected breeds of fish

ആഗോള മത്സ്യക്കൃഷി മേഖലയില്‍ ഏറ്റവും അധികം പ്രചാരത്തിലുള്ള കട്ല, രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ് എന്നിവയും, ചെമ്മീന്‍/കൊഞ്ച് ഇനങ്ങളില്‍ കാരച്ചെമ്മീനും ആറ്റുകൊഞ്ചും കേരളത്തില്‍ പ്രചാരമുള്ളവയാണ്. സാധാരണ കൃഷിയെ അപേക്ഷിച്ചും, കാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നിവയെ അപേക്ഷിച്ചും മത്സ്യക്കൃഷി വളരെ ആദായകരമാണ്

വളര്‍ത്തു മല്‍സ്യങ്ങള്‍

കൃഷിക്ക് തിരഞ്ഞെടുക്കുന്ന മല്‍സ്യങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ വളര്‍ന്നു വലുതാകാനും കഴിയുന്നത്രയധികം മാംസം ഉല്‍പ്പാദിപ്പിക്കാനും കഴിവുണ്ടായിരിക്കണം. ഇവ സസ്യഭുക്കുകളോ, പ്ലവകാഹാരികളോ, ചീത്ത ജൈവ വസ്തുക്കള്‍ ഭക്ഷിക്കുന്നവയോ ആയിരിക്കുന്നതാണ് അഭികാമ്യം. കുഞ്ഞുങ്ങളെ ആവശ്യാനുസരണം ലഭ്യമാക്കേണ്ടതുണ്ട്. കുളത്തില്‍ തന്നെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാംസമാക്കി മാറ്റാന്‍ കഴിവുള്ളവയായിരിക്കുന്നവയും, പൂരകാഹാരം സ്വീകരിക്കുന്നവയും, കൂടിയ ആഹാരപരിവര്‍ത്തനശേഷി കാണിയ്ക്കുന്നവയുമായിരിക്കണം. രോഗങ്ങള്‍ക്കെതിരെ പ്രതിരോധശക്തിയുള്ളതും, മുള്ളു കുറവായതും സര്‍വ്വോപരിപോഷക ഗുണമേറിയതുമായ മത്സ്യങ്ങളെയാണ് മത്സ്യക്കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്.

Fish selected for farming must have  good resistance power and feeding capacity

ഇന്‍ഡ്യന്‍ മേജര്‍ കാര്‍പ്പുകള്‍ (കട്ല, രോഹു, മൃഗാള്‍) കോമണ്‍ കാര്‍പ്പ് എന്നറിയപ്പെടുന്ന സൈപ്രിനസ്, ചൈനീസ് കാര്‍പ്പുകള്‍ (സില്‍വര്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്) എന്നീ മത്സ്യങ്ങളെയാണ് ശുദ്ധജലമത്സയക്കൃഷിയില്‍ സാധാരണ ഉള്‍പ്പെടുത്തുന്നത്.

കട്ല

ജന്തു പ്ളവകങ്ങളാണ് മുഖ്യമായ ആഹാരം. ഒരു വര്‍ഷം കൊണ്ട് 5 കിലോഗ്രാം വരെ വളരാനുള്ള കഴിവുണ്ട്.

രോഹു (ലേബിയോ രോഹിത)

ശൈശവദശയില്‍ ജന്തു പ്ലവകങ്ങള്‍ ഭക്ഷിക്കുമെങ്കിലും വലുതായ സൂക്ഷ്മ ജലസസ്യങ്ങളും ചീഞ്ഞ ജൈവപദാര്‍ത്ഥങ്ങളുമാണ് പഥ്യാഹാരം. പ്രധാനമായും ഇടത്തട്ടില്‍നിന്നും ആഹാരം തേടുന്നു. ഇവയ്ക്ക് ഒരു വര്‍ഷം കൊണ്ട് 3.50 കി.ഗ്രാം വരെ വളരാനുള്ള ശേഷിയുണ്ട്.

മൃഗാള്‍ (സിറൈനസ് മൃഗല)

മൃഗാള്‍ കുഞ്ഞുങ്ങള്‍ ക്രസ്റ്റ്യേ, റോട്ടിഫെറ തുടങ്ങിയ ജന്തു പ്ളവകങ്ങളെയാണ് ഭക്ഷിക്കുന്നത്. പക്ഷെ വളര്‍ച്ചയെത്തിയാല്‍ പ്രധാനമായും ചീഞ്ഞ സസ്യപദാര്‍ത്ഥങ്ങള്‍ ആസ് മുഖ്യാഹാരം. ആല്‍ഗകളേയും വലിയ ജലസസ്യങ്ങളെയും ഇവ തിന്നുന്നു. സാധാരണ ജലാശയത്തിന്‍റെ അടിത്തട്ടില്‍ നിന്നാണ് ഇവ ഇര തേടുന്നത്. 600 ഗ്രാം മുതല്‍ 3000 ഗ്രാം വരെ ഒരു വര്‍ഷം കൊണ്ട് വളരുന്നു.

ഗ്രാസ് കാര്‍പ്പ് (പുല്‍ മത്സ്യം) (ക്ടിനോഫാരിംഗോഡോണ്‍ ഇടെല്ല)

ഗ്രാസ് കാര്‍പ്പിന്‍റെ കുഞ്ഞുങ്ങള്‍ ജന്തു പ്ളവകങ്ങളെയാണ് ഭക്ഷിക്കുന്നതെങ്കിലും 17-18 മി.മീറ്റര്‍ വരെ നീളമെത്തിയാല്‍ വലിയ ജലസസ്യങ്ങളെ തിന്നു തുടങ്ങും. കുളത്തില്‍ കാണുന്ന ഹൈഡ്രില്ല, നാജാസ്, വാലിസ്നേറിയ, വുള്‍ഫിയ, ലെമ്ന, സ്പൈറോഡില തുടങ്ങിയ ജലസസ്യങ്ങളെ ആര്‍ത്തിയോടെ ഇവ തിന്നു തീര്‍ക്കുന്നു. അതുകൊണ്ട് മത്സ്യകുളത്തിലേയും മറ്റു ജലാശയങ്ങളിലേയും ജല സസ്യ നിവാരണത്തിന് ഏറ്റവും ഉത്തമമായ ജൈവമാര്‍ഗ്ഗമായി ഇതിനെ ഉപയോഗിച്ചുവരുന്നു. ഒരു വര്‍ഷം കൊണ്ട് 8 കി.ഗ്രാം വരെ തൂക്കം വെക്കാറുണ്ട്.

സില്‍വര്‍ കാര്‍പ്പ് (ഹൈപോഫ്താല്‍മിക്ത്തിസ് മോളിട്രിക്സ്)

സില്‍വര്‍ കാര്‍പ്പ് കുഞ്ഞുങ്ങള്‍ക്ക് ജന്തുപ്ലവകങ്ങളാണ് ആഹാരം. എന്നാല്‍ ശൈശവദശയിലുള്ളതും വളര്‍ച്ചയെത്തിയതുമായ മത്സ്യങ്ങള്‍, പ്രധാനമായും സൂക്ഷ്മസസ്യങ്ങളേയും റോട്ടിഫെറ, പ്രോട്ടോസോവ എന്നീ ജന്തുപ്ലവകങ്ങളെയും ഭക്ഷിക്കുന്നു. സമ്മിശ്ര മത്സ്യക്കൃഷിയില്‍ വര്‍ഷത്തില്‍ 1 മുതല്‍ 2.5 കി.ഗ്രാം വരെ വളരുന്ന ഇവയ്ക്ക് ഒരു വര്‍ഷം കൊണ്ട് 5.50 കി.ഗ്രാം ഭാരം വെക്കാനുള്ള ശേഷിയുണ്ട്.

സാധാരണ കാര്‍പ്പ് (കോമണ്‍ കാര്‍പ്പ്) (സൈപ്രിനസ് കാര്‍പിയോ)

ശൈശവദശയില്‍ ജന്തുപ്ലവകങ്ങളാണ് പഥ്യാഹാരം. ക്രസ്റ്റ്യേ, റോട്ടിഫെറ എന്നീ വര്‍ഗ്ഗത്തിലുള്ള പ്ലവകങ്ങളാണ് ഇഷ്ടാഹാരമാണ്. എന്നാല്‍ വളര്‍ച്ചയെത്തിയാല്‍ സര്‍വാഹാരിയാണ്.കാര്‍പ്പ് ജലാശയത്തിന്‍റെ അടിത്തട്ടില്‍ നിന്നുള്ള വിവിധയിനം ജലജന്തുക്കളെയും ചീയുന്ന സസ്യങ്ങളെയും ആഹാരമാക്കുന്നു. കുളത്തിന്‍റെ അടിത്തട്ടില്‍ വളരുന്ന ജലസസ്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും കോമണ്‍ കാര്‍പ്പ് ഒരു വലിയ പങ്കാണ് വഹിക്കുന്നത്. സര്‍വാഹാരിയായതുകൊണ്ട് സമ്മിശ്ര മത്സ്യക്കൃഷിയില്‍ വളര്‍ത്താന്‍ ഏറ്റവും യോജിച്ച മത്സ്യമാണ് സാധാരണ കാര്‍പ്പ്. കുറഞ്ഞ സാന്ദ്രതയില്‍ 3 മുതല്‍ 4 കി.ഗ്രാം വരെ വളരുമെങ്കിലും ഉയര്‍ന്ന നിക്ഷേപതോതുകളില്‍ 600 ഗ്രാം മുതല്‍ 1000 ഗ്രാം വരെയാണ് സാധാരണഗതിയില്‍ വളരാറുള്ളത്.

കൃഷിരീതികള്‍

വളര്‍ത്തുന്ന രീതിയുടെ അടിസ്ഥാനത്തില്‍ ഏകയിന മത്സ്യക്കൃഷി, സംയോജിത മത്സ്യക്കൃഷി, ഒഴുകുന്ന വെള്ളത്തിലെ മത്സ്യക്കൃഷി എന്നിങ്ങനെയും തരംതിരിക്കാവുന്നതാണ്.

Fish farming are of two types mono type fish farming and composite fish farming

ഏകയിന മത്സ്യക്കൃഷി

ഏതെങ്കിലും ഒരു പ്രത്യേക ഇനം മത്സ്യത്തെ തിരഞ്ഞെടുത്ത് നിശ്ചിത തോതില്‍ വളര്‍ത്തുന്നതിനാണ് ഏകയിന മത്സ്യക്കൃഷിയെന്നു പറയുന്നത്. കോമണ്‍ കാര്‍പ്പ്, വരാല്‍, മുഷി, കാരി, ചാനല്‍ക്യാറ്റ് ഫിഷ്, പംഗാസിയസ്, തിലാപ്പിയ, ചെമ്മീന്‍ ഇനങ്ങള്‍ ഇവയാണ് സാധാരണയായി ഇങ്ങനെ വളര്‍ത്താറുള്ളത്.

In mono type  only one type of fish is grown in a pond

സമ്മിശ്രമത്സ്യക്കൃഷി (പലയിനം മത്സ്യക്കൃഷി)

അനുയോജ്യമായ കൂടുതല്‍ ഇനങ്ങളെ ഒന്നിച്ചു വളര്‍ത്തിയാല്‍ ജലാശയത്തിലുള്ള ആഹാരപദാര്‍ത്ഥങ്ങളെ കൂടുതലായി ഉപയോഗപ്പെടുത്തി മത്സ്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നു. ഇങ്ങനെ പലയിനങ്ങളെ ഒന്നിച്ചു വളര്‍ത്തുന്നതിനെ സമ്മിശ്ര മത്സ്യക്കൃഷി എന്നു പറയുന്നു. തിരഞ്ഞെടുക്കുന്ന മത്സ്യങ്ങള്‍ തമ്മില്‍ തമ്മില്‍ പൊരുത്തപ്പെടുന്നവയും വിവിധ ആഹാരരീതികളുള്ളതും ആയിരിക്കണം. ഇങ്ങനെ മത്സ്യങ്ങളെ തിരഞ്ഞെടുക്കുന്നത് പ്രധാനമായും ജലാശയത്തിന്‍റെ മത്സ്യാഹാര വിഭവശേഷിയെ ആശ്രയിച്ചാണ്. ഇന്ന് മത്സ്യക്കൃഷിയില്‍ പ്രമുഖ സ്ഥാനം സമ്മിശ്രമത്സ്യക്കൃഷിക്കാണ്. പ്രധാനമായും കാര്‍പ്പ് മത്സ്യങ്ങളെയാണ് ഇതിനുപയോഗിക്കുന്നത്. കൂടാതെ മുഷി, കാരി, കറുപ്പ് എന്നിങ്ങനെ അന്തരീക്ഷവായു ശ്വസിക്കുന്ന മത്സ്യങ്ങളെയും പ്രത്യേക സാഹചര്യങ്ങളില്‍ ഇതിനുപയോഗിക്കുന്നുണ്ട്.

In composite fish farming various types of fish which can adjust each other and having a different feeding habit

നെല്‍പ്പാടങ്ങളിലെ മത്സ്യക്കൃഷി

നെല്‍പ്പാടങ്ങളില്‍ നെല്ലിനോടൊപ്പമോ, രണ്ടു കൃഷികള്‍ക്കിടയില്‍ ലഭിക്കുന്ന സമയത്തോ (കുറഞ്ഞത് 3-4 മാസമെങ്കിലും ഉണ്ടെങ്കില്‍) മത്സ്യം വളര്‍ത്തുന്നതു വഴി. കാര്‍പ്പുകള്‍, മുഷി, തിലാപ്പിയ ഇവയാണ് ഇതിനായി സാധാരണ ഉപയോഗിക്കുന്ന മത്സ്യങ്ങള്‍.

In paddy fields between the crop season fish is grown along with the crops

സംയോജിത മത്സ്യക്കൃഷി

കൃഷിയോടും മൃഗസംരക്ഷണത്തോടും ഒപ്പം മത്സ്യം വളര്‍ത്തുക. മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തുന്പോള്‍ ഗണ്യമായ തോതില്‍ ഉണ്ടാകുന്ന വിസര്‍ജ്ജ്യ വസ്തുക്കള്‍ മത്സ്യക്കുളങ്ങളില്‍ വളങ്ങളായി മാറ്റിയെടുക്കുകയും അതുമൂലം വളര്‍ത്തുമത്സ്യങ്ങളുടെ പത്ഥ്യാഹാരമായ ജീവപ്ലവകങ്ങളെ കൂടുതലായി ലഭ്യമാക്കി മത്സ്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇതിന്‍റെ കാതലായ ഭാഗം. കാര്‍പ്പു മത്സ്യങ്ങളാണ് സംയോജിത കൃഷിരീതിക്ക് പറ്റിയ മത്സ്യങ്ങള്‍.

In mixed fish farming cattle poultry and fish are are combined together

പഞ്ജരങ്ങളിലും വളപ്പുകളിലുമുള്ള മത്സ്യക്കൃഷി

നദികള്‍, കനാലുകള്‍, തോടുകള്‍ എന്നിങ്ങനെയുള്ള ഒഴുകുന്ന ജലശേഖരങ്ങളിലും വലിയ തടാകങ്ങളിലും മത്സ്യം വളര്‍ത്തുന്നതിനുള്ള സാദ്ധ്യതകള്‍ ഉണ്ട്. പ്രത്യേകം നിര്‍മ്മിക്കുന്ന പഞ്ജരങ്ങളിലും വളപ്പുകളിലുമാണ് ഇങ്ങനെ മത്സ്യം വളര്‍ത്തുന്നത്. മുള, അടയ്ക്കാമരം, നൈലോണ്‍വല എന്നിവയാണ് ഇങ്ങനെയുള്ള കൂടുകളും വളപ്പുകളും ഉണ്ടാക്കുന്നതിനുപയോഗിക്കുന്നത്. കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, പംഗാസിയസ്, വരാല്‍, മുഷി തുടങ്ങിയ മത്സ്യങ്ങളാണ് കൂടുകളില്‍ വളര്‍ത്തുന്നതിന് യോജിച്ച മത്സ്യങ്ങള്‍.

Cage farming is done in rivers, canal etc

മത്സ്യക്കുള നിര്‍മ്മാണം/ Construction of fish pond

സ്ഥലം തിരഞ്ഞെടുക്കുന്പോള്‍ ഏറ്റവും പ്രധാനമായി കണക്കിലെടുക്കേണ്ട സംഗതി വേണ്ടത്ര ജലം സുഗമമായി ലഭിക്കുമോയെന്നുള്ളതാണ്. കഴിയുന്നതും അരുവിക്ക് കുറച്ചകലെ വേണം കുളം നിര്‍മ്മിക്കുവാന്‍. കുളത്തിലെ ജലം ഉണക്കു കാലത്ത് അരുവിയിലേക്ക് അരിച്ചിറങ്ങാതിരിക്കാനും വെള്ളപ്പൊക്കമുള്ള സമയത്ത് കുളം മുങ്ങിപ്പോകാതിരിക്കാനു മൊക്കെ തക്കതായ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നത് ഉചിതമായിരിക്കും. എല്ലായ്പ്പോഴും കുളത്തില്‍ കുറഞ്ഞത് 4 അടി താഴ്ചയില്‍ ജലം ഉണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുളത്തിന്‍റെ വരന്പ് ചോര്‍ച്ചയില്ലാത്തതും ഉറപ്പും ഉള്ളതും എല്ലാ കാലാവസ്ഥയെയും അതിജീവിക്കുന്നതു കനത്ത മഴയില്‍ ഇടിഞ്ഞുവീഴാത്തതുമായിരി ക്കണം. കുളം നിര്‍മ്മിക്കുന്പാള്‍ കുഴിച്ചെടുക്കുന്ന മണ്ണുപയോഗിച്ച് വരന്പ് നിര്‍മ്മിക്കാം. പക്ഷെ വേണ്ടത്ര സാന്ദ്രതയില്ലാത്ത മണ്ണാണെങ്കില്‍ കളിമണ്ണ് ഉള്ളില്‍ നിറച്ച് വാട്ടര്‍ ടൈറ്റ് ആക്കേണ്ട താണ്. കുളത്തില്‍ ശേഖരിക്കാനുദ്ദേശിക്കുന്ന വെള്ളത്തിന്‍റെ ഏറ്റവും ഉയര്‍ന്നനിരപ്പിനേ ക്കാള്‍ 50-75 സെ.മീ ഉയരം വരന്പിനുണ്ടായിരിക്കും. വരന്പില്‍ വാഴ, തെങ്ങ് മുതലായവ വളര്‍ത്തുന്നത് ആദായകരമായിരിക്കുമെങ്കിലും കുളത്തിന്‍റെ കിഴക്കും പടിഞ്ഞാറും ഭാഗത്ത് ഇവ പാടില്ല. വെള്ളം തുറന്നു വിടാനുള്ള സൗകര്യമുള്ള കുളമാണ് മത്സ്യക്കൃഷിക്ക് ഏറ്റവും പറ്റിയത്. ചുറ്റും 50 സെ.മീ.ഉയരത്തില്‍ മണല്‍ത്തിട്ട പിടിപ്പിച്ച് പുരയിടത്തിലെ വെള്ളം കുളത്തിലേക്കിറങ്ങാതെ ആക്കുന്നത് നന്നായിരിക്കും.

During the construction of fish ponds precautions are to be taken to note that there is enough space for the required quantity of fish

കളസസ്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനം

കുളങ്ങളില്‍ കാണുന്ന കളസസ്യങ്ങളെ ആരുതരമായി തിരിക്കാം.

കുളക്കരയില്‍ വളരുന്നവ - ടൈഫ, ഐപോമിയ മുതലായവ

അടിത്തട്ടില്‍ വേരൂന്നി ജലോപരിതലത്തിലേക്ക് വളരുന്നവ - ആന്പലുകള്‍, താമര, പൊട്ടാമോഗെട്ടോണ്‍

മുങ്ങിക്കിടക്കുന്നവ - ഹൈഡ്രില്ല, നാജാസ് എന്നിവ

സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്നവ - കുളവാഴ, ആഫ്രിക്കന്‍ പായല്‍, പിസ്ടിയ മുതലായവ

മുടിപ്പായലുകള്‍ - സ്പൈറോഗൈറ, ഓറിഡോഗോണിയം എന്നിവ

സൂക്ഷ്മ സസ്യങ്ങള്‍ - വോള്‍വോക്സ്, മൈക്രോസിസ്റ്റിസ് തുടങ്ങിയവ

കളസസ്യങ്ങളുടെ നിര്‍മ്മാര്‍ജനം രണ്ടു ഘട്ടങ്ങളായി ആസൂത്രണം ചെയ്യേണ്ടതാണ്. ഒന്നാമത് നിലവിലുള്ള കളസസ്യങ്ങളെ നശിപ്പിക്കുക. രണ്ടാമത് വെടിപ്പാക്കിയ കുളത്തില്‍ കളസസ്യങ്ങള്‍ വീണ്ടും വളരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.

Unwanted weeds must be removed from the ponds

ജൈവികമാര്‍ഗ്ഗങ്ങള്‍

ജന്തുക്കളെയൊ ജലസസ്യളെയൊ ഉപയോഗിച്ചുള്ള കളനിയന്ത്രണമാണിത്. ഇന്നുപയോഗിക്കുന്ന ജൈവികമാര്‍ഗ്ഗത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗ്രാസ് കാര്‍പ്പിനെ ഉപയോഗിക്കുക എന്നതാണ്. സിര്‍ട്ടോബോഗസ് എന്ന വണ്ടിനെ 50-100 എണ്ണം ഒരു സ്ഥലത്തേക്ക് ഉപയോഗിച്ച് ആഫ്രിക്കന്‍ പായലിനെ (സാല്‍വീനിയ) നശിപ്പിക്കാം. സ്വതന്ത്രമായി പൊന്തിക്കിടക്കുന്ന ജലസസ്യങ്ങളെ ഉപയോഗിച്ച് മുങ്ങിക്കിടക്കുന്ന സസ്യങ്ങലെ നശിപ്പിക്കാന്‍ സാധിക്കും.

ഭൗതിക മാര്‍ഗ്ഗങ്ങള്‍

മനുഷ്യാദ്ധ്വാനം കൊണ്ടും യാന്ത്രിക കളവെട്ടികള്‍ കൊണ്ടും ജലസസ്യങ്ങളെ നിയന്ത്രിക്കുക എന്നതാണ് ഭൗതിക മാര്‍ഗ്ഗങ്ങളില്‍ പ്രധാനം. കുളത്തിന്‍റെ കരയില്‍ തഴച്ചുവളരുന്ന സസ്യങ്ങള്‍ വെട്ടിക്കളയുകയും അവയുടെ വേരുകള്‍ പിഴുതുകളയുകയും ചെയ്യുന്നത് നല്ലതാണ്. ഇരുന്പ് ചങ്ങലയോ മുള്ളുകന്പിച്ചുരുളുകളോ അടിത്തട്ടില്‍ കൂടി വലിച്ചാല്‍ കളസസ്യങ്ങള്‍ നശിക്കും. പൊന്തിക്കിടക്കുന്ന സസ്യങ്ങളെ കയറുവലകൊണ്ടോ നൈലോണ്‍ വല കൊണ്ടോ വലിച്ചു മാറ്റാവുന്നതാണ്.

ബുഭുക്ഷുക്കളായ മത്സ്യങ്ങളുടേയും കളമത്സ്യങ്ങളുടെയും നിര്‍മ്മാര്‍ജ്ജനം

കളമത്സ്യങ്ങള്‍ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് മത്സ്യക്കൃഷിക്ക് ലാഭകരമല്ലാത്ത ചെറിയ മീനുകളെയാണ്. പ്രധാന കളമത്സ്യങ്ങളില്‍ വെളിച്ചികള്‍, മീശപ്പറവകള്‍, കടുംകാളി മുതലായ മത്സ്യങ്ങളും ഉള്‍പ്പെടുന്നു.

ഭൗതികമാര്‍ഗ്ഗങ്ങള്‍

സാധാരണയായി ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണ് നിരന്തരം വല വലിച്ചു അനാവശ്യ മത്സ്യങ്ങളെ പിടിച്ച് മാറ്റുക എന്നത്. ചെറിയ കണ്ണികളുള്ള വലയുപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം മത്സ്യവിഷങ്ങള്‍

മത്സ്യവിഷത്തിനു പ്രധാനമായി താഴെ പറയുന്ന ഗുണങ്ങള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്.

Fish poison must have the following qualities

1) വളരെ കുറഞ്ഞ തോതില്‍ തന്നെ ഉദ്ദേശിച്ച മത്സ്യങ്ങളെ നശിപ്പിക്കുക.

2) വിഷം കലക്കിയ ജലം മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഹാനികരമായിരിക്കരുത്.

3) വിഷത്തിന്‍റെ ദൂഷ്യഫലം എത്രയും വേഗം ഇല്ലാതായിത്തീരുകയും , കുളത്തില്‍ ദീര്‍ഘകാല അനന്തര ദൂഷ്യഫലങ്ങള്‍ ഉണ്ടാകാതിരിക്കുകയും വേണം.

4)വിഷം എളുപ്പത്തില്‍ ലഭ്യമാകണം.

5)ചിലവ് കുറഞ്ഞതായിരിക്കണം.

സസ്യജന്യമായ വിഷങ്ങളുടെ ദോഷവശങ്ങള്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുന്നതുകൊണ്ട് ഇവ ഏറ്റവും ഉത്തമമാണ്. സാധാരണ ഗതിയില്‍ വറ്റിച്ച് ഉണക്കാന്‍ സാധിക്കാത്ത കുളങ്ങളിലാണ് മത്സ്യവിഷങ്ങള്‍ പ്രയോഗിക്കുക. എന്നിരുന്നാലും, ജലം കഴിവതും തുറന്നു വിടുകയോ വറ്റിക്കയോ ചെയ്തശേഷം വിഷം പ്രയോഗിക്കുന്ന തായിരിക്കും ഏറ്റവും നല്ലത്.

സസ്യജന്യ മത്സ്യവിഷങ്ങള്‍/ Plant borne fish poison

പ്രധാനമായിട്ടുള്ളത് മഹുവ പിണ്ണാക്ക് ആണ്. ലിറ്ററിന് 200 മുതല്‍ 250 മി.ഗ്രാം വരെ എന്ന തോതിലാണ് മഹുവ പിണ്ണാക്ക് ഉപയോഗിക്കേണ്ടത്. നന്നായി കുതിര്‍ന്നു കഴിയുന്പോള്‍ ശരിയായി വെള്ളത്തില്‍ കലക്കി കുളത്തിന്‍റെ എല്ലാ ഭാഗത്തും വീഴത്തക്കവണ്ണം വാരി വിതറുകയാണ് ചെയ്യേണ്ടത്. വിതറിയശേഷം ജലം ഒരു വലയുപയോഗിച്ച് കലക്കേണ്ടതാണ്. മൂന്നു മണിക്കൂറിനുള്ളില്‍ എല്ലാ മത്സ്യവും ചത്തൊടുങ്ങും. ഏകദേശം 15 ദിവസം കഴിയുന്പോള്‍ മത്സ്യക്കുളം വളര്‍ത്തുവാനുള്ള കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് സജ്ജമാകുകയും ചെയ്യും. മഹുവ പിണ്ണാക്ക് ഉപയോഗിക്കുന്നതിനുള്ള മറ്റൊരു ഗുണം തുടക്കത്തില്‍ വിഷമമാണെങ്കിലും ക്രമേണ ഇത് വളമായി മാറുകയും ജലത്തിന്‍റെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. അതുകൊണ്ട് മത്സ്യവിഷങ്ങളില്‍ ഏറ്റവും നല്ലത് മഹുവ പിണ്ണാക്കാണ്. മഹുവ പിണ്ണാക്കു കൂടാതെ ചായക്കുരു  പിണ്ണാക്ക് ലിറ്ററിന് 20 മി.ഗ്രാം എന്ന തോതില്‍ വളരെ ഫലവത്താണ്. നീര്‍വാളക്കുരു ഉണക്കി പൊടിച്ചത് ലിറ്ററിന് 3 മുതല്‍ 5 മി.ഗ്രാം എന്ന തോതിലും പുളിങ്കുരു (ഠമാമൃശിറൗ െശിറശരമ) ലിറ്ററിന് 5 മുതല്‍ 10 മി.ഗ്രാം എന്ന തോതിലും മല്‍സ്യവിഷമായി ഉപയോഗിക്കാം. മഹുവ പിണ്ണാക്കിന്‍റെ വിഷം 2-3 ആഴ്ചയോളവും മറ്റുള്ളവയുടേത് പരമാവധി 5 ദിവസത്തോളവും മാത്രമേ ജലത്തില്‍ നിലനില്‍ക്കുകയുള്ളു.

മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപണം/ Stocking of fish pond with baby seedlings

സമ്മിശ്ര മത്സ്യക്കൃഷിയുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം അനുയോജ്യമായ തോതില്‍ വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ലാഭകരമായി മത്സ്യക്കൃഷി നടത്തുകയെന്നതാണ്. ആഹാരരീതി, പരസ്പര മത്സരമില്ലായ്മ , വേഗത്തിലുള്ള വളര്‍ച്ചാനിരക്ക്, പൂരകാഹാരം സ്വീകരിക്കാനുള്ള കഴിവ്, കുഞ്ഞുങ്ങളുടെ ലഭ്യത, ഉപഭോക്താക്കളുടെ പ്രിയം മുതലായ പ്രധാനപ്പെട്ട പല മാനദണ്ഡങ്ങളും ഇത്തരുണത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. നിക്ഷേപ സമയവും നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വലിപ്പവും ആദായകരമായ മത്സ്യക്കൃഷിക്ക് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വേണ്ടത്ര വലിപ്പമെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചാല്‍ പല കാര്യങ്ങള്‍കൊണ്ട് അവ നശിച്ചുപോകാനിടയുണ്ട്. 50 മി.മീറ്റര്‍ വലിപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ വിടുവാന്‍ ശ്രമിക്കുന്നതാണ് നല്ലത്.

കുളത്തിന്‍റെ മേല്‍ത്തട്ടില്‍ ആഹരിക്കുന്ന മത്സ്യങ്ങള്‍ (കട്ല, സില്‍വര്‍ കാര്‍പ്പ്) 40 ശതമാനവും, ഇടത്തട്ടില്‍ കഴിയുന്നവ (രോഹു) 30 ശതമാനവും, അടിത്തട്ടില്‍ കഴിയുന്നവ (മൃഗാള്‍, കോമണ്‍ കാര്‍പ്പ്) 30 ശതമാനവും എന്ന തോതില്‍ നിക്ഷേപിക്കാം. സമ്മിശ്ര മത്സ്യക്കൃഷിക്കുപയോഗിക്കുന്ന കട്ല, സില്‍വര്‍ കാര്‍പ്പ്, രോഹു, ഗ്രാസ് കാര്‍പ്പ്, മൃഗാള്‍, കോമണ്‍ കാര്‍പ്പ് എന്നിവയെ 15:25:20:10:15:15 അനുപാതത്തില്‍ നിക്ഷേപിക്കേണ്ടതാണ്. ഒരു കുളത്തില്‍ നിക്ഷേപിക്കാവുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ തോത് കുളത്തിന്‍റെ ജൈവോല്‍പ്പാദനശേഷിയെ ആശ്രയിച്ചിരിക്കുന്നു. ജൈവോല്‍പ്പാദന നിലവാരമനുസരിച്ച് മത്സ്യക്കുളങ്ങളില്‍ ഹെക്ടറിന് 8000 മുതല്‍ 10000 വരെ മത്സ്യക്കുഞ്ഞുങ്ങളെ വിടാം. മത്സ്യവിഷങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ ഒരു ഹാപ്പയില്‍ കുറച്ചു മത്സ്യക്കുഞ്ഞുങ്ങളെ 24 മണിക്കൂര്‍ നേരം കുളത്തില്‍ കെട്ടിയിട്ടി നിരീക്ഷിച്ച് വെള്ളം ഹാനികരമല്ലായെന്നുറപ്പു വരുത്തിയതിനു ശേഷം മാത്രമേ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാവൂ. കൂടാതെ കുഞ്ഞുങ്ങളെ വിടുന്നത്

തണുപ്പുള്ള അന്തരീക്ഷത്തിലായിരിക്കണം. ജലത്തിന്‍റെ താപവും വെള്ളത്തിന്‍റെ ഭൗതികഗുണങ്ങളിലുള്ള വ്യത്യാസവും മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങുന്നതിന് കാരണമായിത്തീരാറുണ്ട്. ഇത് ഒഴിവാക്കുവാനായി കുഞ്ഞുങ്ങള്‍ അടങ്ങുന്ന വെള്ളം നിറച്ച പാത്രമോ പ്ലാസ്റ്റിക് ബാഗോ കുളത്തില്‍ താഴ്ത്തി വെച്ച് മത്സ്യങ്ങളെ സാവധാനം വെള്ളത്തിലേക്ക് നീന്തിപ്പോകുവാന്‍ അനുവദിക്കേണ്ടതാണ്.

പൂരകാഹാരം

കൃത്രിമാഹാരം മത്സ്യത്തിനു ഭക്ഷണമാകുന്നതിനു പുറമെ നേരിട്ടോ പരോക്ഷമായിട്ടോ കുളത്തിന്‍റെ പൊതുവെയുള്ള ജൈവോല്‍പ്പാദനശേഷിയും കൂട്ടുന്നു. കൃത്രിമാഹാരം തിരഞ്ഞെടുക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. ഒന്നാമതായി അത് മത്സ്യങ്ങള്‍ക്ക് സ്വീകാര്യമായിരിക്കണം. രണ്ടാമാതായി എളുപ്പം ദഹിക്കുന്നതും കുറഞ്ഞ തീറ്റ പരിവര്‍ത്തന അനുപാതം (എഇഞ) ഉള്ളതുമായിരിക്കണം. കൂടാതെ ചിലവു കുറഞ്ഞതും ആവശ്യാനുസരണം ലഭിക്കുന്നതുമായിരിക്കണം.

സസ്യജന്യവും ജന്തുജന്യവുമായ കൃത്രിമാഹാരങ്ങളാണ് സാധാരണ മത്സ്യക്കൃഷിക്ക് ഉപയോഗിച്ചുവരുന്നത്. പുല്ല്, കിഴങ്ങുകള്‍, വേരുകള്‍, അന്നജം, പിണ്ണാക്ക്, തവിട് (നെല്ല്, ഗോതന്പ്, സോയാബീന്‍) തുടങ്ങിയ സസ്യദത്തമായതും, പട്ടുനൂല്‍പ്പുഴു, ശുദ്ധജല ലവണജല മത്സ്യങ്ങള്‍, ഫിഷ്മീല്‍, മുട്ട, കൊഞ്ച്, ഞണ്ട്, അറവുശാലയിലെ അവശിഷ്ടങ്ങള്‍, കക്കയിറച്ചി, ഒച്ച് മുതലായ ജന്തുദത്തമായ ആഹാരങ്ങളും കൃത്രിമാഹാരത്തിന്‍റെ നീണ്ട പട്ടികയില്‍ ഉള്‍പ്പെടുന്നു. സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ, കുതിര്‍ത്തോ, ഉണക്കിയോ, പാകംചെയ്തോ ആണ് നല്‍കി വരുന്നത്. പിണ്ണാക്ക്, തവിട് മുതലായവ വളരെ നേരം കുതിര്‍ത്തിട്ടുവേണം മത്സ്യക്കുളത്തില്‍ വിതരണം ചെയ്യുവാന്‍. ഇന്ത്യയില്‍ സാധാരണഗതിയില്‍ തവിടും (അരി, ഗോതന്പ്) പിണ്ണാക്കും (കപ്പലണ്ടി, കടല) 1:1 എന്ന അനുപാതത്തില്‍ കൊടുത്തുവരുന്നു. കുളത്തില്‍ നിക്ഷേപിച്ചിട്ടുള്ള മത്സ്യങ്ങളുടെ തൂക്കത്തിന്‍റെ ഒന്നുമുതല്‍ രണ്ട് ശതമാനം വരെയാണ് കൃത്രിമാഹാരമായി നല്‍കുക.

കൃത്രിമാഹാരം നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതികള്‍ താഴെ പറയുന്നു/ Precautions to be taken while giving artificial food

(1) കൊടുക്കുന്ന ആഹാരം അടുത്ത വിതരണത്തിന് മുന്പു തന്നെ ആഹരിച്ചിരിക്കണം.

(2) കൃത്രിമാഹാരം രാവിലത്തെ സമയം വിതരണം ചെയ്യുക

(3) ആഹാരം ജലോപരിതലത്തില്‍ വിതരാതെ നിശ്ചിത സ്ഥലങ്ങളില്‍ കഴിവതും ഒരു പരന്ന പാത്രത്തില്‍ നിക്ഷേപിക്കുകയായിരിക്കും ഉത്തമം.

(4) ശുചിയായ സ്ഥലങ്ങളായിരിക്കണം ആഹാരം നല്‍കാന്‍ തിരഞ്ഞെടുക്കേണ്ടത്. ആഹാരപദാര്‍ത്ഥം ചീയുന്നതൊഴിവാക്കാന്‍ വിതരണസ്ഥലം നിശ്ചിത ഇടവേളകളിട്ട് മാറ്റുന്നത് നന്നായിരിക്കും.

(5) ഒരു കൃത്രിമാഹാരം പെട്ടെന്ന് നല്‍കിവരുന്നത് നിര്‍ത്തി മറ്റൊന്ന് കൊടുക്കുന്നത് അഭികാമ്യമല്ല. ഒരു കിലോഗ്രാം മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് 20 ഗ്രാം തീറ്റ (10 ഗ്രാം പിണ്ണാക്കും 10 ഗ്രാം തവിടും) പ്രതിദിനം കൊടുക്കണം. 6 മാസത്തിനുശേഷം തീറ്റയുടെ തോത് 15 ശതമാനമാക്കി കുറക്കുകയും 9 മാസത്തിനുശേഷം ഒരു ശതമാനമായി കുറക്കുകയും ചെയ്യാം.

വിളവെടുപ്പ്

മത്സ്യത്തിന്‍റെ വളര്‍ച്ചയെ പ്രധാനമായും മൂന്നു ഘട്ടങ്ങളായി തിരിക്കാം. ഇതില്‍ ആദ്യത്തേയും അവസാനത്തേയും ഘട്ടങ്ങളിലെ വളര്‍ച്ചാനിരക്ക് വളരെ കുറവായിരിക്കും. അതേ സമയം മധ്യഘട്ടത്തിനെ വളര്‍ച്ച ധൃതഗതിയിലാകും. പല കാര്യങ്ങളും വിളവെടുപ്പ് നടത്തുന്പോള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. വളര്‍ത്തു മത്സ്യങ്ങള്‍ വിപണിയില്‍ നല്ല വില ലഭിക്കുവാന്‍ ഉചിതമായ വളര്‍ച്ചയെത്തിയിട്ടുണേ്ടാ എന്ന് വിളവെടുക്കുന്നതിനുമുന്പു തന്നെ പരിശോധിക്കേണ്ടതാണ്. വീശു വല ഉപയോഗിച്ച് കുറച്ച് മത്സ്യങ്ങളെ കുളത്തില്‍ നിന്നും പിടിച്ച് തൂക്കമെടുക്കുന്നതായിരിക്കും നല്ലത്. ചില വിശേഷ ദിവസങ്ങള്‍ക്ക് അടുപ്പിച്ച് മത്സ്യത്തിന്‍റെ ഉപയോഗവും അതനുസരിച്ച് വിലയും വര്‍ദ്ധിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. ശുദ്ധജലത്തില്‍ മീന്‍ പിടിക്കുന്നതില്‍ പരിചയമുള്ള വലക്കാരെ ഏര്‍പ്പാടു ചെയ്യുകയാണ് അടുത്ത നടപടി. സാധാരണയായി ഹെക്ടര്‍ ഒന്നിന് പ്രതിവര്‍ഷം 2000 മുതല്‍ 2500 കി.ഗ്രാം മത്സ്യം വരെ ലഭിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

മത്സ്യരോഗങ്ങള്‍

മത്സ്യകൃഷി വ്യവസായത്തിലുണ്ടായ ഭീമമായ നഷ്ടത്തിനു കാരണമായ മത്സ്യരോഗങ്ങള്‍ ഇന്ന് പരക്കെ ഉല്‍ക്കണ്ഠ ഉളവാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ ജലാശയങ്ങളിലും കൃഷിപാടങ്ങളിലും മത്സ്യരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഗുരുതരമായ രീതിയിലുള്ള മിക്ക മത്സ്യരോഗങ്ങളും പ്രത്യക്ഷപ്പെടാറുള്ളത് ഊര്‍ജ്ജിതരീതിയിലുള്ള കൃഷി നടത്തുന്ന ഫാമുകളിലാണ്.

വൈറസ്, ബാക്ടീരിയ, പൂപ്പല്‍, ഏകകോശജീവികള്‍, വിരകള്‍ തുടങ്ങിയ ജീവികള്‍ മൂലമാണ് സാധാരണയായി മത്സ്യരോഗങ്ങള്‍ ഉണ്ടാകുന്നത്. സൂഷ്മരോഗാണുക്കളായ വൈറസ്, ബാക്ടീരിയ, പൂപ്പല്‍ എന്നിവയാണ് മത്സ്യസന്പത്തിന് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്നത്.

രോഗങ്ങളും രോഗലക്ഷണങ്ങളും/ Diseases and symptoms of  fish diseases

  1. വൈറസ് രോഗങ്ങള്‍

പ്രത്യേക രീതിയിലുള്ള സഞ്ചാര സ്വഭാവം

ആഹാരം കഴിക്കാതിരിക്കുക

തൊലിപ്പുറത്ത് വൃണങ്ങള്‍, മുഴകള്‍ മുതലായവ കാണപ്പെടുന്നു

  1. ബാക്ടീരിയ രോഗങ്ങള്‍

അസാധാരണ നിറവ്യത്യാസം, വൃണങ്ങള്‍

മന്ദഗതിയിലുള്ള സഞ്ചാരം

ചര്‍മ്മ (തൊലി) വൈകൃതം, കുരുക്കള്‍

വിളറിയ (വെളുത്ത) ചെകിളകള്‍

ചിറകുകള്‍ ജീര്‍ണ്ണിച്ചുപൊടിയുക

വെള്ളത്തിനു മുകള്‍പരപ്പില്‍ക്കൂടി സഞ്ചരിക്കുക മുതലായവ

  1. പൂപ്പല്‍ രോഗങ്ങള്‍

ശരീരത്തില്‍ പൂപ്പല്‍ വളരുക

ചെറിയ പഞ്ഞിരോമങ്ങള്‍ കൂട്ടമായി വളരുക

മയക്കം, അസാധാരണമായ സഞ്ചാരസ്വഭാവം, ചുവന്ന പാടുകള്‍, തൊലി വികൃതമാകുക, വാലിന്‍റെ അറ്റം പൊടിഞ്ഞുപോകുക മുതലായവ.

രോഗകാരണങ്ങള്‍

ഹാച്ചറികളിലും വളര്‍ത്തു കുളങ്ങളിലും രോഗങ്ങള്‍ കടന്നുകൂടുന്നത് പലകാരണങ്ങള്‍ കൊണ്ടാണ്.

ശരിയായ വളര്‍ച്ചക്ക് അനുയോജ്യമായ പരിസ്ഥിതി ഘടകങ്ങള്‍ അമിതമാകുന്നതുമൂലമോ, നിലവിലുള്ള പരിസ്ഥിതിയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം മൂലമോ, വളര്‍ത്തു ജീവികള്‍ (മത്സ്യമോ, ചെമ്മീനോ) കുളങ്ങളില്‍ എണ്ണത്തില്‍ കൂടുതല്‍ ആകുന്നതുകൊണ്ടോ ഉണ്ടാകുന്ന സമ്മര്‍ദ്ദം.

പണിസ്ഥലങ്ങളില്‍നിന്നും വീടുകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന രാസ/ ജൈവ മാലിന്യങ്ങള്‍ മൂലമൂണ്ടാകുന്ന രോഗങ്ങള്‍

പോഷകാഹാരക്കുറവുകൊണ്ടുണ്ടാകുന്ന ന്യൂനതകള്‍

കെട്ടുകളിലേയും കുളങ്ങളിലേയും പരിസ്ഥിതി മോശമാകുന്നതു മൂലമൂണ്ടാകുന്ന രോഗബാധ

രോഗനിയന്ത്രണം

രോഗം വന്നാല്‍ ചികത്സിക്കുന്നതിനുമുപരി രോഗനിവാരണമാണ് അത്യാവശ്യം

പരിസ്ഥിതിയെ ശരിയായി നിയന്ത്രിച്ചാല്‍ മത്സ്യകൃഷി രംഗത്ത് രോഗങ്ങളെ ഒരു പരിധിവരെ തടയാവുന്നതാണ്

മത്സ്യങ്ങളുടേയും ചെമ്മീനുകളുടേയും രോഗനിയന്ത്രണത്തിനുവേണ്ടി ആന്‍റിബയോട്ടിക്സ്, പ്രോബയോട്ടിക്സ് എന്നീ മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്

മത്സ്യങ്ങളിലും ചെമ്മീനുകളിലും കാണപ്പെടുന്ന വിബ്രിയോസിസ് രോഗങ്ങള്‍ വാക്സനേഷന്‍ മുഖേന നിയന്ത്രിക്കാവുന്നതാണ്

രോഗലക്ഷണങ്ങള്‍ കാണുന്ന കുളങ്ങളിലെ ജലമോ മറ്റുപകരണമോ മറ്റുകുളങ്ങളില്‍ ഉപയോഗിക്കരുത്

കുളങ്ങളില്‍ രോഗബാധ കണ്ടാലുടന്‍ അവ വറ്റിച്ച് ബ്ലീച്ചിംഗ് പൗഡര്‍ ഇട്ട് വെയിലത്ത് ഉണക്കേണ്ടതാണ്

കൃഷിസ്ഥലത്തെ രോഗനിവാരണം

ഹാച്ചറി സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം തൊഴില്‍ ശാലകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ കലരാത്തതും ചെളിയോ അഴുക്കോ ഇല്ലാത്തതുമായ ശുദ്ധമായ കടല്‍ വെള്ളം ലഭിക്കുന്ന കടല്‍ തീരത്തായിരിക്കണം

എപ്പോഴും ആവശ്യാനുസരണം ശുദ്ധജലം ലഭിക്കുന്ന സ്ഥലമായിരിക്കണം

വെള്ളം പന്പ് ചെയ്യുന്നത് കഴിയുന്നതും പാറയോ മണലോ ഉള്ള സ്ഥലത്തുനിന്ന് മാത്രമായിരിക്കണം

ഈച്ച തുടങ്ങിയ കീടങ്ങള്‍, എലികള്‍ എന്നിവ പ്രവേശിക്കാത്ത വിധത്തില്‍ വൃത്തിയായി സൂക്ഷിക്കണം

പരിസ്ഥിതിയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനം, ജീവികള്‍ക്ക് സമ്മര്‍ദ്ദം ഏല്‍പിക്കാതിരിക്കാന്‍ എല്ലാവിധ മുന്‍കരുതലുകളും എടുത്തിരിക്കണം

ഹാച്ചറിയിലെ ടാങ്കുകള്‍, അരിപ്പകള്‍ എന്നിവ ശരിയായ രീതിയില്‍ ശുചീകരിക്കുവാനുള്ള വ്യവസ്ഥകള്‍ ആസൂത്രണം ചെയ്യുകയും അവ കൃത്യമായി നടപ്പിലാക്കുകയും ചെയ്യണം

ശ്രദ്ധിക്കേണ്ട മറ്റു പ്രധാന കാര്യങ്ങള്‍

ഹാച്ചറിയില്‍ ഉപയോഗിക്കുന്ന തള്ള ചെമ്മീന്‍ രോഗമില്ലാത്തതും നല്ല ആരോഗ്യമുള്ളതും ചുറുചുറുക്കുള്ളതുമായിരിക്കണം

പ്രാദേശകിമായി ലഭിക്കുന്ന ചെമ്മീനിനെ വേണം മുട്ട ഇടീക്കാനായി ഉപയോഗിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് സ്പോണറേയോ, കുഞ്ഞുങ്ങളേയോ കൊണ്ടുവന്ന് ഉപയോഗിക്കാതിരിക്കുക

വളര്‍ത്തു ടാങ്കുകളില്‍ ശരിയായ രീതിയില്‍ വെള്ളം മാറ്റിക്കൊണ്ടിരിക്കണം

തിങ്ങി കൂടല്‍ ഒഴിവാക്കാന്‍ വളര്‍ത്തു കുളങ്ങളില്‍ ശേഖരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ക്രമീകരിക്കുക

ശരിയായ അളവില്‍ തീറ്റനല്‍കുകയാണെങ്കില്‍ അവയുടെ അവശിഷ്ടം മൂലം വെള്ളം മലിനപ്പെടുന്നത് തടയാവുന്നതാണ്

ഹാച്ചറികളില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്പോള്‍ വെള്ളത്തിലെ താപം, ഉപ്പിന്‍റെ സാന്ദ്രത, ക്ഷാര അമ്ല നിലവാരം, പ്രാണ വായു, അമോണിയ എന്നിവയുടെ അളവ് ക്രമമായും തുടര്‍ച്ചയായും നിരീക്ഷിക്കേണ്ടതും ഇവയില്‍ വ്യതിയാനങ്ങള്‍ വരാതെ ശ്രദ്ധിക്കേണ്ടതുമാണ്

ഹാച്ചറിയില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ വെള്ളവും ലാര്‍വയും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം

ഹാച്ചറിയില്‍ രോഗബാധ കണ്ടാലുടനെതന്നെ ടാങ്കുകളില്‍ ബ്ലീച്ചിംഗ് പൗഡറോ ഹൈപ്പോക്ലോറൈഡ് ലായിനിയോ ഉപയോഗിച്ച് കീടങ്ങളെ നശിപ്പിക്കണം

ആഹാരക്രമം

അമിതാഹാരം ഫാമുകളില്‍ ജലമലിനീകരണം, അമോണിയയുടെ കൂടുതലായുള്ള ഉല്‍പ്പാദനം, സൂക്ഷ്മാണുക്കളുടെ അമിതമായ പെരുകല്‍ എന്നിവ വഴി രോഗങ്ങള്‍ പടര്‍ന്നു പിടിക്കുവാന്‍ ഇടയാകുന്നു

കഴിക്കുന്ന ആഹാരത്തിന്‍റെ തോതറിയുവാനായി മത്സ്യക്കുളങ്ങളില്‍ പലയിടത്തും ചെക്ക ട്രേ സ്ഥാപിക്കാവുന്നതാണ്

ആഹാരം വഴിയോ, കുളത്തിലെ കെട്ടിലെ വെള്ളത്തില്‍ കൂടിയോ ഉള്ള ആന്‍റിബയോട്ടിക്സ് ഉപയോഗം നിര്‍ബന്ധമായും ഒഴിവാക്കണം

രോഗപ്രതിരോധശക്തിയുള്ള ഇനങ്ങള്‍ മാത്രം വളര്‍ത്താന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ നല്ല ആദായം ലഭിക്കും.

വളര്‍ച്ചാനിരക്ക് അറിയുന്നതിനും രോഗനിയന്ത്രണത്തിനും വേണ്ടി എല്ലാ ദിവസവും സാന്പിള്‍ പരിശോധന നടത്തേണ്ടതാണ്

അടുത്തുള്ള ഫാമുകളിലോ കെട്ടുകളിലോ രോഗമുണ്ടായാല്‍ അന്യോന്യം അറിയുന്നതിനും നിവാരണ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുന്നതിനുമായി ഒരു ആശയവിനിമയ ശൃംഖല രൂപീകരിക്കേണ്ടതാണ്.

അടുക്കള കുളങ്ങളില്‍ മീന്‍ വളര്‍ത്താം/ Backyard fish farming

കുളത്തിന് സൗകര്യമുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്

വെള്ളത്തിനും വേണം ശ്രദ്ധ

മത്സ്യങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍

തീറ്റക്കാര്യത്തിലും വേണം ശ്രദ്ധ

പടുതക്കുളങ്ങള്‍ തയാറാക്കുമ്പോള്‍

മത്സ്യങ്ങള്‍ക്ക് വെയില്‍ ആവശ്യഘടകം

മഴശക്തമായതോടെ ചെറുതും വലുതുമായ ജലാശയങ്ങളില്‍ വെള്ളം നിറഞ്ഞുതുടങ്ങി. അടുക്കളക്കുളങ്ങളിലേക്ക് മത്സ്യങ്ങളെ തെരഞ്ഞെടുക്കാനുള്ള സമയമാണ് ഇനി മുന്നിലുള്ളത്. അടുക്കളയിലേക്കുള്ള മത്സ്യങ്ങളെ സ്വന്തമായി വളര്‍ത്തിയെടുക്കുന്ന പ്രവണതയിന്നു വളരെ പ്രചാരം നേടിക്കഴിഞ്ഞു. താത്പര്യമുള്ള നിരവധി ആളുകള്‍ ഇനിയും രംഗത്തുണ്ട്. വ്യക്തമായ അറിവില്ലാതെ, നിര്‍ദേശങ്ങള്‍ ലഭിക്കാതെ ഈ മേഖലയിലേക്ക് ഇറങ്ങിയാലും പിന്നീട് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമേ പറയാന്‍ ഉണ്ടാവൂ.

കുളത്തിന് സൗകര്യമുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്

സാധാരണ വീട്ടാവശ്യങ്ങള്‍ക്കായി മത്സ്യം വളര്‍ത്തുന്നത് പടുതക്കുളങ്ങളിലാണ്. എന്നാല്‍, വ്യക്തമായ അറിവില്ലാതെ പടുതാ കുളങ്ങള്‍ നിര്‍മിച്ച് ചെലവു കൂട്ടുന്നവരും നിരവധിയുണ്ട്. സ്ഥലസൗകര്യങ്ങള്‍ക്കനുസരിച്ചു മാത്രം പടുതക്കുളങ്ങള്‍ നിര്‍മിക്കുന്നതാണ് നല്ലത് (ഏതു കുളമാണെങ്കിലും അങ്ങനെതന്നെ). അഞ്ചടി വീതിയും പത്തടി നീളവുമുള്ള കുളമാണെങ്കില്‍ മൂന്നര അടി വെള്ളം ലഭിക്കത്തക്കവിധം താഴ്ച മതി കുളത്തിന്. എത്ര വലിയ കുളമാണെങ്കില്‍പോലും താഴ്ച അഞ്ചടിയില്‍ കൂടുതല്‍ ഉണ്ടാവാനും പാടില്ല. വലിയ കുളങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മത്സ്യങ്ങള്‍ക്ക് അഞ്ചടിയില്‍ കൂടുതല്‍ വെള്ളത്തിന്റെ ആവശ്യമില്ലെന്ന് പ്രത്യേകം ഓര്‍ക്കണം. ജലസംഭരണത്തിനുവേണ്ടി കുളം നിര്‍മിക്കുന്നതുപോലെ മത്സ്യങ്ങള്‍ക്ക് ആഴം ആവശ്യമില്ല. ആഴം കൂടുന്തോറും വെള്ളത്തിലെ മര്‍ദം ഉയരും. ഒപ്പം താപനില താഴും. ഇതു രണ്ടും മത്സ്യങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

വെള്ളത്തിനും വേണം ശ്രദ്ധ

ജലത്തിന്റെ പിഎച്ച് കൃത്യമായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. വെള്ളം തീരെ മോശമെന്നു ശ്രദ്ധയില്‍പ്പെട്ടാലോ ഓക്‌സിജന്റെ അളവ് കുറവാണെങ്കിലോ മൂന്നില്‍ രണ്ടു ഭാഗം മാറ്റി നിറയ്ക്കാം. മോട്ടോര്‍ അടിക്കുമ്പോള്‍ വളരെ ശക്തിയില്‍ കുത്തിച്ചാടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വലിയ കുളങ്ങളില്‍ ചെറു കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോള്‍ ഹാപ്പയിലോ നഴ്‌സറി കുളങ്ങളിലോ മറ്റോ ഇട്ട് വലുതാക്കി ഇടുന്നതാണ് നല്ലത്. ഇത് അവയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുകയും മരണനിരക്ക് കുറയ്ക്കുകയും ചെയ്യും. ഒപ്പം കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി തീറ്റ എടുക്കാന്‍ അവസരമാകുകയും ചെയ്യും.

മത്സ്യങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍

അവയുടെ ജീവിതരീതി, തീറ്റക്രമം തുടങ്ങിയവയൊക്കെ കൃത്യമായി മനസിലാക്കിവേണം കുളങ്ങളിലേക്ക് മത്സ്യങ്ങളെ തെരഞ്ഞെടുക്കാന്‍. കുളത്തിന്റെ വലുപ്പത്തിനനുസരിച്ച് നിഷ്‌കര്‍ഷിച്ചിട്ടുള്ള എണ്ണം മാത്രമേ നിക്ഷേപിക്കാനും പാടുള്ളൂ. (സാധാരണ ഒരു സെന്റില്‍ വളര്‍ത്താന്‍ കഴിയുന്ന മത്സ്യങ്ങളുടെ എണ്ണം പട്ടികയില്‍ നല്കിയിരിക്കുന്നു). മത്സ്യങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അവയുടെ വളര്‍ച്ചാനിരക്ക് ഗണ്യമായി താഴും. വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയും. 24 മണിക്കൂറും എയ്‌റേറ്റര്‍, ഫില്‍ട്ടര്‍ സംവിധാനങ്ങള്‍ നല്കി പരിരക്ഷിച്ചാല്‍ കൂടുതല്‍ എണ്ണത്തിനെ നിക്ഷേപിക്കാം. എന്നാല്‍, ചെലവ് ഉയരുമെന്നതും കൂടുതല്‍ ശ്രദ്ധ വേണ്ടിവരുമെന്നതും വെല്ലുവിളിയാണ്.

ഒരു സെന്റില്‍ നിക്ഷേപിക്കാവുന്ന മത്സ്യങ്ങളുടെ എണ്ണം (ഏതെങ്കിലും ഒന്നു മാത്രം)/ Quantity of fish to be put in one cent

ഹൈബ്രിഡ് തിലാപ്പിയ/ഗിഫ്റ്റ് 200 എണ്ണം

വാള -400

അനാബസ് -400

നട്ടര്‍ -80-100

കാര്‍പ്പ് ഇനങ്ങള്‍ -40

ജയന്റ് ഗൗരാമി – 200-300

മികച്ച വിതരണകേന്ദ്രങ്ങളില്‍നിന്നു മാത്രം കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുക. തിലാപ്പിയകൃഷി ഇന്നു വളരെ വ്യാപകമായതിനാല്‍ തട്ടിപ്പിനുള്ള സാധ്യതകളും ഈ മേഖലയിലുണ്ട്.

ഗിഫ്റ്റിനെ (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) ഉത്പാദിപ്പിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല. ഗിഫ്‌റ്റെന്നു പറഞ്ഞ് കുളങ്ങളില്‍നിന്നു പിടിച്ചു നല്കുന്നവ ഗിഫ്റ്റ് ആയിരിക്കില്ല എന്നതാണ് ഇതിന്റെ ചുരുക്കം. ഗിഫ്റ്റ് എന്നു പറഞ്ഞു വാങ്ങിയ കുഞ്ഞുങ്ങള്‍ പ്രജനനം നടത്തിയാല്‍ അത് ഗിഫ്റ്റ് എല്ല എന്ന് ഉറപ്പിക്കാം. സര്‍ക്കാരിന് ഗിഫ്റ്റ് കുഞ്ഞുങ്ങളുടെ വിതരണം പൂര്‍ണമായും നടപ്പിലാക്കാന്‍ സാധിക്കാതെ വരുന്നിടത്താണ് മികച്ച വംശപാരമ്പര്യമുള്ള ഹൈബ്രിഡ് തിലാപ്പിയ കുഞ്ഞുങ്ങള്‍ പുറം നാടുകളില്‍നിന്നെത്തുന്നത്.

ഇന്ത്യയില്‍ കോല്‍ക്കത്തയാണ് ഇതിന്റെ പ്രധാന ഹബ്ബ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് ഇവിടെനിന്നാണ് വിതരണം നടക്കുന്നതും. 98 ശതമാനവും ആണ്‍മത്സ്യമാണെന്ന ഉറപ്പോടെ വാങ്ങാന്‍ കഴിയും. മികച്ച തീറ്റ പരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കുമാണ് ഇവയുടെ പ്രത്യേകത. കേരളത്തില്‍ നാലു മാസംകൊണ്ട് ശരാശരി 500 ഗ്രാം വരെ തൂക്കം വയ്ക്കാന്‍ ഈ ഇനം തിലാപ്പിയകള്‍ക്ക് സാധിച്ചിട്ടുണ്ട്. കോട്ടയത്തിനടുത്ത് തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന നന്മ ഫാമില്‍ അഞ്ചു മാസംകൊണ്ട് 900 ഗ്രാം തൂക്കം വച്ച തിലാപ്പിയകളെ വിളവെടുത്തിട്ടുണ്ട്.

തീറ്റക്കാര്യത്തിലും വേണം ശ്രദ്ധ

ദിവസവും രണ്ടു നേരം വീതം തീറ്റ നല്കണം. ആദ്യ രണ്ടു മാസത്തേക്ക് സ്റ്റാര്‍ട്ടര്‍ നല്കുന്നതാണ് നല്ലത്. പിന്നീടങ്ങോട്ട് ഇലകള്‍, അടുക്കളയിലെ പച്ചക്കറി വേസ്റ്റ്, മറ്റു തീറ്റകള്‍ എന്നിവയൊക്കെ നല്കാം. തീറ്റ നല്കുമ്പോള്‍ അമിതമാകാതെ പ്രത്യേകം ശ്രദ്ധിക്കണം. തീറ്റയുടെ അളവ് അല്പം കുറഞ്ഞാലും അധികമാകരുത്. വെള്ളം മോശമാകാതിരിക്കാനും മത്സ്യങ്ങളുടെ ആരോഗ്യത്തിനും ഇതാണ് നല്ലത്. കടകളില്‍നിന്നു വാങ്ങുന്ന ഫ്‌ളോട്ടിംഗ് ഫീഡ് നല്കുമ്പോള്‍ വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം നല്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ദഹനത്തെ പ്രതികൂലമായി ബാധിക്കാം.

പടുതക്കുളങ്ങള്‍ തയാറാക്കുമ്പോള്‍

കല്ലുകള്‍ നീക്കി വൃക്ഷങ്ങളുടെ വേരുകല്‍ മുറിച്ച് മണ്ണു കുഴച്ച് വശങ്ങളില്‍ മെഴുകിയാല്‍ ഇടുന്ന ഷീറ്റിന് കൂടുതല്‍ കാലം ഈടു നില്‍ക്കും. പ്ലാസ്റ്റിക് ചാക്ക് പോലുള്ളവ കട്ടിയില്‍ അടുക്കി വേണം കുളത്തില്‍ ഷീറ്റ് ഇറക്കാന്‍. ഷീറ്റ് പുറത്തേക്ക് മിച്ചമുണ്ടെങ്കില്‍ ഒരടി നിര്‍ത്തിയശേഷം ബാക്കി മുറിച്ചുമാറ്റണം. വെള്ളത്തിനു പുറത്തുള്ള ഭാഗം വെയിലേറ്റ് നശിക്കാന്‍ ഇടയുള്ളതിനാല്‍ കോംഗോസിഗ്‌നല്‍ പോലുള്ള ചെറിയ ഇനം തീറ്റപ്പുല്ലുകള്‍ വളര്‍ത്തി കുളത്തിലേക്ക് ചായ്ച്ച് ഇടാം.

മത്സ്യങ്ങള്‍ക്ക് വെയില്‍ ആവശ്യഘടകം/ Sunlight a necessity for fish farming

മത്സ്യങ്ങള്‍ക്ക് നേരിട്ട് സൂര്യപ്രകാശത്തിന്റെ ആവശ്യമില്ലെങ്കിലും ജലാശയത്തില്‍ സൂര്യപ്രകാശം പതിക്കുന്നത് വളര്‍ച്ചയ്ക്ക് നല്ലതാണ്. പടുതക്കുളങ്ങളിലെ താപനില ക്രമീകരിക്കാന്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതാണ് നല്ലത്. ഒപ്പം ജലത്തിലെ പ്ലവങ്ങളുടെ വളര്‍ച്ച കൂടുകയും ചെയ്യും. ഒന്നോര്‍ക്കുക മത്സ്യങ്ങള്‍ക്ക് വളരാന്‍ തെളിഞ്ഞ വെള്ളമല്ല ആവശ്യം, പ്ലവങ്ങള്‍ നിറഞ്ഞ പച്ച നിറത്തിലുള്ള വെള്ളമാണ് വേണ്ടത്. പുതിയ വെള്ളം നിറച്ച് അല്പം പച്ചച്ചാണകം കലക്കിയൊഴിച്ചാല്‍ പ്ലവങ്ങളുടെ വളര്‍ച്ച കൂട്ടാവുന്നതേയുള്ളൂ.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാലവർഷ സമയത്ത് റബ്ബർ ടാപ്പിംഗ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

English Summary: Know about various techniques and precautions to be taken in freshwater fish farming
Published on: 12 June 2020, 01:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now