പറമ്പിൽ മേയാൻ വിടുന്ന ആടുകളാണ് വിഷച്ചെടികൾ തിന്നാനിടയാകുന്നതായി കണ്ടുവരുന്നത്. നമ്മുടെ നാട്ടിൽ ആടുകളെ ബാധിക്കുന്ന വിഷച്ചെടികളെ കുറിച്ചുള്ള വിവരണം ചുവടെ ചേർക്കുന്നു.
ആനത്തൊട്ടാവാടി
മൈമോസിൻ എന്ന വിഷമാണ് ആനത്തൊട്ടാവാടിയിൽ അടങ്ങിയിട്ടുള്ളത്. ആടുകൾ ഇത് തിന്നാൻ സാധ്യത കൂടുതലായതിനാൽ ആടിനെ കെട്ടുമ്പോഴും, മേയ്ക്കുമ്പോഴും ഈ ചെടികളില്ലെന്ന് ഉറപ്പു വരുത്തുക. വയർ സ്തംഭനം, രോമം എഴുന്നേറ്റ് നിൽക്കൽ, ചാണകവും, മൂത്രവും പോകാതിരിക്കൽ തുടങ്ങിയവയാണ് രോഗ ലക്ഷണം.
മരച്ചീനിയില
മരച്ചീനി, റബ്ബർ തുടങ്ങിയവയുടെ ഇലയിൽ കാണപ്പെടുന്ന വിഷ പദാർത്ഥമാണ് ഹൈഡ്രോസയനിക് ആസിഡ്. പച്ചയില കഴിയ്ക്കുമ്പോഴാണ് വിഷബാധ
കൂടുതലായി കാണുന്നത്. ഇതിൽ തന്നെ തളിരിലയിൽ വിഷാംശം കൂടുതലായിരിക്കും. വിഷബാധയേറ്റാൽ ആടുകൾ പെട്ടെന്നു തന്നെ വിറയൽ, ശ്വാസതടസ്സം, വയർസ്തംഭനം പോലെയുള്ള രോഗലക്ഷണങ്ങൾ കാണിക്കും.
പീലിവാക (സുബാബുൾ)
പീലിവാക മരത്തിന്റെ ഇലകളിൽ പ്രോട്ടീൻ ധാരാളമായുണ്ട്. ആടുകൾ ധാരാളമായി കഴിയ്ക്കാനിഷ്ടപ്പെടുന്ന ഈ ഇലകളിൽ പക്ഷേ മോസിൻ എന്ന വിഷ പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഒരു പരിധിയിൽ കൂടുതൽ ഈ ഇലകൾ കഴിയ്ക്കുന്നത് മൂലം ആടുകളിൽ ഗർഭമലസൽ, രോമം കൊഴിഞ്ഞു പോകൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു വരുന്നു.
കൊങ്ങിണിച്ചെടി
വേലികളിലും വഴിയോരങ്ങളിലും സമൃദ്ധമായി വളരുന്ന ഒരു തരം ചെടിയാണിത്. ഇതിൽ അടങ്ങിയിട്ടുള്ള ലന്റാഡിൻ എന്ന വിഷാംശത്തിന് പ്രകാശ പരിവർത്തനം സംഭവിക്കുക വഴി ആടുകളുടെ ശരീര ഭാഗത്ത് വണങ്ങളുണ്ടാകുന്നു. വിഷം കരളിനെ ബാധിക്കുന്നതിനാൽ മഞ്ഞപ്പിത്തം പിടിപെടാനും സാധ്യതയുണ്ട്. ആടുകൾ മേയുന്ന സ്ഥലത്ത് ഈ ചെടികളില്ലെന്ന് ഉറപ്പുവരുത്തുക.