പരൽ വർഗ്ഗത്തിലെ കുഞ്ഞിനം മത്സ്യമാണ് കയ്പ. ശരീരം വശങ്ങളിൽ നിന്ന് ഞരുക്കിയതു പോലെയാണ്. വായ വശങ്ങളിൽ നിന്ന് വളരെ ചെറുതാണ്. മീശ രോമങ്ങൾ ഇല്ല. മുതുകുചിറകിന്റെ അവസാന മുള്ള് ബലം തീരെ കുറഞ്ഞതും വളയ്ക്കാൻ സാധിക്കുന്നതുമാണ്.
ചെതുമ്പലുകൾക്ക്, ശരീരത്തിന് ആനുപാതികമായ വലിപ്പമുണ്ട്. പാർശ്വരേഖ അപൂർണ്ണമാണ്. പാർശ്വരേഖ 3-6 ചെതുമ്പലുകൾ വരെ എത്തി നിൽക്കുന്നു. പാർശ്വമധ്യത്തിൽ 20 ചെതുമ്പലുകൾ നിരയായി ഉണ്ടായിരിക്കും.
മുതുകിന് പച്ചകലർന്ന കറുപ്പ് നിറമാണ്. പാർശ്വങ്ങൾക്ക് ഒലിവ് നിറവും ഉദരഭാഗം വെള്ളി നിറവുമാണ്. ഓരോ ചെതുമ്പലിന്റെയും ശരീരത്തോട് ചേർന്ന ഭാഗത്ത് കറുത്ത കുത്തുകൾ കാണാം. കണ്ണുകൾക്ക് നല്ല മഞ്ഞനിറമാണ്. മുതുകു ചിറകിന്റെ ആദ്യഭാഗം ഓറഞ്ച് നിറവും തുടർന്ന് കൺമഷിക്കറുപ്പുമായിരിക്കും. കൈച്ചിറക്, കാൽച്ചിറക്, ഗുദച്ചിറക് എന്നിവയ്ക്ക് പ്രത്യേക നിറമൊന്നുമില്ല. വാൽച്ചിറകിൻമേൽ കറുത്ത കുത്തുകളുണ്ടായിരിക്കും. വാലിന്റെ അറ്റത്ത് കറുത്ത ഒരു പൊട്ടുണ്ട്.
ഫ്രാൻസീസ് 1865-ൽ കൊച്ചിയിലെ മത്സ്യങ്ങളെക്കുറിച്ചുള്ള ഗവേഷണ പ്രസിദ്ധീകരണത്തിലാണ് ഈ മത്സ്യത്തിന് ശാസ്ത്രനാമം നൽകിയതായി കാണുന്നത് (Day. 1865b).
കേരളത്തിലെ നെൽപ്പാടങ്ങളിലും കോൾ നിലങ്ങളിലും ധാരാളമായി കണ്ടുവരുന്നു. അൽപ്പം ഉപ്പിന്റെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിലും (കായൽ) കാണുന്നു.
വ്യാപകമായി അലങ്കാരമത്സ്യമായി ഉപയോഗിക്കുന്നു. വലുപ്പക്കുറവും നിറവും ഇതിനെ ആകർഷണീയമാക്കുന്നു.