കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പോഷകഗുണമുള്ള ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ വ്യാപാരശാലകൾക്ക് പ്രവർത്തനാനുമതി നൽകുന്നതിനുള്ള പരിശോധനകൾ ലളിതമാക്കി ഭക്ഷ്യസുരക്ഷാ അതോറിട്ടി (ഫെസായ്). ശുചിത്വസംവിധാനങ്ങൾ കർശനമായി പാലിക്കേണ്ട പാൽ, ഇറച്ചി വ്യാപാരശാലകൾക്കുള്ള അപേക്ഷകളിൽ ഇ-പരിശോധന നടത്തി ലൈസൻസും പ്രവർത്തനാനുമതിയും നൽകും. ആവശ്യമെങ്കിൽ മാത്രം നേരിട്ടുള്ള പരിശോധന നടത്തിയാൽ മതിയെന്നും നിർദേശമുണ്ട്.
അറവുശാലകൾ അടക്കമുള്ള ഇത്തരം വ്യാപാരശാലകളുടെ ഉടമകൾക്ക് ഓൺലൈൻ അപേക്ഷകൾ ആവശ്യമായ രേഖകളടക്കം കൃത്യമായി പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്. ഇ-പരിശോധന വഴി പ്രവർത്തനാനുമതി നൽകുന്നതിനുമുമ്പ് വിവരങ്ങൾ പൂർണമല്ലാത്ത അപേക്ഷകളിൽ അവ ലഭ്യമാക്കാൻ വ്യാപാരിക്ക് നിർദേശം നൽകും.
സുരക്ഷാസൗകര്യങ്ങളിൽ കുറവുണ്ടെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർക്ക് സംശയംതോന്നുന്ന ഇടങ്ങളിലും പരാതിയുള്ള ഇടങ്ങളിലും മാത്രമേ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധനയ്ക്ക് എത്തൂ. നിലവിലുള്ള ലൈസൻസ് പുതുക്കാനും ഇ-പരിശോധന സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് ഫെസായ് അധികൃതർ പറഞ്ഞു. അപേക്ഷകൾ നേരിട്ട് സമർപ്പിക്കുന്നതിനുള്ള ഭക്ഷ്യസുരക്ഷാ വെബ് സൈറ്റിൽ രജിസ്ട്രേഷൻ നടത്തുമ്പോൾ തന്നെ 17 അക്ക രജിസ്ട്രേഷൻ നമ്പർ വ്യാപാരിക്ക് ലഭ്യമാവും. പിന്നീടുള്ള അന്വേഷണങ്ങൾക്ക് ഈ നമ്പർ ഉപയോഗിച്ചാൽ മതി.
ലൈസൻസ് പുതുക്കൽ അപേക്ഷകൾ നിശ്ചിത കാലാവധിക്കകം നൽകാനായില്ലെങ്കിലും 2021 ജൂൺ 30 വരെയുള്ള കാലയളവിൽ അപേക്ഷകർ പിഴ അടയ്ക്കേണ്ടതില്ലെന്ന് ഫെസായ് എക്സിക്യുട്ടീവ് ഡയറക്ടറുടെ ഓഫീസ് അധികൃതർ അറിയിച്ചു.