മണ്ഡരി (mite) ഇനത്തിൽപ്പെട്ട ചെറുപ്രാണികൾ മുയലുകളിലും രോഗമുണ്ടാക്കാറുണ്ട്. മണ്ഡരിരോഗം മുയലുകളിൽ രണ്ടു വിധത്തിൽ കണ്ടു വരുന്നു, ശരീരത്തിലുളതും ചെവിയിലുള്ളതും.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുമിച്ചു കണ്ടു വരുന്ന മണ്ഡരിരോഗത്തിന് പ്രധാനകാരണം സോറോപ്റ്റിക് (psoroptic) ഇനത്തിൽപ്പെട്ട മണ്ഡരികളാണ്. ഇവ സാധാരണയായി തൊലിക്കുള്ളിലേക്ക് തുരന്നു കയറാറില്ല. രോഗം ബാധിച്ച മുയലുകളിൽ വെളുത്ത പൊടി പോലെയുള്ള ഒരു പദാർഥം ചെവിയുടെ വശങ്ങളിലും കണ്ണിനു ചുറ്റും മൂക്കിന്റെ അറ്റത്തും മറ്റു ശരീരഭാഗങ്ങളിലും പൊറ്റ പോലെ കാണും. മുയലിന്റെ തൊലിയിലെ കോശങ്ങളും സ്രവങ്ങളും മണ്ഡരിയുടെ വിസർജ്യങ്ങളും ചേർന്നതാണ് ഈ വെളുത്ത പദാർഥം. ഇതു മൂലം മുയലുകൾക്ക് വളരെ വൃത്തികെട്ട രൂപം കൈവരും. അസഹ്യമായ ചൊറിച്ചിലും ഈ രോഗം മൂലമുണ്ടാകും. ഇതിന്റെ തുടർച്ചയായി ശരീരത്തിൽ ബാക്ടീരിയ ബാധമൂലം പഴുപ്പും വ്രണങ്ങളും കരുക്കളുമുണ്ടാകാം.
ചെവിപ്പുണ്ണ് രൂപത്തിലുള്ള മണ്ഡരിരോഗവും മുയലുകളിൽ കാണാം. സാർക്കോപ്റ്റിഡ് (sarcoptid) ഇനത്തിൽപ്പെട്ട മണ്ഡരികളാണ് ഇതിനു കാരണം. ഇവ തൊലിക്കുള്ളിലേക്ക് തുളഞ്ഞുകയറുന്നു. ചെവിയുടെ ഉള്ളിൽ വെളുത്തപൊടി നിറയും. ചിലപ്പോൾ പഴുപ്പും കാണാം. മുയലുകൾക്ക് അസഹ്യമായ ചൊറിച്ചിലുണ്ടാകുന്നു. എപ്പോഴും രോഗം ബാധിച്ച വശത്തെ ചെവി കുടയുന്നത് കാണാം. ആ വശം നിലത്തമർത്തിവെച്ച് കിടക്കാനും മുയലുകൾ ശ്രമിക്കും. ചിലപ്പോൾ സോറോപ്റ്റിക് ഇനത്തിൽപ്പെട്ട മണ്ഡരികളും സാർകോപ്റ്റിക് ഇനത്തിൽപ്പെട്ടവയോടൊപ്പം, രോഗകാരണമാകാറുണ്ട്.
കേരളത്തിലെ മുയലുകളിൽ മണ്ഡരിരോഗം സാധാരണയാണ്. രോഗം ബാധിച്ച മുയലുകളിൽനിന്നും നേരിട്ടോ അവ സ്പർശിച്ച് മലിനമാക്കപ്പെട്ട കൂടും മറ്റുപകരണങ്ങളും വഴിയോ മറ്റു മുയലുകൾക്ക് മണ്ഡരിരോഗം പകരാം. ശാസ്ത്രീയമായ പരിപാലനരീതികളും പോഷകപ്രദമായ ഭക്ഷണവും ഒരളവു വരെ ഈ രോഗത്തെയും പ്രതിരോധിക്കുന്നു. നല്ല പരിപാലനരീതികൾ പിന്തുടരുന്ന മുയൽ കർഷകർക്ക് മണ്ഡരിരോഗം പ്രശ്നമാകാറില്ല.
രോഗം ബാധിച്ച മുയലുകളുടെ ശരീരഭാഗങ്ങൾ വൃത്തിയാക്കി, വെളുത്ത പാടി നീക്കം ചെയ്ത് ബെൻസൈൽ ബെൻസോവേറ്റ് (Benzylbenzoate) ലേപനം പുരട്ടണം. തുടർച്ചയായി പുരട്ടിയതിനുശേഷവും രോഗശമനമുണ്ടായില്ലെങ്കിൽ കുത്തി വയ്പ്പെടുക്കണം. ഈ രോഗത്തിന്റെ ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ടത് വർമെന്റിൻ (emetii) ഇനത്തിൽപ്പെട്ട മരുന്നുകളാണ്. ഈ മരുന്നുകൾ കുത്തിവെപ്പായി നൽകുന്നത് ഈ രോഗത്തിനെതിരെ ഫലപ്രദമാണ്. എന്നാൽ ഒരു ഡോക്ടറുടെ സഹായം ഇതിനാവശ്യമാണ്.