ബിസിനസ് എക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദവും ബി എഡും എടുത്ത വർഷ എന്ന പെൺകുട്ടി താനൊരു ബിസിനസുകാരിയാവുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അദ്ധ്യാപന വൃത്തിയിലേയ്ക്ക കാലെടുത്തു വച്ചപ്പോഴായിരുന്നു വിവാഹം. സ്വന്തം വീടായ വ്യാസമഠത്തിൽ നിന്നും ഭർതൃഭവനമായ ദേവപ്രയാഗയിലേക്കു പറിച്ചു നട്ടപ്പോൾ ടീച്ചർ ജോലി താൽക്കാലികമായി മാറ്റി വെയ്‌ക്കേണ്ടി വന്നു. തലസ്ഥാന നഗരിയോടു ചേർന്നുള്ള തിവിക്രമംഗലത്താണ് താമസമെങ്കിലും ശുദ്ധമായ നാടൻ പാലിന് അവിടെ യാതൊരു ക്ഷാമവുമില്ലായിരുന്നു. തൊട്ടടുത്തുള്ള ക്ഷീരകർഷക സഹകരണ സംഘത്തിൽ നിന്നും ലഭിയ്ക്കുന്ന ശുദ്ധമായ പശുവിൻ പാലായിരുന്നു വർഷയുടെ കുടുംബവും നിത്യവും വാങ്ങുന്നത്. കാച്ചിയെടുക്കുമ്പോഴും, ഉറയൊഴിച്ച് തൈരാക്കുമ്പോഴും ഇളം മഞ്ഞ നിറമാർന്ന ക്രീമി ലെയർ ഈ പരിശുദ്ധിയുടെ തെളിവായിരുന്നു. എന്നാൽ കുടുംബാംഗങ്ങൾക്ക് അൽപ സ്വൽപം കൊളസ്ട്രോളിൻ്റെ അസ്‌കൃത ഉള്ളതിനാൽ ഈ ലെയർ മാറ്റിയായിരുന്നു വർഷ ചായയും കാപ്പിയും മുതൽ പച്ചമോരു വരെ തയ്യാറാക്കിയിരുന്നത്. ക്രീമി ലെയർ കാണ്ട് വെണ്ണയും നെയ്യുമുണ്ടാക്കി.
ആയിടയ്ക്കാണ് ബാങ്കിങ്ങ് പ്രൊഫഷണലായ ഭർത്താവ് കൃഷ്ണകുമാറിന്റെ സുഹൃത്തും കുടുംബവും ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. നന്ദിനിയുടെ നാട്ടിൽ നിന്നുമെത്തിയ അവർക്ക് വർഷയുടെ മോരും നെയ്യുമൊക്കെ "കക്ഷിക്ക് " പിടിച്ചു. (കേരളത്തിൻ്റെ മിൽമ പോലെ കർണാടക സർക്കാർ ഉടമസ്ഥതയിലുള്ള ബ്രാൻഡാണ് നന്ദിനി മിൽക്ക് മിൽക്ക് പ്രോഡക്റ്റ്സ്). മടങ്ങുമ്പോൾ ഒരു ഭരണി നെയ്യുമായിട്ടാണ് അവരിറങ്ങിയത്. സ്ഥിരമായി ഇതേ ഗുണമേന്മയുള്ള നല്പാദിപ്പിച്ച് അടുത്തറിയാവുന്നവർക്ക് കൊടുത്തുകൂടേ എന്ന ചോദ്യത്തിൽ നിന്നാണ് പുതിയൊരു ആശയത്തിൻ്റെ സ്‌പാർക്ക് ഉണ്ടായത്.
സ്ഥിരമായി വാങ്ങിയിരുന്ന ഒരു ലിറ്റർ പാലിൽ നിന്നും അഞ്ചിലേയ്ക്കു പത്തിലേയ്ക്കും ഇരുപതിലേക്കും വർഷയ്ക്ക് അളവു മാറ്റേണ്ടി വന്നു. ഉറയൊഴിയ്ക്കുന്ന പാലിൽ നിന്നും വെണ്ണ കടഞ്ഞു മാറ്റുമ്പോൾ കിട്ടുന്ന കട്ടിമോര് ഒരു പ്രശ്നമായിരുന്നു. വെണ്ണയ്ക്കും നെയ്ക്കുമൊപ്പം ഇത്രയും മോരും ചെലവായാലേ ബിസിനസ് ലാഭമാകൂ. ഒരു തുള്ളി വെള്ളം പോലും ചേർക്കാതെ മോര് പ്രിസർവേറ്റീവ്സിൻ്റെ അഭാവത്താൽ പെട്ടെന്ന് പുളിച്ചു പോകും. അതിനാൽ "കടച്ചിൽ കഴിഞ്ഞാൽ കൈയ്യോടെ" എന്ന നാട്ടുപ്രമാണം വർഷയെ കൂടുതൽ അലർട്ട്" ആക്കി. അങ്ങനെയാണ് നഗരപരിധിയ്ക്കുള്ളിൽ സ്വന്തം ബ്രാൻഡായ "ദേവമഠം" എന്ന പേരിൽ വെണ്ണ മാറ്റിയ മോരിന്റെ തൽക്ഷണ വിപണനം സാധ്യമാക്കിയത്. കവറു മോരിൻന്റെ പുളിപ്പും ചെടിപ്പുമില്ല എത്ര വേണേൽ വെള്ളം ചേർക്കാം. അൽപം നാരകത്തിലേം, കറിവേപ്പിലേം, പച്ചമൊളകും ഉപ്പും കൂടി ഇടിച്ചിട്ടാൽ സംഭാരം വെള്ളം കുറച്ചാൽ ശുദ്ധമായ പച്ച മോര് അരപ്പു ചേർത്തു കാച്ചിയാൽ ഒന്നാന്തരം ഒരു കറി!" ഒരു അനുവഭവസ്ഥയുടെ സാക്ഷ്യപത്രമാണിത്.
നാടൻ ഉൽപന്നങ്ങളോടുള്ള ജനങ്ങളുടെ പ്രിയം നാൾക്കുനാൾ വർദ്ധിച്ചു വരുന്നതായി വർഷ പറയുന്നു. പരമ്പരാഗത രീതിയിൽ തയ്യാർ ചെയ്യുന്ന നെയ്യ് ഇപ്പോൾ കൊറിയർ വഴി ഉപഭോക്താക്കൾക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. എന്നാൽ വെണ്ണയും മോരും അങ്ങനെ പറ്റില്ലല്ലോ. കടഞ്ഞെടുത്ത് ഒരു മണിക്കൂറിനകം ഇവ ഉപഭോക്താക്കളിലെത്തിച്ചേ മതിയാവു. ഗുണമേന്മ അതേപടി അനുഭവവേദ്യമാകണം. അവർക്ക് അധരാധര പ്രചരണത്തിലൂടെ മാത്രം വിപണിയിൽ സ്വന്തമായൊരിടം വർഷ കണ്ടെത്തിക്കഴിഞ്ഞു. ആവശ്യക്കാർക്കു മുഴുവനും ഉൽപന്നം എത്തിയ്ക്കാനാവുന്നില്ല എന്നതാണ് പ്രശ്നം.
ഒത്തിരി വിപുലീകരണം വർഷ ആഗ്രഹിയ്ക്കുന്നില്ല. ഇവിടെ അസംസ്കൃത വസ്‌തുവായ പശുവിൻ പാൽ എല്ലാ സീസണിലും ലഭ്യത ഉറപ്പാക്കണം. ഉൽപാദന പ്രക്രിയയിലെ നിലവിലുള്ള നിലവാരം കാത്തു സൂക്ഷിക്കണം. ഫ്രഷ് ഉൽപന്നത്തിന്റെ വിപണനം നഗരത്തിൽ സ്റ്റെഡി ആയി നിലനിർത്തുകയാണ് വർഷയുടെ ലക്ഷ്യം. കൂടുതൽ ലാഭത്തിനായി ഗുണമേന്മയിൽ വെള്ളം ചേർക്കാൻ ഈ വീട്ടമ്മയായ യുവ സംരംഭക തയ്യാറല്ല. അദ്ധ്വാനത്തിന് അർഹിയ്ക്കുന്ന പ്രതിഫലം ലഭിയ്ക്കുന്നു. അതിൽ തികച്ചും സംതൃപ്‌തയാണ്. ഭക്ഷ്യൽപന്നങ്ങൾ അതർഹിയ്ക്കുന്ന പ്രാധാന്യത്തേടെ കൈകാര്യം ചെയ്യണം. സംഭരണം, സംസ്‌കരണം, വിപണനം എന്നിവയിൽ മൂന്നിലും സംശുദ്ധിയുണ്ടാവണം. രുചിയുടെ പുത്തൻ അദ്ധ്യായങ്ങൾ വിരചിയ്ക്കാൻ, ക്ഷീരോൽപന്നങ്ങൾ കുടാതെ നാടൻ ഭക്ഷ്യോൽപന്നങ്ങൾ കൂടി ഒന്നു പരീക്ഷിച്ചാലെന്തെന്ന ചിന്ത ഇടയ്ക്കു കടന്നു വരാറുണ്ടെന്നും; എന്നാൽ ഇരിയ്ക്കും മുമ്പ് കാലു നീട്ടരുതെന്ന പ ഴഞ്ചൊല്ല് അതിനു പിന്നാലെ കടന്നു വരാറുണ്ടെന്നും വർഷ പറയുന്നു.