മഴക്കാലത്ത് കോഴികളിൽ ധാരാളം രോഗങ്ങൾ കണ്ടുവരാറുണ്ട്. ഈർപ്പം അധികമുള്ള അന്തരീക്ഷം കോഴികൾക്ക് ഒട്ടും ഗുണകരമല്ല. മഴക്കാലത്ത് കോഴികളിൽ കൂടുതലായി കണ്ടുവരുന്ന രോഗങ്ങളാണ് രക്താതിസാരവും ബംബിൾ ഫൂട്ട് രോഗവും. മഴക്കാലത്ത് ലിറ്റർ നനയുമ്പോഴാണ് കൂടുതലായും രക്താതിസാരം കോഴികളിൽ വരുന്നത്. കോഴിക്കൂട്ടിലോ പരിസരത്തോ ഉള്ള ആണി, മുള്ള് തുടങ്ങി കൂർത്ത വസ്തുക്കൾ കോഴിയുടെ പാദത്തിൽ തുളച്ചു കയറുകയും പിന്നീട് രോഗാണുക്കൾ കോഴികളിൽ പ്രവേശിക്കുകയും ചെയ്യുന്നതോടൊപ്പം ഉണ്ടാകുന്ന രോഗ സാധ്യതയാണ് ബംബിൾ ഫൂട്ട് രോഗം.
ബന്ധപ്പെട്ട വാർത്തകൾ: കോഴിയുടെ രോഗങ്ങൾക്ക് കോഴിക്കർഷകർ സ്ഥിരമായി കൊടുക്കുന്നതു ഈ നാടൻ മരുന്നുകളാണ്
രക്താതിസാരം കാണുന്ന കോഴികളുടെ കാഷ്ഠം പരിശോധിച്ചാണ് രോഗം നിർണയിക്കേണ്ടത്. ഇവയ്ക്ക് രക്തം കലർന്ന കോഴിക്കാഷ്ഠം ഉണ്ടാകുന്നു. ഇത്തരത്തിൽ രക്തം കലർന്ന കോഴിക്കാഷ്ഠം കാണപ്പെടുന്ന കോഴികൾക്ക് 99 ശതമാനവും കോക്സീഡിയോസിസ് അഥവാ രക്താതിസാരം ആയിരിക്കും. ഈ രോഗം വന്ന കോഴികൾ എപ്പോഴും തളർന്നു തൂങ്ങി നിൽക്കുകയും തീറ്റ എടുക്കാതിരിക്കുകയും ചെയ്യും. തീറ്റയിൽ പൊട്ടാസ്യം, സോഡിയം തുടങ്ങി ഘടകങ്ങളുടെ അപര്യാപ്തതയും വായുസഞ്ചാരം കൂട്ടിൽ ലഭ്യമല്ലാത്തതും രോഗകാരണങ്ങളായി വരാറുണ്ട്. അതുകൊണ്ടുതന്നെ രക്താതിസാരം ഇല്ലാതാക്കുവാൻ ഇത്തരം കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുക.
ബന്ധപ്പെട്ട വാർത്തകൾ: കോഴികളുടെ രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും
ധാരാളം വിറ്റാമിനുകൾ അടങ്ങിയ തീറ്റ കോഴികൾക്ക് നൽകുക.ഇതിനെ പ്രതിരോധിക്കുവാൻ കോഴിത്തീറ്റയിൽ കോക്സീഡിയോസ്റ്റാറ്റ് മരുന്ന് നിശ്ചിത അനുപാതത്തിൽ ചേർക്കുകയാണ് ചെയ്യേണ്ടത്. ഈ രോഗ സാധ്യത ഇല്ലാതാക്കുന്ന മറ്റു മരുന്നുകളാണ് ആംപ്രോസോളും ക്രോഡിനാലും. ഇത് കോഴികൾക്ക് നൽകുമ്പോൾ വിദഗ്ധ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം നൽകുക. സാധാരണഗതിയിൽ ആംപ്രോസോൾ 30 ഗ്രാം 100 ലിറ്റർ വെള്ളത്തിൽ ചേർത്ത് 5 മുതൽ 7 ദിവസം വരെ നൽകണം. ഇനി ക്രോഡിനാൽ ആകുമ്പോൾ ഇതിൻറെ പൊടി നാല് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രോഗം പൂർണ്ണമായും ഭേദമാക്കുന്നതുവരെ നൽകാം. കോഴികൾക്ക് മരുന്നു നൽകുമ്പോൾ മരുന്ന് ലായനി ഉണ്ടാക്കേണ്ടത് അതാത് ദിവസമാണ്. ബംബിൾ ഫൂട്ട് രോഗം പ്രതിരോധിക്കുവാൻ ചെയ്യേണ്ടത് നീരുവന്ന ഭാഗം കീറി പഴുപ്പു കളഞ്ഞു അവിടെ അണുനാശിനി ഉപയോഗിച്ച് നന്നായി കഴുകുക. അതിനുശേഷം ആൻറി സെപ്റ്റിക് ഓയിന്റ്മെൻറ് (സൾഫാ ഓയിന്റ്മെൻറ്) പുരട്ടാം. ഇതുകൂടാതെ കോഴിക്കൂട്ടിനുള്ളിൽ കൂർത്ത സാധനങ്ങൾ ഉണ്ടെങ്കിൽ അത് പൂർണമായും നീക്കം ചെയ്യുക. ഈ രോഗം വരുന്ന കോഴികളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ മുടന്തി നടക്കുക, പാദം നീര് വന്ന് വീർക്കുക തുടങ്ങിയവയാണ്. ഈ രോഗത്തിൻറെ സമാന ലക്ഷണമുള്ള മറ്റൊരു രോഗമാണ് വൈറ്റ് കോബ്. ഇതൊരു ഫംഗസ് രോഗം ആണ്. ചെതുമ്പലുകൾ പിടിച്ച് ശരീരത്തിൽ നിന്ന് തൂവലുകൾ കൊഴിഞ്ഞു പോകുന്നതാണ് പ്രധാന ലക്ഷണം.
ഇത്തരം രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത്തരം കോഴികളെ കൂട്ടിൽ നിന്ന് പെട്ടെന്ന് മാറ്റുക. കൂടാതെ രോഗബാധയുള്ള സ്ഥലങ്ങളിൽ ഫോർമാലിൻ ലായിനി പുരട്ടി കൊടുക്കുക. ഈർപ്പം അധികമുള്ള കാലാവസ്ഥയിൽ കോഴികളിൽ പലപ്പോഴും ചെള്ള് ബാധ ഉണ്ടാകാറുണ്ട്. രക്തം ഊറ്റി കുടിക്കുന്ന ചെള്ളുകൾ കോഴികളുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുന്നു. ചെള്ളു ബാധ ഉണ്ടായാൽ കോഴികൾക്ക് അതിയായ ക്ഷീണം ഉണ്ടാകുന്നു. ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കൊടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കോഴിവളര്‍ത്തല്‍; രോഗങ്ങളും ചികിത്സയും
വളർത്തു മൃഗങ്ങളും ജല കൃഷിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Livestock & Aqua'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.