കോഴി വളർത്തൽ പൊതുവെ എളുപ്പമാണെന്ന ധാരണ എല്ലാർക്കുമുണ്ടെങ്കിലും, ലാഭകരമായ സംരംഭം ആഗ്രഹിക്കുന്നവർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത് ശാസ്ത്രീയമായ വളർത്തൽ രീതികളും, രോഗപ്രതിരോധ മാർഗങ്ങളുമാണ്. പണ്ട് കാലത്തു തൊടിയിൽ ഓടി നടന്നു വളർന്ന കോഴികളെ സംബന്ധിച്ചിടത്തോളം ഏതെങ്കിലുമൊരു അസുഖം വരുക എന്നത് വളരെ അപൂർവമായിട്ടുള്ള സംഗതിയായിരുന്നു . എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല.
അത്യുൽപാദന ശേഷിയുള്ള ജനുസ്സുകളെ വളരെ ചുരുങ്ങിയ സ്ഥലത്തു വാണിജ്യാടിസ്ഥാനത്തിൽ വളർത്തുമ്പോൾ പലവിധ രോഗങ്ങൾ വന്നുപെടുവാനുള്ള സാഹചര്യങ്ങളുണ്ട്. ഇതിനെല്ലാമുപരിയാണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ബുദ്ധിമുട്ടുകളും. വിവിധതരം ബാക്ടീരിയകൾ, വൈറസ് , ഫങ്കസ് , മറ്റു പരാദ ജീവികൾ, പ്രോട്ടോസോവ എന്നീ സൂക്ഷ്മാണുക്കളാണ് പ്രധാന രോഗവാഹകർ. ഇതിനെല്ലാം പുറമെയാണ് പോഷകങ്ങളുടെയും ധാതുലവണങ്ങളുടെയും അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ.
When high-yielding breeds of chicken are grown in a very small area, many types of diseases can occur. Above all, the difficulties caused by climate change. The main carriers are various types of bacteria, viruses, fungus, parasites and protozoa. In addition, diseases caused by lack of nutrients and minerals.
കൂട്ടത്തിലുള്ള ഒരു പക്ഷിക്ക് രോഗം ബാധിച്ചാൽ അതിൽ നിന്നു മറ്റുള്ളവയിലേക്കു രോഗം പടരാൻ സാധ്യതയുണ്ട്. രോഗബാധിതരുടെ ഉമിനീര്, വിസർജ്യവസ്തുക്കൾ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. രോഗാണുക്കളാൽ മലിനമായ തീറ്റ, വെള്ളം, പാത്രങ്ങൾ, മറ്റുപകരണങ്ങൾ, വിരിപ്പ് എന്നിവ വഴിയും രോഗം പടരാം. രോഗപ്രതിരോധത്തിൽ ഏറ്റവും പ്രധാനം രോഗനിയന്ത്രണ മാർഗ്ഗങ്ങളും എന്തൊക്കെയാണെന്ന് മനസിലാക്കുകയാണ്.
രോഗം വരാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ യഥാസമയം നല്കുകയെന്നതാണ് മറ്റൊന്ന്. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമാണ് രോഗം ഏതെന്നു കൃത്യമായി മനസിലാക്കി അതു ചികിത്സിച്ചു ഭേദപ്പെടുത്തുക എന്നുള്ളത്. ഇതിന് വിദ്‌ഗധ ഡോക്ടർമാരുടെ സേവനം തേടേണ്ടതാണ്.
പ്രധാനപ്പെട്ട രോഗ നിയന്ത്രണ മാർഗങ്ങൾ
വലിയ കോഴികളേയും കുഞ്ഞുങ്ങളേയും പ്രത്യേകം കൂടുകളിലായി വളർത്തണം. അണുനാശിനികളിൽ കൈകാലുകൾ വൃത്തിയാക്കിയതിനു ശേഷം മാത്രം ഒരു കൂട്ടിൽ നിന്നും മറ്റുള്ളവയിലേക്ക് പ്രവേശിക്കുക. കോഴിക്കൂടുകൾ, ഉപകരണങ്ങൾ എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കണം. കഴിവതും കൂടുകളിലേക്ക് സന്ദർശകരെ അനുവദിക്കരുത്. വേണ്ടിവന്നാൽ അണുനാശിനികൾ ഉപയോഗിച്ച് കൈയ്യും കാലും കഴുകിയതിനു ശേഷം മാത്രം പ്രവേശിപ്പിക്കുക.
Large chickens and chicks should be reared in separate cages. Enter from one cage to the other only after cleaning the hands and feet in the disinfectants. Keep the chicken coops and equipment clean. Do not allow visitors to cages as much as possible. If necessary, allow only after washing your hands and feet with disinfectants.
ചത്തുപോയ കോഴികളെ ശരിയായ വിധത്തിൽ നശിപ്പിച്ചു കളയണം. മരണകാരണം രോഗബാധയാണെങ്കിൽ ചത്തകോഴികളെ ചുട്ടുകരിക്കുകയോ കുമ്മായം ചേർത്ത് ആഴത്തിൽ കുഴിച്ചിടുകയോ വേണം. രോഗലക്ഷണങ്ങളുടെ ആരംഭത്തിൽ തന്നെ കോഴികളെ മാറ്റിപ്പാർപ്പിക്കണം. രോഗബാധയുണ്ടെന്നു തീർച്ചയായാൽ ഉടനെ തന്നെ ചികിത്സ തേടണം. കൂടുകളിൽ എലി, ചെള്ള്, ഈച്ച തുടങ്ങിയവയെ നിയന്ത്രിക്കുകയും വിരിപ്പ് കട്ടപിടിക്കാതെ ശ്രദ്ധിക്കുകയും വേണം. വിരിപ്പ് നനഞ്ഞ് കട്ടപിടിക്കുമ്പോൾ വിരിപ്പ് നന്നായി ഇളക്കി കൊടുക്കാം. സർവ്വോപരി കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
വിര ശല്യത്തിൽ നിന്നും കോഴികളെ മുക്തമാക്കാൻ സമയാസമയങ്ങളിൽ വിരയിളക്കുന്നത് നന്നായിരിക്കും. ഏഴാമത്തെ ആഴ്ചയിൽ ആദ്യത്തെ വിരയിളക്കൽ നടത്തണം. പിന്നീട് രണ്ടുമാസത്തിലൊരിക്കൽ വിരമരുന്നു നല്കാം. കോഴിയുടെ മേൽ കാണുന്ന ചെള്ള്, പേൻ തുടങ്ങിയ കീടങ്ങൾ കോഴിയുടെ രക്തം ഊറ്റികുടിക്കുകയും രോഗകാരണമാകുവുന്ന മറ്റ് അണുക്കളെ ശരീരത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. കീടാനാശിനികളിൽ മുക്കിയോ, അവ സ്പ്രേ ചെയ്തോ ഇവയിൽ നിന്നും സംരക്ഷണം തേടണം.
കാലാവസ്ഥയക്ക് അനുയോജ്യമായ തരത്തിൽ പരിപാലനക്രമത്തിൽ അപ്പപ്പോൾ വേണ്ട മാറ്റങ്ങൾ വരുത്തണം. മീന മേടച്ചൂടിൽ വെന്തുരുകുന്ന ഇന്നത്തെ അവസ്ഥയിൽ കൂടുകളിലേക്കെത്തുന്ന ചൂടിന്റെ അളവ് കുറയ്ക്കാനുള്ള മാർഗങ്ങൾ തേടണം. പഴയകാലത്തെ ഓലമേഞ്ഞ കൂടുകൾ ചൂട് പ്രതിരോധിച്ചിരുന്നെങ്കിലും വർഷാവർഷം ഓല മാറ്റിമേയേണ്ടതുണ്ട്. ചൂടു പ്രതിരോധിക്കാൻ കൂടിനു മുകളിലായി ഓല, വൈക്കോൽ എന്നിവ പാകാവുന്നതാണ്. കൂടിനു മുകളിൽ വെള്ള പൂശുന്നതും, കൂടുകൾക്കുളിൽ ഫോഗ്ഗ് ഘടിപ്പിക്കുന്നതും കൂടിനു മുകളിലായി വെള്ളം ചീറ്റുന്ന സ്പ്രിംഗ്ളർ ഘടിപ്പിക്കുന്നതും ചൂടുകൂറയ്ക്കാൻ സഹായകമാണ്.
തീറ്റ നല്കുമ്പോൾ പകൽ സമയത്ത് നല്കാതെ കാലത്തും വൈകിട്ടുമായി പകുത്ത് നല്കാം. പോഷകാഹാര കുറവു കൊണ്ടുള്ള രോഗങ്ങൾ വരാതിരിക്കുന്നതിന് ശരിയായ രീതിയിൽ പോഷകങ്ങൾ, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ ചേർന്ന സമീകൃതാഹാരം ഓരോ പ്രായത്തിലും ലഭ്യമാക്കണം. അതുപോലെ തന്നെ കോഴികളുടെ എണ്ണമനുസരിച്ച് ആവശ്യത്തിനു തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും കൂടിനകത്തുണ്ടായിരിക്കണം. ചൂടുകാരണം കഴിക്കുന്ന തീറ്റയുടെ അളവു കുറയുന്നതിനാൽ വിറ്റാമിനുകൾ, അമിനോ അമ്ലങ്ങൾ, ധാതുലവണങ്ങൾ എന്നിവ തീറ്റയിൽ അധികമായി ചേർക്കണം.
കഴിക്കുന്ന തീറ്റയുടെ അളവിനേക്കാൾ 2-3 ഇരട്ടി വരെ ശുദ്ധമായ തണുത്ത കുടിവെള്ളം ലഭ്യമാക്കണം. ചൂടുസമയങ്ങളിൽ മരണനിരക്ക് അഞ്ചു ശതമാനം വരെ കൂടാൻ സാധ്യത ഉള്ളതിനാൽ മേല്പറഞ്ഞ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം.
രോഗപ്രതിരോധ കുത്തിവയ്പുകൾ
രോഗപ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യ സമയത്ത് നല്കുന്നതു വഴി വളരെ മാരകമായ വൈറസ് രോഗങ്ങളായ മാരക്സ്, കോഴിവസന്ത, കോഴിവസൂരി എന്നിവയില് നിന്ന് വളർത്തു പക്ഷികളെ സംരക്ഷിക്കാം. വിജയകരമായ ചികിത്സാരീതികൾ ഇല്ലാത്ത ഈ രോഗങ്ങൾ തടയുവാനുള്ള ഏകപോംവഴിയും പ്രതിരോധ കുത്തിവയ്പുകൾ നല്കുക എന്നതു മാത്രമാണ്.
കേരളത്തിലെ സാഹചര്യങ്ങളിൽ കണക്കിലെടുക്കുമ്പോൾ മാരക്സ് രോഗം, കോഴിവസന്ത, എന്നിവയ്ക്കുള്ള കുത്തിവയ്പുകളും ഐബിഡി രോഗത്തിനുള്ള വാക്സിനും മുട്ടക്കോഴികൾക്ക് നിർബന്ധമായും നല്കിയിരിക്കണം.
മേല്പറഞ്ഞവയിൽ മാരക്സ് രോഗം വരാതിരിക്കാനുള്ള കുത്തിവയ്പ് കുഞ്ഞ് വിരിഞ്ഞിറങ്ങുന്ന ദിവസം ഹാച്ചറിയിൽ തന്നെ നല്കേണ്ടതാണ്. കോഴിവസന്ത തടയുന്നതിനായി അഞ്ചാം ദിവസം ആർഡിഎഫ്- 1 വാക്സിന് ഓരോ തുള്ളി വീതം കണ്ണിലോ മൂക്കിലോ നല്കണം. 21-ാം ദിവസം ലസോട്ട വാക്സിന് കുടിവെള്ളത്തിൽ നല്കണം.
എട്ടാഴ്ചയാകുമ്പോൾ ആർ2ബി എന്ന വാക്സിൻ ചിറകിനടയിലായി തൊലികൾക്കിടയിൽ ഒരു കോഴിക്ക് 0.5 മില്ലിലിറ്റർ എന്നയളവിൽ കുത്തിവയ്ക്കണം. വ്യാവസായികമായി കോഴിവളർത്തലിൽ ഏർപ്പെടുന്നവർ ഫൗള് പോക്സ് വാക്സിന് (കോഴിവസൂരിക്കുള്ള കുത്തിവയ്പ്പ്) ആറാഴ്ചയാകുമ്പോൾ നല്കണം.
മേല്പറഞ്ഞ രണ്ടു വാക്സിനുകളും രണ്ടുമുതൽ മൂന്നുമാസംവരെ ശീതികരിച്ചു സൂക്ഷിക്കാവുന്നതാണ്. ഐബിഡി രോഗപ്രതിരോധത്തിനായി 14, 28 ദിവസങ്ങളിൽ കുടിവെള്ളത്തിൽ ഐബിഡി വാക്സിൻ നല്കണം.
കുടിവെള്ളത്തിലൂടെയുള്ള വാക്സിൻ നല്കുമ്പോൾ ക്ലോറിനോ, അണുനാശിനിയോ കലരാത്ത ശുദ്ധമായ കിണർ വെള്ളം ഉപയോഗിക്കണം. വാക്സിന് നല്കുന്നതിനു മുമ്പ് കുറഞ്ഞത് രണ്ടു മണിക്കൂര് കുടിവെള്ളം നല്കാതിരിക്കാനും രണ്ടു മണിക്കൂറിനുള്ളിൽ കുടിച്ചു തീർക്കാവുന്ന അളവിൽ വാക്സിൻ കലർത്തിയ വെള്ളം നല്കാനും ശ്രദ്ധിക്കണം. ഒരു ലിറ്റർ വെള്ളത്തിൽ അഞ്ചുഗ്രാം എന്ന അനുപാതത്തിൽ പാല്‌പ്പൊടി കലക്കിയതിനുശേഷം അതിലേക്ക് വാക്സിന് കലർത്തി നല്കണം. ഒരിക്കൽ തുറന്നുപയോഗിച്ച വാക്സിൻ വീണ്ടും ഉപയോഗിക്കരുത്. കൂടാതെ വാക്സിൻ ഉത്പാദകരുടെ എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാന് ശ്രദ്ധിക്കണം.
രോഗം ചികിത്സിച്ചു ഭേദമാക്കൽ
അപ്രതീക്ഷിതമായുണ്ടാകുന്ന രോഗങ്ങൾ മൂലം കോഴിവളർത്തൽ ലാഭകരമല്ലാതായിത്തീരുന്ന അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് കർഷകർ ബോധവാന്മാരാകേണ്ടതുണ്ട്. പൊടുന്നനെയുള്ള മരണനിരക്കിലെ വർധന, തീറ്റ എടുക്കാതെ തൂങ്ങി നില്ക്കൽ എന്നീ ലക്ഷണങ്ങൾ ശ്രദ്ധയില്പ്പെടുകയാണെങ്കിൽ ഉടനടി വിദഗ്ധ സഹായം തേടണം.
രോഗലക്ഷണങ്ങൾ തക്കസമയത്ത് കണ്ടുപിടിക്കുന്നതിനായി നിരന്തര ശ്രദ്ധ ആവശ്യമാണ്. രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചാൽ ഉടൻ തന്നെ വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ നല്കണം.
അനുബന്ധ വാർത്തകൾ
കോഴികർഷകരെ ആശങ്കയിലാക്കി പക്ഷിപ്പനി