ഫാം തുടങ്ങും മുൻപേ നടത്തിക്കൊണ്ടു പോകാൻ കഴിയുമോ എന്നു നോക്കണം. പശുക്കൾ/ എരുമകൾ പ്രത്യേകമായോ സംയോജിതമായോ നടത്താൻ കഴിയുമോ എന്നും നോക്കാം.
വലിയ സംരംഭത്തിൻറെ ആവശ്യങ്ങൾക്കായി ആരെ സമീപിച്ചാലും 'നോ' എന്നു പറയാൻ സാധ്യതയുണ്ട്. അതിൽ മനസ്സ് മടുത്തവരാണോ നിങ്ങൾ? അതോ 'നോ'യെ 'നെക്‌സ്‌റ്റ് ഓപ്ഷൻ' ആക്കി മാറ്റാനുള്ള ചങ്കുറപ്പുണ്ടോ?
മലിനീകരണ നിയന്ത്രണത്തിൻറെ സംവിധാനങ്ങൾ മനസ്സിൽ രൂപപ്പെടണം. ചാണകം, ഗോമൂത്രം എന്നിവ അപ്പപ്പോൾ കൃഷിക്കുപയോഗിക്കാനോ വളം അന്നന്ന് വിൽക്കാനോ ഉണക്കി സൂക്ഷിച്ച് പിന്നീട് വിൽക്കാനോ ആലോചിക്കാം.
സ്വന്തമായി തുടങ്ങുന്നോ, ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നോ അതോ തൊഴിലാളികളെ വച്ച് മാനേജ് ചെയ്യുന്നോ എന്ന് തുടക്കത്തിലേ തീരുമാനിക്കണം. രണ്ടിനും രണ്ടു തരം മാനേജ്‌മെന്റ് തന്ത്രങ്ങൾ വേണം.
കറവസമയത്ത് ഇടപെടാൻ കഴിയുക എന്നത് ഒരു ഫാം സംരംഭകൻറ പുണ്യമാണ്. അതിൽ നിന്ന് ഒത്തിരി കാര്യങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. വ്യക്തിപരമായ ശ്രദ്ധ ഓരോ പശുവിലും ഉണ്ടാകും. എന്തു കൊണ്ട് പാൽ കൂടി, കുറഞ്ഞു, അതിന്റെ കാരണങ്ങളെന്താവാം എന്ന് യുക്തിസഹമായി വിശകലനം ചെയ്‌ത് പരിഹാരം കാണാൻ കഴിയും.
വർഷത്തിൽ 365 ദിവസവും പരുഷാഹാരമുണ്ടോ? അത് കൃഷി ചെയ്യാൻ പൈക്കളുടെ അനുപാതമനുസരിച്ച് സ്‌ഥലമുണ്ടോ എന്നും നോക്കണം. ഏതെങ്കിലും പുല്ലിനം 365 ദിവസവും ആവശ്യത്തിനുണ്ടാകേണ്ടത് ലാഭക്കണക്ക് നോക്കുന്നവർക്കു പ്രധാനം തന്നെ. ഉദാഹരണമായി ഒരു സെന്ററിൽ 40 കിലോ പുല്ല് കിട്ടുമെന്നിരിക്കട്ടെ. 45-ാം പക്കമാണ് മിക്ക വിളകളുടെയും കൊയ്ത്‌ത്. അങ്ങനെയെങ്കിൽ 45 സെന്റ് സ്ഥലം പുൽകൃഷിക്കായി വേണം. 45-ാം പക്കം വീണ്ടും ആദ്യ സെന്ററിൽ നിന്ന് കൊയ്യാം. (ഒരു പുൽക്കടയിൽനിന്ന് 40 കിലോ വരെ കിട്ടുന്ന സിഒ3 പുല്ലിനങ്ങൾ ഇന്നുണ്ട്).
കുറച്ച് സ്‌ഥലത്തു നിന്ന് കൂടുതൽ കുറച്ച് സ്‌ഥലത്തു നിന്ന് കൂടുതൽ പുല്ലുൽപാദിപ്പിക്കുന്ന ഊർജിത പുൽകൃഷി സ്‌ഥല സാധ്യതയനുസരിച്ചു നടത്താം. ഊർജിത കൃഷിയിൽ മണ്ണിൽ ആവശ്യമായ ഘടകങ്ങൾ വളമായി അപ്പപ്പോൾ ചേർക്കാം
പാർപ്പിടം, ആഹാരക്രമം, കറവരീതി, പ്രജനനം, കന്നുകുട്ടി പരിപാലനം, രോഗനിയന്ത്രണം എന്നിങ്ങനെ ഫാം പ്രവർത്തനത്തിൻറെ ഓരോ മേഖലയിലും കാര്യക്ഷമവും ശാസ്ത്രീയവുമായ സമീപനം വേണം.
വിപണി കൺമുന്നിൽ കാണണം. പാലിൻെറയും പാലുൽപന്നങ്ങളുടെയും വേറിട്ട വ്യാപാരം മുൻകൂട്ടി ആസൂത്രണം ചെയ്യണം. പാൽ മൊത്തവ്യാപാരം വേണോ ചില്ലറ വ്യാപാരം വേണോ എന്നാലോചിക്കണം. മൊത്തവ്യാപാരം ഫ്ളാറ്റുകളിലോ ഹോട്ടലുകളിലോ ആശുപത്രികളിലോ കാറ്ററിങ് മേഖലയിലോ ആകാം. പാലുൽപന്നങ്ങൾക്ക് മൊത്തവ്യാപാരം തന്നെ നല്ലത്. സ്വന്തമായി വില തീരുമാനിച്ചാൽ നഷ്ടം എന്ന വാക്ക് കേൾക്കേണ്ടി വരില്ല. നല്ല ഉൽപന്നങ്ങൾക്ക് വില കൂടിയാലും ആവശ്യക്കാരുണ്ടെന്ന് ഓർക്കുക.