കന്നുകാലികൾ പറമ്പിൽ മേയാൻ വിടുമ്പോൾ ചിലപ്പോൾ പറമ്പിലുള്ള ചില ചെടികൾ കഴിക്കാറുണ്ട് . എന്നാൽ ഇവ അവയുടെ മരണമണി മുഴക്കുന്ന വിഷച്ചെടികളാണ് . ഇത് ചിലപ്പോൾ കന്നുകാലിയുടെ ആയുസ്സ് തന്നെ എടുത്തേക്കാം .
താഴെ കൊടുത്തിരിക്കുന്നത് അത്തരത്തിലുള്ള വിഷമച്ചെടികളെ കുറിച്ചാണ്. അതോടൊപ്പം അബദ്ധത്തിൽ അവ കഴിച്ചാലുള്ള പരിഹാരങ്ങളും കൊടുത്തിട്ടുണ്ട്
ആനത്തൊട്ടാവാടി : പാതയോരങ്ങളിലും, കൃഷിയിടങ്ങളിലും തഴച്ചു വളരുന്ന കളയാണ് ആനത്തൊട്ടാവാടി. ഇതിലടങ്ങിയിരിക്കുന്ന മൈമോസിൻ എന്ന വസ്തു കാലികളുടെ മരണത്തിന് വഴിവെക്കുന്നു.
വിഷബാധയേറ്റ കന്നുകാലികൾ ഭക്ഷണം കഴിക്കാതിരിക്കുക, ശരീരത്തിൽ, പ്രത്യേകിച്ച് പിൻഭാഗത്ത് നീര് എന്നീ ലക്ഷണങ്ങൾ കാണിക്കും. എരുമകളിൽ വിറയൽ, ശ്വാസ തടസ്സം, നടക്കാൻ ബുദ്ധിമുട്ട്, പേശീ സങ്കോചം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കും. വിഷബാധ ഏറ്റാൽ എത്രയും വേഗം ഒരു ഡോക്ടറുടെ സേവനം തേടുക. തഴുതാമ, വയൽച്ചുള്ളി, ഞെരിഞ്ഞിൽ എന്നിവയുടെ കഷായം നൽകുന്നത് ഫലപ്രദമാണ്.
പൂച്ചെടി (കൊങ്ങിണി) : അലങ്കാരച്ചെടിയായ പൂച്ചെടി കന്നുകാലികൾ ഭക്ഷിച്ചാൽ വയറ് സ്‌തംഭനം, തീറ്റയെടുക്കാൻ മടി, മഞ്ഞപ്പിത്തം, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങളിൽ വിണ്ടു കീറൽ എന്നീ ലക്ഷണങ്ങൾ കാണപ്പെടുകയും അവസാനം വൃക്കകൾ തകരാറിലായി മരണം സംഭവിക്കാം. വിഷ ബാധയേറ്റാൽ കാര്യമായ ചികിത്സയില്ല. സൂര്യ പ്രകാശം ഏൽപ്പിക്കാതിരിക്കുക. വയർ ഇളക്കുക വയർ കഴുകുക. എന്നിവയാണ് പ്രതിവിധി.
കപ്പയില, റബ്ബറില, പച്ചമുളയില: മാരകമായ വിഷമായ ഹൈഡ്രോസയനിക് ആസിഡ് ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. 100 ഗ്രാം കപ്പയിലയിൽ 180 മില്ലി ഗ്രാം ഹൈഡ്രോസയനിക് ആസിഡ് അടങ്ങിയിരിക്കുന്നു.
സ്റ്റന എന്നാൽ വെയിലത്ത് വാട്ടിയാൽ ഇത് 18 മില്ലി ഗ്രാം ആയി കുറയുന്നു. വിഷബാധയേറ്റാൽ അടിയന്തിര ചികിത്സ നൽകിയില്ലെങ്കിൽ 1 - 2 മണിക്കൂറിനുള്ളിൽ കാലി മരണപ്പെടാം. പ്രഥമ ചികിത്സയായി ഹൈപ്പോ 5-10 ഗ്രാം ആടുകൾക്കും 30- 50 ഗ്രാം കന്നുകാലികൾക്കും വെള്ളത്തിൽ കലക്കി കുടിപ്പിക്കുക. അല്ലെങ്കിൽ 50 ഗ്രാം കടുക് അരച്ച് 1 ഔൺസ് പേരയില നീരിൽ ചേർത്ത് നൽകുക. എത്രയും വേഗം ഡോക്ടറുടെ സേവനം തേടുകയും വേണം.
പുള്ളിച്ചേമ്പ്: വീട്ടു മുറ്റത്തും സ്വീകരണ മുറിയിലും അലങ്കാരച്ചെടിയായി സ്ഥാനം പിടിച്ചിട്ടുള്ള പുള്ളിച്ചേമ്പ് കാലികൾക്കും മനുഷ്യർക്കും ഒരേ പോലെ ഭീഷണിയാണ്. ആനയെപ്പോലും അപകടത്തിലാക്കാൻ തക്ക വിഷം പുള്ളിച്ചേമ്പിനുണ്ട്. വിഷബാധയേറ്റാൽ നാക്കിന് വീക്കവും വായിൽ നിന്നും ഉമിനീർ ഒലിപ്പും ഉണ്ടാകും. വിഷബാധ തിരിച്ചറിഞ്ഞാൽ എത്രയും വേഗം ഡോക്ടറുടെ സേവനം തേടുക.