അറൂളി പരൽ വീതിയുള്ള ശരീരത്തോടുകൂടിയ മത്സ്യമാണിത്. എന്നാൽ ഒരു ജോടി മീശരോമങ്ങളുണ്ട്. മുതുകുചിറകിന്റെ അവസാന മുള്ള് തീരെ ബലം കുറഞ്ഞതും വളച്ചാൽ വളയുന്നതുമാണ്. ചെതുമ്പലുകൾക്ക് സാമാന്യം വലുപ്പമുണ്ട്. പാർശ്വരേഖ പൂർണ്ണമാണ്. പാർശ്വരേഖ കടന്നുപോകുന്നത്. 20-22 ചെതുമ്പലുകളിലൂടെയാണ്. വളരെ ഭംഗിയുള്ള ഈ മത്സ്യത്തിന്റെ നിറം കൊണ്ടുമാത്രം ജനുസ്സിൽപ്പെട്ട മറ്റുള്ളവയിൽ ഇതേ നിന്നും ഇതിനെ വേർതിരിക്കുവാൻ സാധിക്കും.
ശരീരത്തിന്റെ മുതുകുവശം പച്ചകലർന്ന കറുപ്പ് നിറമാണ്. പാർശ്വങ്ങൾ വെള്ളിനിറമാണെങ്കിലും ഒരു ചുവപ്പ് രാശി കാണുവാൻ സാധിക്കും. പാർശ്വങ്ങളിലുള്ള ചെതുമ്പലുകളിൽ, പ്രത്യേകിച്ച് ചെകിയോടു ചേർന്ന്, പാർശ്വരേഖക്കു മുകൾ വശത്തെ ചെതുമ്പലുകളിൽ തിളങ്ങുന്ന പച്ചക്കുത്തുകൾ കാണുവാൻ സാധിക്കും. ഇതു കൂടാതെ പാർശ്വങ്ങളിൽ മൂന്ന് വലിയ കറുത്ത പുള്ളികളുണ്ട്. ഇവ യഥാക്രമം മുതുകു ചിറകിന് താഴെയും, ഗുദച്ചിറകിന് നേരെ മുകളിലും വാലറ്റത്തുമാണ് കാണപ്പെടുന്നത്. മുതുകു ചിറക് സാധാരണ സുതാര്യമായിരിക്കും. പ്രത്യേക നിറമൊന്നും തന്നെയില്ല.
ആൺ മത്സ്യങ്ങളിൽ പ്രജനന കാലങ്ങളിൽ മുതുകു ചിറകിന്റെ ആദ്യ മൂന്ന് നാല് രശ്മികൾ വളരെ നീണ്ടതായിരിക്കും. ഈ ഇഴയുടെ അഗ്രഭാഗം കറുത്തതായിരിക്കും. കൈച്ചിറക് ചിലപ്പോൾ നിറമില്ലാതെയും ചിലപ്പോൾ ചുവന്ന ഓറഞ്ച് നിറത്തിലും കാണപ്പെടുന്നു.
കാൽച്ചിറകിന്റെ ശരീരത്തോട് ചേർന്ന ഭാഗത്തിന് പ്രത്യേക നിറമൊന്നുമുല്ലെങ്കിലും അഗ്രഭാഗം തീക്കനൽ നിറമായിരിക്കും. ചിലപ്പോൾ നിറമില്ലാതെയും കാണാറുണ്ട്. വാൽച്ചിറകും ഗുദച്ചിറകും ചിലപ്പോൾ പൂർണ്ണമായോ, ഭാഗികമായോ തീക്കനൽ നിറമായിരിക്കും. മേൽ പ്രസ്താവിച്ച നിറങ്ങളിൽ നിന്നും ചെറിയ ഭേദങ്ങൾ കാണാറുണ്ട്.
1849-ൽ ടി.സി. ജെർഡൻ എന്ന ഇംഗ്ലീഷുകാരനാണ് ഈ മത്സ്യത്തെ കണ്ടെത്തി നാമകരണം ചെയ്തത് (Jerdon, 1849). മൈസൂറിലെ ശ്രീരംഗ പട്ടണത്തുനിന്നും കണ്ടെത്തിയ ഈ മത്സ്യത്തിന് അന്നാട്ടുകാർ വിളിച്ചിരുന്ന “അറൂളി' എന്ന പേര് ശാസ്ത്രനാമമായി നിർദ്ദേശിച്ചു.