വിരിഞ്ഞിറങ്ങുന്ന കാടക്കുഞ്ഞുങ്ങൾക്കും, കോഴിക്കുഞ്ഞുങ്ങൾക്കു നൽകുന്ന പരിപാലന മുറകളെല്ലാം തന്നെ നൽകേണ്ടതാണ്. കോഴിക്കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനുപയോഗിക്കുന്ന സാധന സാമഗ്രികൾ തന്നെ ഇവയ്ക്കും മതിയാകുന്നതാണ്.
മൂന്നാഴ്ചക്കാലത്തോളം കാടക്കുഞ്ഞുങ്ങൾക്ക് കൃത്രിമ ചൂട് നൽകേണ്ടതാണ്. ആരംഭദശയിൽ 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് നൽകേണ്ടത്. മൂന്നാഴ്ചക്കുശേഷം അന്തരീക്ഷത്തിൽ ചൂട് വളരെ കുറവാണെങ്കിൽ മാത്രമെ കൃത്രിമ ചൂട് നൽകേണ്ടതായുള്ളൂ. (ഡീപ്പ് ലിറ്റർ രീതിയിൽ), 100 കുഞ്ഞുങ്ങൾക്ക് 4060 വാട്ട് ബൾബ് മതിയാകും (ഡിസിന് ). തണുപ്പ് കാലങ്ങളിൽ രണ്ട് ബൾബ് ഇടേണ്ടി വന്നേക്കാം. ഒരു കാടക്കുഞ്ഞിന് 75 ചതുരശ്ര സെ.മീ. ബ്രൂഡർ സ്ഥലവും യഥേഷ്ടം ഓടി നടക്കുവാൻ വേറെ ഒരു 75 സെ.മീ. സ്ഥലവും നൽകണം. ഒരു കുഞ്ഞിന് രണ്ടു ലീനിയർ സെ.മീ നിരക്കിൽ തീറ്റ സ്ഥലവും ഒരു ലീനിയർ സെ.മീ നിരക്കിൽ വെള്ളത്തിനുള്ള സ്ഥലവും അനുവദിക്കണം ബ്രൂഡിങ്ങ് കാലം മൂന്നാഴ്ചക്കാലം വരെ ഈ അളവുകളെല്ലാം തുടർന്നാൽ മതിയാകുന്നതാണ്.
തീറ്റപ്പാത്രങ്ങൾ രണ്ടു തരത്തിലാണ് സാധാരണ കണ്ടുവരുന്നത്. നീളമുള്ളവയെ ലീനിയർ ഫീഡർ എന്നു പറയുന്നു. കുഞ്ഞുങ്ങൾ തീറ്റ അധികം പാഴാക്കിക്കളയാതിരിക്കാൻ മുകളിൽ ഗ്രിൽ വെച്ച തരത്തിലുള്ള ഫീഡറുകളും ഉണ്ട്. നീളമുള്ള പാത്രത്തിന്റെ രണ്ടു വക്രവും കണക്കിലെടുത്താണ് ഒരു കുഞ്ഞിനു വേണ്ട തീറ്റ സ്ഥലത്തിന്റെ നിരക്ക് കണക്കാക്കുന്നത്. ട്യൂബ് ഫീഡർ മറ്റൊരു തരത്തിലുള്ള തീറ്റ പാത്രമാണ് എങ്കിലും ഇവ അത് സാധാരണയായി കാടക്കുഞ്ഞുങ്ങൾക്ക് ഉപയോഗിച്ച് കണ്ടുവരുന്നില്ല. ഈ പാത്രത്തിന്റെ മേന്മ ഒരു തവണ തീറ്റ നിറച്ചാൽ കൂടുതൽ ദിവസത്തേക്ക് തീറ്റ തികയും എന്നതാണ്.
വെള്ളപ്പാത്രം തെരഞ്ഞെടുക്കുമ്പോൾ ചിലവു കുറഞ്ഞതും വൃത്തിയാക്കാൻ എളുപ്പമുള്ളതും കാടകൾക്ക് അകത്തു കയറി വെള്ളം മലിനമാക്കാൻ സാധിക്കാത്തതും ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ പ്ലാസ്റ്റിക് ബേസിനും ഒഴിഞ്ഞ ടിന്നും ഉണ്ടെങ്കിൽ വെള്ള പാത്രം സ്വന്തമായി നിർമ്മിക്കാവുന്നതാണ്. ടിന്നിന്റെ വക്കിൽ നിന്നും രണ്ട് ഇഞ്ച് താഴെ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി ടിന്നിൽ വെള്ളം നിറച്ച ബേസിനിലേക്ക് കമിഴ്ത്തിവെച്ചാൽ വെള്ളപ്പാത്രമായി. വെള്ളപ്പാത്രം എല്ലാ ദിവസവും വൃത്തിയാക്കി വെക്കണം. വൃത്തിയുള്ളതും, തണുത്തതും ആയ വെള്ളം വേണം നൽകുവാൻ, വെള്ളം യാതൊരു കാരണവശാലും താഴെ വീണ് ലിറ്റർ നനയാൻ പാടുള്ളതല്ല. 100 കുഞ്ഞുങ്ങൾക്ക് ഒരു ലിറ്റർ വീതം കൊള്ളുന്ന രണ്ടു വെള്ളപ്പാത്രങ്ങൾ മതിയാകുന്നതാണ്.
കാടക്കുഞ്ഞുങ്ങൾക്ക് വലുപ്പം തീരെ കുറവായതിനാൽ വെള്ളത്തിൽ വീണ് ചാകുന്നത് ഒഴിവാക്കുന്നതിനായി, വെള്ളപ്പാത്രത്തിൽ മാർബിൾ ഗോലികൾ ഇടുന്നത് നല്ലതായിരിക്കും. ഡീപ് ലിറ്റർ സമ്പ്രദായത്തിൽ വളരുന്നവയ്ക്ക് 5 സെ.മീ ഘനത്തിൽ വൃത്തിയുള്ള വിരി നൽകേണ്ടതാണ് (ലിറ്റർ). ഈ വിരിക്കു മുകളിൽ ആദ്യം കുറച്ചു ദിവസങ്ങളിൽ പരുപരുത്ത കടലാസുകൾ പരത്തിവെയ്ക്കേണ്ടതാണ് . ഈ വലയം ഒരാഴ്ച കഴിഞ്ഞാൽ എടുത്തുമാറ്റാവുന്നതുമാണ്. കാടകളിൽ കൊത്തുകൂടുന്ന ദുശ്ശീലം സാധാരണയായി കണ്ടു
വരുന്നു.
രണ്ടാഴ്ച പ്രായത്തിൽ കുഞ്ഞുങ്ങളുടെ ചുണ്ട് നിർദ്ദിഷ്ട അളവിൽ മുറിക്കുന്നത് ഈ പ്രവണത ഒഴിവാക്കുവാൻ സഹായിക്കും. പച്ചിലകൾ ചെറുതായി മുറിച്ച് തീറ്റയായി നൽകുന്നതും ഗുണകരമാണ്. കൂടുതൽ വെളിച്ചം കൂടുകളിൽ പതിക്കുകയോ വെളിച്ചം തീരെ കുറവായിരിക്കുകയോ ചെയ്താലും കാടകൾ തമ്മിൽ കൊത്തുകൂടുന്നതായി കണ്ടുവരുന്നു. വിരബാധ, തീറ്റയിൽ മാംസ്യത്തിന്റെ കുറവ് എന്നിവയും കൊത്തുകൂടലിന് കാരണമാകാം. പഴകും തോറും ഈ ദുശ്ശീലം മാറ്റി യെടുക്കുവാൻ ബുദ്ധിമുട്ടാകുമെന്നതിനാൽ എത്രയും വേഗം പരിചരണത്തിലെ പരിഷ്കരണങ്ങൾ കൊണ്ട് കൊത്തുകൂടൽ ഒഴിവാക്കണം. ചില സാഹചര്യങ്ങളിൽ കൊത്തുകൂടുന്നവയെ തിരഞ്ഞു പിടിച്ച് കൂട്ടത്തിൽ നിന്നും മാറ്റുകയും വേണ്ടി വരാം.