പെൺകാടകൾ 6-7 ആഴ്ച പ്രായത്തിൽ മുട്ടയിട്ടു തുടങ്ങും ഒരു വർഷത്തിൽ 250-300 മുട്ടകൾവരെയിടുന്നു. എട്ട് ആഴ്ച പ്രായം മുതൽ 25 ആഴ്ച പ്രായം വരെയുള്ള കാലങ്ങൾ മുട്ടയുത്പാദനത്തിന്റെ ഉന്നത മേഖലയായിരിക്കും. കോഴികൾ സാധാരണയായി 75 ശതമാനം മുട്ടയും ഉച്ചയ്ക്ക് മുമ്പാണ് ഇടുന്നത് എന്നറിയാമല്ലോ. പക്ഷെ കാടപ്പക്ഷികൾ വൈകീട്ട് അഞ്ച് മണിമുതൽ എട്ട് മണിവരെയുള്ള സമയത്താണ് കൂടുതൽ മുട്ടയിടുന്നത് എന്നത് ശ്രദ്ധേയമാണ്. ഏകദേശം 75 മാനത്തോളം മുട്ടയും ഈ സമയത്തും 25 ശതമാനത്തോളം രാത്രി കാലങ്ങളിലും ഇവ ഇടുന്നു. പന്ത്രണ്ട് മാസംവരെ ഉല്പാദനം തുടർന്നു കൊണ്ടിരിക്കും.
മുട്ടയുല്പാദനം തുടങ്ങിയ ശേഷം
മുട്ടയുല്പാദനം തുടങ്ങിയ ശേഷം ദിവസം 2-3 തവണ മുട്ടകൾ ശേഖരിക്കേണ്ടതാണ്. ശേഖരിച്ച മുട്ടകൾ 13 മുതൽ 18 ഡിഗ്രി സെൽഷ്യസും 70 ശതമാനം ഹ്യുമിഡിറ്റിയും (ഈർപ്പം സാന്ദ്രത) ഉള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കുക. വിരിയിക്കുവാനുള്ള മുട്ട ശേഖരണത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അവയിലെ അണുബാധയെ തടയുന്നതിനും, അണുനശീകരണത്തിനുമായി ഫ്യൂമിഗേഷൻ നടത്തേണ്ടതാണ്. അതായത് അടച്ചിട്ട മുറിയിൽ (മുട്ട ശേഖരിച്ചുവെച്ചിരിക്കുന്ന മുറിയിൽ തന്നെയാകാം) ഒരു ഘന ഇഞ്ചിന് 40 ഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റും 80 മി.ലി. ഫോർമാലിനും കൂടിയ മിശ്രിതം 10 മിനിറ്റു നേരം വെയ്ക്കുക. ഇതിനുശേഷം മുറി അരമണിക്കൂർ നേരത്തേക്ക് അടച്ചിടേണ്ടതാണ്.
ഫ്യൂമിഗേഷനു ശേഷം
ഫ്യൂമിഗേഷനു ശേഷം മുട്ടകൾ 13 ഡിഗ്രി സെൽഷ്യസ് ചൂടും 75 ശതമാനം ജലാംശവും ഉള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കുക. ശേഖരിച്ച് ഏഴ് ദിവസത്തിനുള്ളിൽ വിരിയിക്കാൻ എടുക്കേണ്ടതാണ്. ദിവസം കഴിയുംതോറും വിരിയൽ ശേഷി കുറയുന്നതായി കാണുന്നു. വിരിയിക്കുവാൻ ഇൻക്യുബേറ്ററിൽ വെക്കുന്നതിന് മുമ്പ് തണുപ്പ് മാറ്റുന്നതിനായി, മുട്ട ശേഖരിച്ച് സൂക്ഷിച്ചു വെച്ച് മുറിയിൽ നിന്നും പുറത്തേക്കെടുത്ത് കുറച്ചു നേരം വെയ്ക്കേണ്ടതാകുന്നു. മുട്ടയുടെ ചൂട് അന്തരീക്ഷത്തിലെ ഊഷ്മാവിനോട് തണ്ടാത്മ്യം പ്രാപിക്കുന്നതുവരെ പുറത്തെടുത്ത് വെയ്ക്കേണ്ടതാകുന്നു