മുയലിന് വിവിധ രോഗങ്ങൾ വരാൻ സാധ്യതയുണ്ട് എന്നതിനുള്ള ലക്ഷണങ്ങൾ:
സാധാരണയായി മുയലുകൾ കൂടുകളിൽ ഇടയ്ക്കിടെ രണ്ടാ മൂന്നോ കൊച്ചു കൊച്ചു ചാട്ടങ്ങളിലൂടെ നീങ്ങിക്കൊണ്ടിരിക്കും. മനുഷ്യരാരെങ്കിലും കൂടിനടുത്തു ചെല്ലുകയാണെങ്കിൽ ഇവ പെട്ടെന്ന് കൂടിന്റെ ഏറ്റവും ദൂരേയുള്ള മുലയിലേക്ക് ഇങ്ങനെ മാറി നമ്മെത്തന്നെ നോക്കിക്കൊണ്ടിരിക്കും.
എന്നാൽ അസുഖമുള്ള മുയലുകൾ ചുറ്റുപാടുകളിൽ താത്പര്യമില്ലാതെ കണ്ണുകൾ പകുതിയടച്ച് കുട്ടിൽ ഒരുങ്ങിയിരിക്കും. ശല്യപ്പെടുത്തിയാൽ പോലും അവ ഒന്നോ രണ്ടോ ചുവടു മാറി വീണ്ടും അനങ്ങാതിരിക്കും. ചിലവയുടെ പിൻകാലുകൾ തീരെ തളർന്ന പോലെ കാണപ്പെടും.
സ്ഥിരമായി നൽകി വരുന്ന തീറ്റയോട് പെട്ടെന്നൊരു ദിവസം മുയൽ മടുപ്പു കാണിച്ചാൽ അത് രോഗലക്ഷണമാണ്. എന്നാൽ തിരഞ്ഞു പിടിച്ച് തീറ്റയിലെ ചില ഭാഗങ്ങൾ മാത്രം തിന്നുന്നതോ തീറ്റ ക്രമേണ കുറഞ്ഞു കുറഞ്ഞു വരുന്നതോ മുയലിന്റെയല്ല മറിച്ച് തീറ്റയുടെ കുഴപ്പമാണ് വെളിവാക്കുന്നത്.
മറ്റു മൃഗങ്ങളിലേതുപോലെ മുയലുകളിൽ ദഹനക്കേടിനോടനുബന്ധിച്ച് വയറിളക്കം ഉണ്ടാകാറില്ല. അതിനാൽ കുഴമ്പു രൂപത്തിലോ വെള്ളം പോലെയോ കാഷ്ഠിക്കുന്നതും കാഷ്ഠത്തിൽ ചോരയോ കഫമോ കാണുന്നതും ഒരു പ്രധാന രോഗലക്ഷണമാണ്. മലദ്വാരത്തിനു ചുറ്റും കാഷ്ഠം ഉണങ്ങിപ്പിടിച്ചിരിക്കുന്നതും വയറിളക്കത്തിന്റെ സൂചനയാണ്. മുയലുകളുടെ ഭാരക്കുറവ് മറ്റൊരു പ്രധാന രോഗലക്ഷണമാണ്.
ഒരു മുയലിനെക്കാണുമ്പോൾ നാം പ്രതീക്ഷിക്കുന്ന തൂക്കത്തേക്കാൾ വളരെക്കുറവാണ് അതിനെ എടുത്തു പൊക്കുമ്പോൾ തോന്നുന്നതെങ്കിൽ ഗുരുതരവും കുറച്ചു നാളുകളായി നിലനിൽക്കുന്നതുമായ രോഗങ്ങൾ ഉണ്ടാകും. അലങ്കോലമായിക്കിടക്കുന്ന രോമങ്ങളും, ചില ഭാഗങ്ങളിൽ രോമങ്ങളുടെ കുറവും ഉന്തിയ വയറും ശോഷിച്ച് കാലുകളും ത്വക്കിലെ കേടുപാടുകളും മറ്റു രോഗലക്ഷണങ്ങളാണ്