മുയലുകളുടെ രോഗപ്രതിരോധ മാർഗങ്ങളിൽ ഒന്നാണ് പുതുതായി കൊണ്ടുവരുന്ന മുയലുകളെ ചുരുങ്ങിയത് രണ്ടാഴ്ചത്തെ നിരീക്ഷണത്തിൽ വയ്ക്കുന്നത്.
മുയലുകൾക്ക് വേണ്ട രോഗപ്രതിരോധ മാർഗങ്ങൾ
- രോഗമുള്ളവയെ ആരോഗ്യമുള്ള മുയലുകളിൽ നിന്ന് മാറ്റി പാർപ്പിക്കണം.
- പുതുതായി കൊണ്ടുവരുന്ന മുയലുകളെ ചുരുങ്ങിയത് രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷമേ കൂട്ടത്തിൽ പാർപ്പിക്കാവു.
- ശാസ്ത്രീയ രീതിയിലുള്ള പാർപ്പിടവും സംരക്ഷണവും വേണം.
- ശാസ്ത്രീയമായ പോഷണം പ്രായത്തിനും ശാരീരിക ആവശ്യങ്ങൾക്കും അനുസരിച്ച് നൽകണം.
- കൂടുകളുടേയും ഷെല്ലുകളുടേയും ശുചിത്വപാലനമാണ് രോഗപ്രതി രോധത്തിലെ ഏറ്റവും പ്രധാന സംഗതി.
മുയലിന്റെ രോഗാവസ്ഥ തിരിച്ചറിയൽ
മുയലുകളുടെ രോഗാവസ്ഥ തിരിച്ചറിയാൻ അവയെ യഥാവിധം നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. സ്വാഭാവികമായുള്ള പെരുമാറ്റത്തിൽ നിന്ന് മാറ്റങ്ങൾ ഉണ്ടായാൽ അവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അനുമാനിക്കാം. രോഗസ്ഥിരീകരണവും ചികിത്സയും നടത്താൻ ഡോക്ടറുടെ സഹായം തേടണം.
പ്രധാനമായും താഴെ പറയുന്ന ലക്ഷണങ്ങൾ ഏതെങ്കിലും കണ്ടാൽ രോഗാവസ്ഥ സംശയിക്കാം.
1. രോഗമുള്ള മുയലുകളുടെ കണ്ണുകൾ നിർജ്ജീവമായിരിക്കും. സ്വാഭാവികമായ ഭംഗിയും ഉണ്ടാവില്ല. കണ്ണുനീരും മറ്റു സ്രവങ്ങളും കാണുകയും ചെയ്യും.
2 നിറം മങ്ങിയ രോമങ്ങളും രോമം കൊഴിച്ചിലും രോഗത്തിന്റെ ലക്ഷണമാകാം. എന്നാൽ വർഷംതോറും സ്വാഭാവികമായ രോമം കൊഴിച്ചിൽ ഉണ്ടാകും.
3. ശരീരത്തിന്റെ സാധാരണ ചലനങ്ങളിൽ നിന്നും വിഭിന്നമായ ഏതൊരു ചലനവും രോഗലക്ഷണമാകാം.
4. ഭക്ഷണം കഴിക്കാതിരിക്കുന്നതും സാധാരണ കഴിക്കുന്ന അളവിൽ കുറച്ചു കഴിക്കുന്നതും രോഗം മൂലമാകാം.
5 ശരീരം ശോഷിച്ചു വരിക, വയർ ഉന്തി വരിക എന്നിവയും രോഗ ലക്ഷണങ്ങളാകാം.
6 സ്വാഭാവികമായ വളർച്ചയും പ്രായത്തിനനുസരിച്ചുള്ള ശരീരഭാരവും ഇല്ലെങ്കിൽ എന്തെങ്കിലും രോഗമുള്ളതായി കണക്കാക്കാം.
7. സ്വാഭാവികമായി മണി രൂപത്തിൽ കാണപ്പെടുന്ന മുയൽ കാഷ്ഠം ദ്രവരൂപത്തിലോ രക്തമോ, വിരകളോ ഉള്ളതായി കണ്ടാൽ രോഗാവസ്ഥ സംശയിക്കാം.
8. ശരീര താപനില, നാഡിമിടിപ്പ് എന്നിവ കൂടിയാൽ രോഗാവസ്ഥയുണ്ടാകാം.
9. ശരീരത്തിന്റെ വിവിധ ദ്വാരങ്ങളിൽ നിന്നും സ്രവങ്ങൾ ഉണ്ടാകുന്നത് രോഗലക്ഷണമാണ്.
10. സ്വഭാവ വൈകൃതങ്ങൾ, അസ്വാഭാവികമായ പെരുമാറ്റം എന്നിവ ചില രോഗങ്ങളുടെ ലക്ഷണമാകാം.