മുയലിറച്ചി സാധാരണയായി വിപണനം ചെയ്യുന്നത് കശാപ്പു ചെയ്യപ്പെടുന്ന മുയലുകളിൽ നിന്നും എല്ലോടുകൂടിയ മാസം വിവിധ അളവുകളിൽ പാക്ക് ചെയ്ത് നൽകുന്ന രീതിയിലാണ്. ഇപ്രകാരമുള്ള വിപണനത്തിലൂടെ പ്രതീക്ഷിക്കുന്ന ലാഭം താരതമ്യേന കുറവാണ് (5% മുതൽ 10% വരെ). എന്നാൽ മുയലിറച്ചിയിൽ നിന്നും എല്ലുകൾ വേർപെടുത്തി മൂല്യവർദ്ധിത ഇറച്ചി ഉൽപ്പന്നങ്ങളാക്കി വിപണനം നടത്തുക വഴി ഏകദേശം 30% മുതൽ 40% വരെ ലാഭം പ്രതീക്ഷിക്കാവുന്നതാണ്. അതിനാൽ തന്നെ മൂല്യവർദ്ധിത ഇറച്ചിയുൽപ്പന്നങ്ങളുടെ സാധ്യതകൾ പരമാവധി മുതലെടുക്കേണ്ടതുണ്ട്.
മുയലിറച്ചി ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കാം.
1. നേരിട്ട് ഭക്ഷിക്കാവുന്ന ഉൽപ്പന്നങ്ങൾ
റാബിറ്റ് കട്ലറ്റ്, പിക്കിൾ, റാബിറ്റ് , കബാബ്, സോസേജ്, റാബിറ്റ് കറി മുതലായവ ഈ വിഭാഗത്തിൽ പെടുന്നു. താരതമ്യേന ചിലവു കുറഞ്ഞ ഉപകരണങ്ങൾ ഉപയോഗിച്ച് വൃത്തിയായ രീതിയിൽ ഇവ നിർമ്മിച്ച് ആകർഷകമായ പായ്ക്കിൽ വിപണനം ചെയ്യാവുന്നതാണ്. ശീതീകരിച്ച് സൂക്ഷിക്കുക വഴി ഈ ഉൽപ്പന്നങ്ങളുടെ പുതുമ ദിവസങ്ങളോളം നിലനിർത്താവുന്നതാണ്. മുയലിറച്ചിയുടെ വ്യത്യസ്ത രുചി, മൃദുത്വം, കുറഞ്ഞ കൊഴുപ്പ് കൊളസ്റ്ററോൾ തുടങ്ങിയ ഘടകങ്ങൾ അടിവരയിട്ട് വേണം ഈ ഉൽപ്പന്നങ്ങൾ വിപണനം നടത്തേണ്ടത്.
2. പാകം ചെയ്ത് ഉപയോഗിക്കേണ്ട ഉൽപ്പന്നങ്ങൾ
വീട്ടമ്മമാരുടെ അധ്വാനവും സമയവും കുറക്കുന്നതിനായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളാണിവ. പാകം ചെയ്യുന്നതിന് മുൻപുള്ള കൊത്തിനുറുക്കൽ, മരിനേഷൻ തുടങ്ങിയ കാര്യങ്ങൾ ഇല്ലാതെ നേരിട്ട് ചെയ്യാവുന്ന രീതിയിൽ ഈ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ്. റാബിറ്റ് ബിറ്റ്സ് (കഷണങ്ങളാക്കിയ ഇറച്ചി), റാബിറ്റ് കീമ (ചിരകിയ ഇറച്ചി), മാരിനേറ്റഡ് റാബിറ്റ് (മസാല പുരട്ടിയത്) തുടങ്ങിയ ഉൽപ്പന്നങ്ങൾ ഈ വിഭാഗത്തിൽ പെടുന്നു.
മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങളുടെ നിർമ്മാണം പരിശീലിക്കുന്നതി നായി വ്യവസായ സംരംഭകർ, സ്വയംസഹായസംഘങ്ങൾ, വീട്ടമ്മമാർ എന്നീ വിഭാഗങ്ങൾക്ക് മണ്ണുത്തിയിലുള്ള മീറ്റ് ടെക്നോളജി വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.