ആസ്ട്രേലിയൻ ഇനമായ റെഡ് നേപ്പിയർ പേരു സൂചിപ്പിക്കുന്നപോലെ ചുവപ്പ് നിറമുള്ള തണ്ടും ഇലകളുമൊക്കെയാണ്. ഇതിൽ കൂടുതൽ അന്നജം, മാംസ്യം, സസ്യഎണ്ണ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചുവപ്പ് നിറത്തിൽ വളർന്ന് നിറഞ്ഞ് നിൽക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി ആണെങ്കിലും നമ്മുടെ നാട്ടിൽ ഇതിന് വളരെ മികച്ച വിളവ് കിട്ടുന്നതായി കാണുന്നില്ല.
സങ്കരനേപ്പിയർ ഇനങ്ങളെല്ലാം പൂവിടുകയും വിത്തുൽപാദിപ്പിക്കുകയും ചെയ്യുമെങ്കിലും ഇവയെല്ലാം തന്നെ മില്ലറ്റ് പുല്ല് ഇനങ്ങളുടെ സങ്കരം ആയതിനാൽ ബീജാങ്കുരണ ശേഷി ഇല്ലാത്തവയാണ്. തണ്ട് നട്ടാണ് കൃഷി ചെയ്യുന്നത് എന്നത് വിവിധ ഇനങ്ങളുടെ പെട്ടെന്നുള്ള വ്യാപനത്തിനും തനത് സ്വഭാവ സംരക്ഷണ ത്തിനും വളരെയധികം സഹായിച്ചിട്ടുണ്ട്. രണ്ട് മുട്ടെങ്കിലുമുള്ള ഒരു തണ്ട് കിട്ടിയാൽ ആർക്കും എളുപ്പത്തിൽ വളർത്തിയെടുത്ത് വ്യാപിപ്പിക്കാം എന്നതാണ് ഇവയുടെ മെച്ചം.
വരിയും നിരയും തമ്മിൽ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലത്തിൽ തടമെടുത്ത് രണ്ട് മുട്ടുകളിൽ (നോഡ്സ്) ഒരെണ്ണം മണ്ണിനടിയിൽ ആക്കി 45ഡിഗ്രി ചരിച്ച് മഴയുടെ ആരംഭത്തോടെ നടുന്നതാണ് ഏറ്റവും അഭികാമ്യം. സൂപ്പർ നേപ്പിയർ പോലെയുള്ളവ വർഷത്തിൽ 3 പ്രാവശ്യം വരെ വിളവെടുക്കാൻ കഴിയും. ആദ്യത്തെ വിളവ് 45-75 ദിവസത്തിനുള്ളിലും പിന്നീട് 35-40 ദിവസം കഴിഞ്ഞ് വളർച്ചയ്ക്കനുസരിച്ച് മുറിച്ചെടുക്കാം.
മൂത്തു പോയ പഴയ തണ്ടുകൾ കൃത്യമായി മുറിച്ചു മാറ്റി പഴയ വേരുപടലത്തിൽ നിന്നും പുതിയ ചിനപ്പുകൾ വരാൻ തക്കവണ്ണം നിലമൊരുക്കി കൊടുക്കുകയും വേണം. ഒരു ചുവട്ടിൽ നിന്നും 75-100 ചിനപ്പുകൾ വരെ കിട്ടാറുണ്ട്. അതുകൊണ്ടു തന്നെ പുൽകൃഷി ചെയ്യാൻ സ്ഥലമില്ലാത്തവർക്കുപോലും ചാക്കുകളിലും മറ്റും കൃഷി ചെയ്തു മെച്ചപ്പെട്ട വിളവു ഉണ്ടാക്കാൻ കഴിയും.
വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പോഷകഗുണം കുറയ്ക്കുന്ന ഓക്സലേറ്റ്, നൈട്രേറ്റ് എന്നിവയുടെ ഏറ്റക്കുറച്ചിൽ കാണപ്പെടുന്നു. മൂപ്പെത്തുംതോറും ഇവയുടെ അളവ് കുറയുന്നു. എന്നാൽ പൂവിട്ടു കഴിഞ്ഞാൽ മറ്റ് പോഷകങ്ങളും പെട്ടെന്ന് കുറയുന്നു. അതിനാൽ ഗുണമേന്മയുള്ള പുല്ലിന് വളർച്ച പൂർത്തിയായി പൂവിടുന്നതിന് തൊട്ട് മുൻപ് അരിഞ്ഞെടുക്കുന്നതാണ് അഭികാമ്യം.