ശാസ്ത്രീയമായ പരിപാലനമുറകൾ പിന്തുടരുന്നതിനോടൊപ്പം തന്നെ ആടുകളിലുണ്ടാകുന്ന രോഗങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഇത് തുടക്കത്തിൽ കാലതാമസം വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിനു ഉപകരിക്കും തന്നെ കൂടാതെയുള്ള ബാഹ്യപരാദങ്ങളായ ചെള്ള്, പേന, പട്ടുണ്ണി തുടങ്ങിയവയുടെ നിയന്ത്രണം, ആട് വളർത്തലിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ബാഹ്യപരാദങ്ങളുടെ നിയന്ത്രണത്തിനായി മരുന്നുകൾ ശരീരത്തിൽ ചെയ്യുകയോ, തേച്ചുപിടിപ്പിക്കുകയോ ചെയ്യാവുന്നതാണ്. ആടുകളെ പുറത്തുനിർത്തി ഇതേ രീതിയിൽ ആട്ടിൻ കൂട്ടിലും മരുന്ന് തളിച്ച് വൃത്തിയാക്കേണ്ടതാണ്.
ആന്തരിക പരാദങ്ങളെ നിയന്ത്രിക്കുന്നതിനായി ആട്ടിൻ കുട്ടികൾക്ക് മൂന്നാഴ്ച പ്രായത്തിൽ വിരമരുന്ന് നൽകണം. ഒരുമാസം കഴിഞ്ഞ് വീണ്ടും വിരമരുന്ന് നൽകണം. ഇങ്ങനെ ആറുമാസം പ്രായമാകുന്നതു വരെ എല്ലാമാസവും വിരമരുന്ന് നൽകേണ്ടതാണ്. ആട്ടിൻ കുട്ടികൾക്ക് അവയുടെ ശരീരഭാരത്തിന് അനുസരിച്ചാണ് വിരമരുന്ന് നൽകേണ്ടത്. ഉരുണ്ടവിര, നാടവിര തുടങ്ങി പലതരം വിരകളുടെ ശല്യം ഉള്ളതുകൊണ്ട് വിവിധ മരുന്നുകൾ നൽകേണ്ടി വരും. ഒരു മരുന്നുതന്നെ സ്ഥിരമായി നൽകുന്നതുവഴി മറ്റ് വിരകൾ ക്രമാതീതമായി പെരുകാൻ സാധ്യതയുണ്ട്.
ഗർഭാവസ്ഥയിൽ മരുന്ന് നൽകേണ്ടിവന്നാൽ ഗർഭം അലസാൻ സാധ്യതയുള്ള മരുന്നുകൾ ഒഴിവാക്കേണ്ടതുണ്ട്. ഇതിനാൽ ഗർഭസമയത്ത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്ന് നൽകുക.
മഴയും തണുപ്പും ബാധിക്കാതെ വേണം ആടുകളെ പാർപ്പിക്കാൻ ഈർപ്പം നിറഞ്ഞ അന്തരീക്ഷം ഒഴിവാക്കാൻ ശ്രദ്ധിക്കണം. ആട്ടിൻ കുട്ടികളിൽ കാണുന്ന വയറിളക്കത്തിന് വൈദ്യസഹായം തേടേണ്ടതാണ്. പൂപ്പൽ ബാധിച്ചതും കട്ട പിടിച്ചതുമായ തീറ്റ ഒരു കാരണവശാലും ആടുകൾക്ക് നൽകരുത്.
പായസം, കഞ്ഞി, പഴുത്ത ചക്ക മുതലായവ അധികമായി നല്കുന്നത് മരണത്തിലേയ്ക്ക് വരെ എത്തിച്ചേക്കാം. ദ്രവ രൂപത്തിലുള്ള മരുന്നുകൾ പിടിച്ചു കൊടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഈ മരുന്ന് ശ്വാസകോശത്തിലെത്തി ന്യുമോണിയ പിടിപെടാനുള്ള സാധ്യത ഏറെയാണ്. ആടുകൾക്ക് മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കാൻ ശ്രമിക്കുക.