വയൽ പണിക്കാരുടെ രോഗം, ചെളിയിൽ പണിയെടുക്കുന്നവരുടെ രോഗം, കരിമ്പുവെട്ടുകാരുടെ രോഗം, പന്നിവളർത്തൽ കർഷകരുടെ രോഗം എന്നൊക്കെയുള്ള അപരനാമങ്ങളും എലിപ്പനിക്കുണ്ട്. ചെളിയും വെള്ളവും കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ കൃഷി-അനുബന്ധ ജോലികളിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ വ്യക്തിഗത സുരക്ഷാമാർഗങ്ങളായ വെള്ളം കയറാത്ത കാലുറകളും കൈയ്യുറകളും ധരിക്കണം.
ചർമ്മത്തിൽ മുറിവോ വ്യണമോ പോറലോ ഉണ്ടെങ്കിൽ എലിപ്പനി രോഗാണുവിന് അനായാസം ശരീരത്തിനുള്ളിൽ കടക്കാനാവും. പാദം വിണ്ടുകീറിയവർ, ഏറെ നേരം വെള്ളത്തിൽ പണിയെടുത്ത് കൈകാലുകളിലെ ചർമ്മം മൃദുലമായവർ തുടങ്ങിയവരിലും എലിപ്പനി രോഗാണുവിന് ശരീരത്തിനകത്തേക്കുള്ള പ്രവേശനം എളുപ്പമാണ്. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ ജോലിയ്ക്ക് മുൻപും ശേഷവും മുറിവിൽ ആന്റി സെപ്റ്റിക് ലേഖനങ്ങൾ പുരട്ടി ബാൻഡേജ് ഒട്ടിക്കുകയോ കെട്ടുകയോ വേണം. അയഡിൻ അടങ്ങിയ ലേപനങ്ങൾ ഉപയോഗിക്കാവുന്നതാണ്.
ഇതിനായി മുഖ്യ ആഹാരത്തിന് ശേഷം ആഴ്‌ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ എന്ന ആന്റിബയോട്ടിക്ക് 100 മില്ലീഗ്രാമിൻ്റെ ഗുളിക രണ്ടെണ്ണം വീതം തുടർച്ചയായ ആഴ്‌ചകളിൽ കഴിക്കുന്നത് വഴി രോഗത്തെ പ്രതിരോധിക്കാനാവും. ചിലർക്ക് ഡോക്സിസൈക്ലിൻ വയറിൽ അസ്വസ്ഥതയുണ്ടാക്കാം. അങ്ങിനെയുള്ളവർ ഡോക്ടറെ സമീപിച്ച് ഫലപ്രദമായ മറ്റ് ആന്റിബയോട്ടിക്കുകൾ സ്വീകരിക്കണം. പ്രതിരോധമരുന്നുകൾ കഴിച്ചവരും ചെളിയിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും ഇറങ്ങി ജോലിയിൽ ഏർപ്പെടുമ്പോൾ കയ്യുറയും കാലുറയും ഉൾപ്പെടെയുള്ള സ്വയം പരിരക്ഷാമാർഗങ്ങൾ സ്വീകരിക്കുക.