കാലവർഷാരംഭത്തിൽ കന്നുകാലികളിൽ കണ്ടുവരുന്ന സാംക്രമിക രോഗമാണ് എഫിമറൽപനി എന്ന പേരിലറിയപ്പെടുന്ന മുടന്തൻ പനി. കിടാരികളിലും പശുക്കളിലും രോഗം കൂടുതലായി കണ്ടുവരുന്നു. RNA വിഭാഗത്തിൽപ്പെട്ട ആർബോവൈറസ്സാണ് രോഗകാരകം. സാൻഡ്‌ഫ് വിഭാഗത്തിൽപ്പെട്ട ഈച്ചകളാണ് രോഗം പരത്തുന്നത്.
ശക്തിയായ പനി, തീറ്റതിന്നാതിരിക്കൽ, ശരീരംവിറയൽ, മൂക്കൊലിപ്പ്, പാലുൽപ്പാദനത്തിൽ കുറവ്, നടക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രാരംഭരോഗലക്ഷണങ്ങൾ. ശരീരത്തിലെ മാംസപേശികൾ കോച്ചിപ്പിടിക്കുന്നതിനാലാണ് നടക്കാൻ ബുദ്ധിമുട്ട് കൂടുതലായും കാലുകളിലെ പേശികളെയാണ് കോച്ചിപ്പിടുത്തം ബാധിക്കുന്നത്. തന്മൂലം മാറിമാറി മുടന്ത് കാണപ്പെടുന്നു.
രോഗം ബാധിച്ച കന്നുകാലികൾക്ക് ദ്രാവകരൂപത്തിലുള്ള ഭക്ഷണപദാർഥങ്ങൾ വായിൽക്കൂടി ഒഴിച്ചുകൊടുക്കാൻ പാടില്ല. ഇത് ശ്വാസകോശങ്ങളിൽക്കയറി ന്യൂമോണിയ രോഗത്തിനിടവരുത്തും.
വൈറസ് രോഗമായതിനാൽ ഫലപ്രദമായ ചികിത്സയില്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സ നൽകിവരുന്നത്.
എഫിമറൽ പനിക്കെതിരായി പ്രതിരോധകുത്തിവയ്പ്പുകൾ നിലവിലുണ്ടെങ്കിലും, നമ്മുടെ നാട്ടിൽ കൂടുതൽ പ്രചാരത്തിലില്ല. അതിനാൽ രോഗനിയന്ത്രണത്തിനായി ശാസ്ത്രീയ പരിചരണമുറകൾ അവലംബിക്കേണ്ടതുണ്ട്. കന്നുകാലികളുടെ ശരീരത്തുനിന്നും പരിസരങ്ങളിൽ നിന്നും ഈച്ചകളെയും മറ്റു കീടങ്ങളെയും അകറ്റിനിർത്തുകയാണ് മുഖ്യനിയന്ത്രണോപാധി. രോഗമുള്ളവയെ മറ്റുള്ളവയിൽ നിന്നും മാറ്റിപാർപ്പിക്കണം.