തനത് കാലാവസ്ഥയിൽ ഉരുത്തിരിഞ്ഞ് വന്നതും, അതാത് കാലാവസ്ഥയോട് യോജിച്ച് ജീവിക്കുന്നവയുമാണ് തനത് കന്നുകാലി ജനുസ്സുകൾ. അതിനാൽ തദ്ദേശ ജനുസ്സുകളെ ഉപയോഗിച്ചുള്ള മൃഗ സംരക്ഷണ പദ്ധതികൾ കൂടുതൽ പ്രാവർത്തികവും, താരതമ്യേന തടസ്സങ്ങൾ കുറഞ്ഞതുമായിരിക്കും. എന്നാൽ എല്ലാ ജീവജാലങ്ങളിലും തദ്ദേശ ജനുസ്സുകളെ മാത്രം ആശ്രയിച്ച് കന്നുകാലി വികസനം സാധിക്കുകയില്ല.
ഉദാഹരണത്തിന്, കേരളത്തിന്റെ തനത് ജനുസ്സായ മലബാറി ആടുകൾ, എണ്ണത്തിലും ഉത്പാദനത്തിലും (പാലുത്പാദനം, തീറ്റപരിവർത്തനശേഷി, ഒറ്റ പ്രസവത്തിലെ കുട്ടികളുടെ എണ്ണം) മുൻപന്തിയിലായതിനാൽ, മലബാറി ആടുകളിൽ ഊന്നൽ നൽകി കൊണ്ടുള്ള സമഗ്ര വികസനം, കേരളത്തിലെ ആടുവളർത്തൽ മേഖലയ്ക്ക് ഉണർവ്വേകും.
എന്നാൽ പശുക്കളെ സംബന്ധിച്ച് കേരളത്തിന്റെ തനത് ജനുസ്സായ വെച്ചൂർ പശുക്കൾ എണ്ണത്തിൽ കുറവാണെന്ന് മാത്രമല്ല, പാലുത്പാദനത്തിൽ ഒരു പാട് മികവ് പുലർത്തുന്നുമില്ല. ഇത്തരം സന്ദർഭത്തിൽ തനത് ജനുസ്സുകളെ സംരക്ഷിക്കുന്നതിനൊപ്പം തന്നെ, ഈ ജനുസ്സുകളുടെ മുന്തിയ സ്വഭാവ വിശേഷണങ്ങൾ കൂടി ഉൾക്കൊള്ളുന്ന സങ്കരവർഗ്ഗങ്ങളെ ഉത്പാദിപ്പിച്ച്, പാലുത്പാദനം കൂട്ടുക എന്നതാണ് പ്രായോഗിക മാർഗ്ഗം,
കന്നുകാലികളെ തിരഞ്ഞെടുക്കുമ്പോൾ
കറവപ്പശുക്കളുടെ ജനിതകമേന്മ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. സാധാരണയായി കൃത്രിമ ബീജസങ്കലനം വഴിയാണ് പ്രജനനപ്രക്രിയ നടക്കുന്നത് എന്നതിനാൽ വിത്തുകാളകളുടെ തിരഞ്ഞെടുപ്പ് അതീവശ്രദ്ധ അർഹിക്കുന്നു. ജനിതകതത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു കൂട്ടം ശാസ്ത്രജ്ഞർ സസൂക്ഷ്മം ചെയ്യുന്ന ഈ പ്രക്രിയയിൽ പാലുത്പാദനക്ഷമതയ്ക്കും, പാലിന്റെ ഘടനയ്ക്കും പുറമെ താപസഹിഷ്ണുതയും ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നു.