മൃഗസംരക്ഷണ മേഖലയിൽ കടുത്ത ഭീഷണി ഉയർത്തുന്ന കാലികളിലെ ഭക്ഷ്യവിഷബാധ തടയാൻ കൃത്യമായ നിരീക്ഷണവും ജാഗ്രതയും ആവശ്യമാണ്. ഭക്ഷ്യവസ്‌തുക്കളിലെ പൂപ്പൽ ബാധയാണ് പ്രധാന രോഗഹേതു. ആസ്പെർജില്ലസ് വിഭാഗത്തിൽപ്പെട്ട കുമിളുകളാണ് പ്രധാനമായും ഇതിന് കാരണം. ഇത്തരം കുമിളുകൾ ഉത്പാദിപ്പിക്കുന്ന വിഷവസ്‌തുക്കൾ പൊതുവേ അഫ്ളാടോക്‌സികൾ എന്നാണ് അറിയപ്പെടുന്നത്. ഇതുമൂലമുണ്ടാകുന്ന വിഷബാധയെ അഫ്ളാടോക്സിക്കോസിസ് എന്നു വിളിക്കുന്നു.
ശരിയായ വിധത്തിൽ സൂക്ഷിക്കാത്ത ധാന്യവർഗ തീറ്റ വസ്‌തുക്കൾ, ചോളം, ഗോതമ്പ്, ബജ്റ എന്നിവയൊക്കെ അടങ്ങിയ സമീകൃത തീറ്റ, ധാന്യ ഉപോത്പന്നങ്ങൾ, ശരിയായ രീതിയിൽ ജലാംശം നിയന്ത്രിക്കാതെ സൂക്ഷിക്കുന്ന ഉണക്കപ്പുല്ല്, സൈലേജ് നിർമാണത്തിലെ അപാകതകൾ എന്നിവ പൂപ്പൽ ബാധയ്ക്കും അതു വഴിയുള്ള ഭഷ്യ വിഷബാധക്കും കാരണമാകാം.
ഭക്ഷ്യവിഷബാധ കാലികളുടെ ആരോഗ്യത്തെയും ഉത്പാദനത്തെയും കാര്യമായി ബാധിക്കും. വിഷാംശമുള്ള വസ്‌തുക്കൾ തുടർച്ചയായി കഴിക്കുന്ന മൃഗങ്ങളിൽ പ്രത്യുത്‌പാദന ക്ഷമത കുറയുന്നതും മദി ചക്രത്തിൽ വ്യതിയാനങ്ങൾ വരുന്നതും സാധാരണയാണ്. പ്രതിരോധശക്തി കുറയുന്നതു മൂലം മറ്റ് രോഗങ്ങൾ വളരെവേഗം പിടികൂടുകയും ചെയ്യും. പാലുത്പാദനത്തിൽ പതിനഞ്ച് ശതമാനത്തിലേറെ കുറവ് വരാനുമിടയുണ്ട്.
പൂപ്പൽ ബാധിച്ച തീറ്റയിലൂടെ ഉള്ളിലെത്തുന്ന വിഷാംശം അപചയത്തിനു വിധേയമായി രൂപമാറ്റം സംഭവിച്ച് പാലിലൂടെയോ വിസർജ്യ വസ്‌തുക്കളിലൂടെ പുറത്തു വരും. ഈ വിഷാംശം നേരിട്ടുള്ള വിഷബാധയുടെ അത്ര പ്രശ്‌നമുണ്ടാക്കില്ലെങ്കിലും ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം.
ആരെയൊക്കെ ബാധിക്കാം
ഏറ്റവും അധികം ബാധിക്കുന്നതു വളർത്തു പക്ഷികളെയാണ്. അവയിൽത്തന്നെ താറാവ്, ടർക്കി എന്നിവയിലാണ് ഏറ്റവും തീവ്രതയുള്ള ലക്ഷണങ്ങളുണ്ടാകുന്നത്. പൂപ്പൽ ബാധയുള്ള തീറ്റ തിന്നുന്ന താറാവിൻ കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്.
വിഷാംശമടങ്ങിയ തീറ്റ സ്ഥിരമായി കഴിച്ചാൽ പശു, എരുമ എന്നിവ വിഷബാധ ലക്ഷണങ്ങൾ കാണിക്കും. പൂപ്പൽ ബാധയുടെ ബാഹുല്യത്തേയും അകത്തു ചെന്ന വിഷാംശത്തിൻ്റെ അളവിനെയും ആശ്രയിച്ചാണു കന്നുകാലികളിൽ വിഷബാധയുടെ തീവ്രത അനുഭവപ്പെടുന്നത്.
സാധാരണ ചെറുപ്രായത്തിലുള്ളവയെയാണു പൂപ്പൽ ബാധ ബാധിക്കുന്നത്. ഒരേ കൂട്ടത്തിൽ തന്നെയുള്ള മൃഗങ്ങളിൽ വിഷബാധയുടെ ലക്ഷണങ്ങളും തീവ്രതയും പ്രായം, ലിംഗം ആരോഗ്യസ്ഥിതി, എന്നിവ അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും.
ലക്ഷണങ്ങൾ
വയറിളക്കം, തീറ്റയെടുക്കാൻ മടി, വിശപ്പില്ലായ്മ, രോമക്കൊഴിച്ചിൽ, വാൽ, ചെവി തുടങ്ങിയ ശരീരാഗ്രങ്ങൾ അറ്റു പോകുക, കുളമ്പ് ചീയൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ അഫ്ളാടോക്സിൻ വിഷബാധ ഒരു കാലിക്കൂട്ടത്തിൽ ഒന്നാകെ ബാധിക്കുന്നതായാണു സാധാരണ കാണപ്പെടുന്നത്. അതിനാൽ പരക്കെയുള്ള അസുഖലക്ഷണങ്ങൾ കാണുമ്പോൾ ഭക്ഷ്യവിഷബാധ സംശയിക്കാം.