കിടാക്കളിൽ ആദ്യത്തെ ഒരു മാസം പ്രായത്തിൽ ശ്വാസകോശ രോഗങ്ങൾ, വയറിളക്കം തുടങ്ങിയവ ബാധിച്ചുള്ള മരണങ്ങൾ പൊതുവെ കൂടുതലായി കണ്ടുവരുന്നു. ഇത്തരം സാഹചര്യങ്ങൾ തടയാൻ കിടാക്കൂടുകളിൽ വൈക്കോൽ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. കൂട്ടിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. കൂടുതൽ കിടാക്കൾ ഉണ്ടെങ്കിൽ അവയെ ആദ്യ മൂന്ന് മാസം പ്രത്യേകം പ്രത്യേകം കിടാക്കൂടുകൾ തയ്യാറാക്കി പാർപ്പിക്കുന്നതാണ് അഭികാമ്യം. പിന്നീട് ആറുമാസം വരെ കിടാക്കളെ ഒരുമിച്ച് പാർപ്പിക്കാം.
ആറുമാസം പ്രായമെത്തിയാൽ പശുക്കിടാക്കളെ മൂരിക്കിടാക്കളിൽ നിന്നും മാറ്റി വേണം പാർപ്പിക്കാൻ. കിടാക്കളെ ഒരുമിച്ചാണ് പാർപ്പിക്കുന്നതെങ്കിൽ അവയെ തിങ്ങി പാർപ്പിക്കാതിരിക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ കോക്സീഡിയ അടക്കമുള്ള രോഗങ്ങൾ എളുപ്പം കിടാക്കൾക്ക് പിടിപെടും. തണുപ്പുള്ള കാലാവസ്ഥയിൽ തൊഴുത്തിൽ ഇൻകാന്റസന്റ്/ ഇൻഫ്രാറെഡ് ബൾബുകൾ സജ്ജമാക്കി കിടാക്കൾക്ക് മതിയായ ചൂട് ഉറപ്പാക്കണം.
കൊമ്പു മുറിക്കുമ്പോൾ
പശുക്കിടാക്കളുടെ കൊമ്പുകൾ കളയുക എന്നത് ഫാമുകളിൽ സ്വീകരിക്കാവുന്ന ഒരു പരിചരണ മുറയാണ്. കിടാവ് വളർന്ന് പശുവാകുമ്പോൾ പശുക്കൾക്ക് കൊമ്പുകളില്ലെങ്കിൽ അത് പരിപാലനത്തെ കൂടുതൽ എളുപ്പമാക്കും. പശുക്കൾക്ക് കൊമ്പില്ലെങ്കിൽ തൊഴുത്തിൽ പാർപ്പിക്കാൻ കുറഞ്ഞ സ്ഥലം മതിയെന്നതും കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നതുമൊക്കെ ഗുണങ്ങളാണ്. കിടാരി വളർന്ന് പശുവായി മാറിക്കഴിഞ്ഞാൽ പിന്നെ കൊമ്പുകൾ കളയുക എന്നത് ദുഷ്കരമാണ്. കൊമ്പുകൾ കളയണമെങ്കിൽ ഏറ്റവും യോജിച്ച സമയം കിടാക്കൾക്ക് മൂന്നാഴ്ച പ്രായമെത്തുന്നത് വരെയുള്ള കാലയളവാണ്.
കൊമ്പുകൾ കിളിർത്ത് തുടങ്ങുന്ന ഈ പ്രായത്തിൽ കൊമ്പുകളുടെ മുകുളങ്ങൾ നശിപ്പിച്ച് കളഞ്ഞാൽ അതോട് കൊമ്പിന്റെ വളർച്ച നിലയ്ക്കും. കൊമ്പുകൾ വളർന്ന് തുടങ്ങുന്ന സമയത്ത് തന്നെ ഇത് ചെയ്യുന്നതിനാൽ ഏറെക്കുറെ വേദനാരഹിതമായ പ്രക്രിയയാണിത്. കൊമ്പിൻ മുകുളങ്ങൾ നശിപ്പിക്കാൻ പല വഴികളുണ്ട്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് ഡീഹോണർ എന്ന ഉപകരണം ഉപയോഗിച്ചാൽ കൊമ്പിൻ മുകുളങ്ങൾ കരിച്ചു കളയാൻ സാധിക്കും. രണ്ടായിരം രൂപ മുതൽ അയ്യായിരം രൂപ വരെയുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊമ്പ് കരിക്കൽ ഉപകരണം ഇന്ന് വിപണിയിൽ ലഭ്യമാണ്.
കാത്സ്യം, സോഡിയം ഹൈഡ്രോക്സൈഡ് തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയ ലേപനങ്ങൾ കൊമ്പിൻ മുകുളങ്ങളിൽ തേച്ചുപിടിപ്പിച്ച് കൊമ്പിനെ നശിപ്പിക്കുന്ന രാസവിദ്യകളും പ്രചാരത്തിലുണ്ട്. ഇതിന് ഉപയോഗിക്കാവുന്ന ലേപനങ്ങൾ ഇന്ന് വിപണിയിലുണ്ട്. ചില കിടാക്കളുടെ മുലയിൽ നാലിൽ അധികം കാമ്പുകൾ ഉണ്ടാകാറുണ്ട്. കറവപ്പശുക്കളെ സംബന്ധിച്ച് ഈ അധിക കാമ്പുകൾ ഗുണകരമല്ല. ജനിച്ച് രണ്ടുമാസം ആവുന്നതിന് മുന്നേ തന്നെ ഇത്തരം അധിക മുലക്കാമ്പുകൾ മുറിച്ചൊഴിവാക്കാൻ ഡോക്ടറുടെ സേവനം തേടണം.