പക്ഷികൾക്ക് യഥേഷ്ടം പറന്നു നടക്കാൻ സൗകര്യമുള്ള വലിയ കൂടിനെയാണ് ഏവിയറി എന്നു പറയുന്നത്. മക്കാവ്, കൊക്കറ്റ് പോലുള്ളവയ്ക്ക് ഏവിയറിയാണ് അഭികാമ്യം, ശത്രുജീവികളായ പാമ്പ്, കീരി, എലി എന്നിവയ്ക്ക് കൂട്ടിനുള്ളിൽ കയറാനുള്ള സൗകര്യമുണ്ടാകരുത്. പരിപാലിക്കുന്നയാൾക്കു കൂട്ടിൽ കയറാനുള്ള വലുപ്പവും സൗകര്യവും കൂടിനുണ്ടാകണം.
പക്ഷികൾക്ക് പെർച്ചിങ്ങിനും സൗകര്യമുണ്ടാകണം. പക്ഷികൾക്കു വിശ്രമിക്കുന്നതിനായി കൂട്ടിൽ ഉയരത്തിൽ വെച്ചുകൊടുക്കുന്ന വരികളാണ് പെർപ്പിക്കുകൾ. പക്ഷികളുടെ കാലിന്റെ വിഷം കണക്കാക്കി വേണം വടി തിരഞ്ഞെടുക്കാൻ. ചിലതിനു മിനുസമുള്ളതാണിഷ്ടമെങ്കിൽ മറ്റുള്ളവയ്ക്കു പരുപരുത്ത പ്രകൃതിദത്തമായ മരച്ചില്ലകളാണിടം. കഴിയുന്നതും പ്ലാസ്റ്റിക് പകർപ്പുകൾ ഒഴിവാക്കണം. കൂടിന്റെ മുകളിലും താഴത്തുമായി രണ്ട് സെറ്റ് പേർപ്പുകൾ സ്ഥാപിക്കാം. പക്ഷികൾക്ക് മുട്ടയിടാനും അടയിരിക്കാനുമുള്ള സൗകര്യവും ഏവിയറിൽ ചെയ്തു കൊടുക്കണം.
വലിയ കതകുകൾ കോണോടു കോൺ യോജിപ്പിച്ച് ഒന്നിനു പിറകേ മറ്റൊന്നായി തുറക്കാവുന്ന രീതിയിലായിരിക്കണം മുറികളിലേക്കുള്ള വാതിൽ. ഏവിയറികളിൽ യഥാർത്ഥ കൂടുകൾക്കു പുറമേ കമ്പിവല കൊണ്ടു സുരക്ഷിതമാക്കിയ ഒരു മുറി കൂടി ഉണ്ടാക്കുന്നത് നല്ലതാണ്. കൂടിന്റെ വാതിൽ തുറക്കുമ്പോൾ യാദൃച്ഛികമായി പറന്നു പോകാനുള്ള സാധ്യത ഇതു മൂലം ഒഴിവാക്കാം. ഏവിയറിയിൽ ഉപയോഗിക്കുന്ന കമ്പിവല കണ്ണികളുടെ വലുപ്പം പ്രധാനപ്പെട്ടതാണ്. കൊക്കറ്റു പോലുള്ള പക്ഷികൾ കമ്പിവല പോലും മുറിക്കാൻ ശേഷിയുള്ളവയാണ്. ചെറുപക്ഷികളായ ജാവാഹികൾ, കാനറി എന്നിവയ്ക്ക് 19 ഗേജ് വലുപ്പത്തിലുള്ള അരിപ്പ പോലുള്ള വലകളാണ് നല്ലത്.
തത്തകൾക്കും കൊക്കറ്റീലുകൾക്കും അല്പം കൂടി വലിയ വലക്കണ്ണികൾ ഉപയോഗിക്കണം (16 ഗേജ്). അതിനുമുകളിൽ നൈലോൺ വല വിരിച്ച് പാമ്പ്, പല്ലി, പാറ്റ എന്നിവയുടെ ശല്യം ഒഴിവാക്കണം. വലിയ തത്തകളായ മക്കാവ്, കൊക്കറ്റ് എന്നിവയ്ക്ക് 12 ഗേജുള്ള കമ്പികളാണ് ഉപയോഗിക്കേണ്ടത്.
ചെറിയ പക്ഷികളെ വളർത്തുന്ന കൂടുകൾക്ക് പ്രധാന വാതിലിനു പുറമേ വെള്ളവും ഭക്ഷണവും കൊടുക്കാനായി ചെറിയ വാതിലോടു കൂടിയുള്ള ഭാഗവും നിർമ്മിക്കുന്നത് നല്ലതാണ്. പ്രധാന വാതിലുകൾ കൂടിനു താഴെ നിർമ്മിക്കുന്നതാണുചിതം.
കാഴ്ചക്കാരുടെ കൺനിരപ്പിൽ അല്പം മുകളിൽ പക്ഷികൾ ഇരിക്കുന്നതിനു വേണ്ടി തറയിൽ നിന്നും ഒന്നരമീറ്റർ ഉയരത്തിൽ കാല് നാട്ടി കൂടുകൾ സ്ഥാപിക്കണം.
ഏവിയറിയുടെ തറ കോൺക്രീറ്റ് ചെയ്യുന്നതാണ് നല്ലത്. വൃത്തവും ദീർഘചതുരവുമാണ്. സാധാരണ പറക്കാനുള്ള സ്ഥലം നഷ്ടപ്പെടുത്തരുത്. പരമാവധി പറക്കാൻ സൗകര്യത്തിനായി രണ്ട് ചില്ലകൾ തമ്മിൽ നല്ല ദൂരം വേണം,
കൂട്ടിനകത്ത് പ്രകൃതിയുടെ സ്വാഭാവിക പരിവേഷം ലഭിക്കുന്നതിനായി ചെറുചെടികൾ, വള്ളികൾ, മുളകൾ എന്നിവ നട്ടുവളർത്താം. ചെറിയ പാറക്കെട്ടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ കൃത്രിമമായി ഉണ്ടാക്കുകയുമാവാം.
മേൽക്കൂരയായി ഓട്, പ്ലാസ്റ്റിക് ഷീറ്റ്, താർഷീറ്റ് എന്നിവ ഉപയോഗിക്കാം. കൂട്ടിൽ കൃത്രിമ വെളിച്ചം നൽകാൻ ഫ്ളൂറസെന്റ് ലൈറ്റുകൾ സ്ഥാപിക്കാം. വെള്ളപ്പാത്രങ്ങളും തീറ്റപ്പാത്രങ്ങളും സ്ഥാപിക്കാനുള്ള സൗകര്യവും കൂട്ടിൽ വേണം. മരം കൊണ്ടോ മണ്ണു കൊണ്ടോ ഉള്ള പാത്രങ്ങളാണ് അഭികാമ്യം. ധാന്യങ്ങളും പൊടിയിനങ്ങളും കൊടുക്കാൻ തുറന്ന പാത്രങ്ങളാണ് നല്ലത്. കഴുകാൻ സൗകര്യമുള്ളതുമായിരിക്കണം പാത്രങ്ങൾ.