തീറ്റപ്പുല്ല് ശരിയായ സമയത്ത് മുറിച്ചെടുത്ത് ഉണക്കി 15 ശതമാനം വരെ ജലാംശം ആക്കി സൂക്ഷിക്കുന്നതിനാണ് “ഹേ' അഥവാ 'കച്ചി' എന്നു പറയുന്നത്. സാധാരണ ഗതിയിൽ ചെടി പുഷ്പിക്കുന്നതിന് മുമ്പ് മുറിക്കണം. ഇല പൊഴിഞ്ഞു പോവാത്ത തരത്തിലുള്ളതും, ജലാംശം കുറഞ്ഞതുമായ തീറ്റ വിളകളാണ് കച്ചിയാക്കാൻ യോജിച്ചത്.
ഗിനിപ്പുല്ല്, കോംഗോ സിഗ്നൽ, സിഗ്നൽ എന്നിവ യോജിച്ചതാണ്. തറയിൽ നിരത്തിയിട്ടോ മൂക്കാലികളിൽ കയറ്റി വെച്ചോ, വേലിയിൽ തൂക്കിയോ പുല്ല് ഉണക്കിയെടുക്കാം. നേരിട്ട് സൂര്യപ്രകാശം ഏൽപ്പിക്കാതെ ഉണക്കാനായാൽ വളരെ നല്ലത്. പച്ചനിറം നിലനിർത്താനാകും. കച്ചിയിൽ ഈർപ്പം 15 ശതമാനത്തിൽ അധികമായാൽ ഗുണം നഷ്ടപ്പെടും. കേരളത്തിൽ പുല്ല് ഉണക്കി സൂക്ഷിക്കുന്ന പരിപാടിക്ക് കാര്യമായ പ്രചാരമില്ല. ധാരാളം പുല്ലുണ്ടെങ്കിൽ വയ്ക്കോലു പോലെ പുല്ല് ഉണക്കി തുറുവിട്ട് സൂക്ഷിക്കാം.
നെല്ലിന്റെ വൈക്കോൽ ഉണക്കി സൂക്ഷിക്കുന്നതു പോലെ പുല്ലും ഉണക്കി സൂക്ഷിച്ചുവയ്ക്കാമെന്ന കാര്യം പല കർഷകരും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. ഒരേ സമയം എല്ലാ ചെടികളും ഒരുമിച്ച് മൂപ്പെത്തുന്ന വിളകളിലാണ് ഇത് കൂടുതലും പ്രായോഗികം. പൂത്തു കഴിഞ്ഞാൽ മിക്കവാറും പുല്ലുകൾ പരുക്കനാകുകയും ഗുണം കുറയുകയും ചെയ്യും.
മൂന്നോ, നാലോ മാസം മാത്രമേ പുൽകൃഷിക്ക് സ്ഥലം കിട്ടൂവെങ്കിൽ (ഉദാ: മൂന്നാം വിള) തീറ്റച്ചോളം, ബജ്റ എന്നിവ കൃഷിചെയ്തു ഉണക്കി കച്ചിയാക്കി സൂക്ഷിച്ചു വയ്ക്കാം. (ഇത്തരം കൃഷിക്ക് മക്കച്ചോളവും അനുയോജ്യമാണെങ്കിലും അവ കച്ചിയുണ്ടാക്കാൻ ഉപയോഗിക്കാറില്ല. (മക്കച്ചോളം സൈലേജ് ഉണ്ടാക്കാനാണ് ഉത്തമം) തീറ്റച്ചോളം ഏതാണ്ട് 50 ശതമാനം ചെടികൾ പുഷ്പിക്കുന്ന അവസ്ഥയിൽ മൊത്തമായി മുറിച്ചെടുത്ത് ഉണക്കുന്നു. കാലികൾക്ക് റേഷൻ നിജപ്പെടുത്തുമ്പോൾ ഒരു കിലോഗ്രാം കച്ചി നാലു കിലോഗ്രാം പച്ചപ്പുല്ലിന് സമമായി എടുക്കാം.