കൊടും ചൂട് മനുഷ്യർക്കും മൃഗങ്ങൾക്കുമെന്ന പോലെ പക്ഷികൾക്കും പ്രശ്‌നമാണ്. അമിത ചൂട് പ്രതിരോധിക്കാനുള്ള ശാരീരിക അവസ്‌ഥ അവയ്ക്ക് ഇല്ലാത്തതാണു കാരണം. ഉയർന്ന താപനില മൂലം കോഴികളിൽ മരണനിരക്ക് കൂടുന്നതായി കണ്ടു വരുന്നുണ്ട്. കോഴികൾ മുട്ടയിടുന്ന സ്ഥലത്തെ താപനില 23.8 ഡിഗ്രി സെൻ്റിഗ്രേഡ് ആകുന്നതാണ് ഉത്തമം. 29.4 ഡിഗ്രിവരെ കുഴപ്പമില്ല. എന്നാൽ, 32.3 ഡിഗ്രിക്ക് മുകളിലായാൽ അസ്വസ്‌തരാകുകയും തീറ്റ കുറയ്ക്കുകയും ചെയ്യും. അതു വഴി മുട്ട ഉത്പാദനവും കുറയും. ചൂട് 37.8 ഡിഗ്രിയിൽ കൂടുതലായാൽ മരണനിരക്ക് വളരെ കൂടും.
20-30 ശതമാനം അധിക വിറ്റാമിനുകളും ധാതുക്കളും തീറ്റയിൽ ചേർക്കണം. സമ്മർദങ്ങളെ അതിജീവിക്കാൻ വൈറ്റമിൻ സി നൽകണം. ഒരു കിലോ തീറ്റയിൽ 200 മില്ലിഗ്രാം വിറ്റാമിൻ സി, എന്ന അനുപാദത്തിൽ നൽകാം. ഇലക്ട്രോലൈറ്റുകൾ, വിറ്റാമിൻ ബി കോംപ്ലക്‌സ്, പ്രോബയോട്ടിക്കുകൾ എന്നിവ നൽകുന്നതിലൂടെയും കൂടുതൽ ഭക്ഷണം കഴിക്കുന്നതിനും സമ്മർദം കുറക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
മുട്ട ഇടീൽ ആരംഭിച്ചാൽ ഒരു കോഴിക്ക് ഒരു ദിവസം 100 മുതൽ 120 ഗ്രാം വരെ തീറ്റ നൽകണം. കൂടുകളിൽ വളർത്തുന്ന കോഴികൾക്കാണ് ഇത്രയും തീറ്റ ആവശ്യമായി വരുന്നത്. വീട്ടുമുറ്റത്ത് വളരുന്ന കോഴികൾ അവക്ക് വേണ്ടുന്ന തീറ്റ ചിക്കിയും ചികഞ്ഞും അവ സ്വയം കണ്ടെത്തും. എന്നിരുന്നാലും 40 -50 ഗ്രാം 'ലെയർ' തീറ്റ ദിവസവും കൊടുക്കണം. ഇത് രാവിലെ കൂട്ടിൽനിന്ന് പോകുന്നതിന് മുമ്പും അതേ പോലെ വൈകുന്നേരം കൂട്ടിലേക്ക് തിരിച്ചെത്തുമ്പോഴും നൽകാം.
എപ്പോഴും പരിസരത്ത് പാത്രങ്ങളിൽ കുടിവെള്ളം ലഭ്യമാക്കണം. മുട്ട ഉത്പാദനത്തിന് കാത്സ്യം വളരെ ആവശ്യമാണ്. ദിവസം അഞ്ച് ഗ്രാം കാത്സ്യം ആവശ്യമാണ്. കക്കത്തോട് പൊടിച്ച് ആഹാരത്തോടൊപ്പം നൽകാം.
തീറ്റ വീട്ടിൽ ഉണ്ടാക്കാം.
മുട്ട കോഴികൾക്ക് ആവശ്യമായ 'ലെയർ തീറ്റ' വിപണിയിൽ ലഭ്യമാണ്. ഇതു വീട്ടിൽ ഉണ്ടാക്കാം.
1. കടല പിണ്ണാക്ക് 52%, എള്ള് പിണ്ണാക്ക് 20%, ഉപ്പ് ഇടാത്ത ഉണക്കിയ മത്സ്യം 20%, കക്കത്തോട് ചെറിയ കഷണം 4%, ധാതുലവണ മിശ്രിതം 4%,.
2. കടല പിണ്ണാക്ക് 60%, ഉപ്പിടാത്ത ഉണക്കിയ മത്സ്യം 32%, കക്കത്തോട് ചെറിയ കഷണം 4%, ധാതു ലവണ മിശ്രിതം 4%.
ഇങ്ങനെ ഉണ്ടാക്കിയ മിശ്രിതത്തിന്റെ 30 ഭാഗവും 35 ഭാഗം തവിടും 35 ഭാഗം കപ്പ പൊടിയും ചേർത്ത് കുഴച്ച് കോഴികൾക്ക് നൽകാവുന്നതാണ്.