വീട്ടിൽ വളർത്തുന്ന അരുമമൃഗങ്ങൾക്കു റാബീസ് പ്രതിരോധ കുത്തിവയ്പ്പുകൾ എടുപ്പിക്കുക. വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും മൂന്നു മാസം (10-12 ആഴ്ച) പ്രായമെത്തുമ്പോൾ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവയ്പ് നല്കണം. പിന്നീട് നാല് ആഴ്ചകൾക്ക് ശേഷം (14-16 ആഴ്ച) ബൂസ്റ്റർ കുത്തിവയ്പ്പ് നല്കണം. തുടർന്ന് വർഷാവർഷം പ്രതിരോധ കുത്തിവയ്പ് ആവർത്തിക്കണം. കുത്തിവയ്പ്പ് എടുത്തതിന്റെ രേഖകൾ കൃത്യമായി സൂക്ഷിക്കണം.
മൃഗങ്ങൾക്ക് കുത്തിവയ്ക്കപ്പെടുത്ത് എടുത്തിട്ടുണ്ടെങ്കിലും അവയിൽ നിന്ന് മാന്തലോ കടിയോ ഏറ്റാൽ പേവിഷബാധ കുത്തിവയ്പ്പുകൾ കടിയേൽക്കുന്നവരും എടുത്തിരിക്കണം. നമ്മുടെ നാട്ടിലെ കുത്തിവയ്പ്പുകളുടെ നിലവാരമോ അതു മൃഗങ്ങളിൽ ഉണ്ടാക്കുന്ന പ്രതിരോധശേഷിയുടെ അളവോ നിരീക്ഷിക്കാനുള്ള കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്തതു കൊണ്ടാണ് ഈ മുൻകരുതൽ.
പേവിഷ ബാധയുള്ള മറ്റു മൃഗങ്ങളിൽ നിന്നും ഉള്ള സംരക്ഷണത്തിനായി വളർത്തുമൃഗങ്ങളെ അടച്ചുറപ്പുള്ള കൂടുകളിലാക്കുക. ഉയർന്ന ചുറ്റുമതിലോ ചാടിക്കടക്കാൻ സാധിക്കാത്ത രീതിയിലുള്ള വേലിക്കെട്ടുകളോ വീടിനു ചുറ്റും സ്ഥാപിക്കുക. കഴിവതും പകൽ സമയങ്ങളിൽ മാത്രം അവയെ പുറത്തിറക്കുക. പലപ്പോഴും മതിൽകെട്ടുകൾ നിഷ്പ്രയാസം ചാടിക്കടന്ന് പുറത്തുപോയി തിരിച്ചെത്താറുള്ള പൂച്ചകളെയാണ് അധികം ശ്രദ്ധിക്കേണ്ടത്.
വളർത്തുമൃഗങ്ങളുടെ പെരുമാറ്റത്തിലുള്ള മാറ്റങ്ങൾ ശ്രദ്ധിക്കണം. ഭക്ഷണത്തോട് വെറുപ്പ്, വായിൽ നിന്ന് നുരയും പതയും വരിക, ശബ്ദമാറ്റം, തളർച്ച, പ്രകോപനമില്ലാതെ കടിക്കുക തുടങ്ങിയവ. അകാരണമായി വളർത്തുമൃഗങ്ങൾ ചത്താൽ, മൃഗഡോക്ടറെ അറിയിക്കുകയും ആവശ്യമെങ്കിൽ അവയുടെ മസ്തിഷ്ക പരിശോധന നടത്തി, പേവിഷബാധ മൂലമാണോ എന്ന് ഉറപ്പുവരുത്തുകയും വേണം.