കുറഞ്ഞ സ്ഥലത്ത് കൂടുതൽ മീനുകളെ വളർത്താനും ആവശ്യാനുസരണം വിളവെടുത്ത് വിപണനം ചെയ്യാനും മികച്ച മാർഗമാണ് കൂടുമത്സ്യകൃഷി. സ്വന്തമായി സ്‌ഥലം ഇല്ലാത്തവർക്കു പോലും പൊതുജലാശയങ്ങളിൽ മത്സ്യക്കൃഷി ചെയ്യാനുതകുന്ന മാർഗമെന്ന നിലയ്ക്ക് ഈ രീതിക്ക് ഇന്ന് ഏറെ പ്രചാരമുണ്ട്. തീറ്റ നൽകിയാണ് കൂടുകൃഷിയിൽ മത്സ്യം വളർത്തൽ. പുഴകളിലെ ജലം കൂടുകൾക്കുള്ളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നതിനാൽ മത്സ്യങ്ങൾക്കു വേണ്ടത്ര ഓക്‌സിജൻ ലഭിക്കുകയും കാഷ്ഠവും മറ്റ് അവശിഷ്‌ടങ്ങളും ഒഴുകിപ്പോകുകയും മത്സ്യങ്ങൾ ആരോഗ്യത്തോടെ വളരുകയും ചെയ്യും.
എന്നാൽ, വേനലിനു ശേഷം ശക്തമായ മഴ വരുമ്പോൾ ജലത്തിന്റെ താപനിലയും അമ്ലക്ഷാരനില (പിഎച്ച്) യും വളരെ പെട്ടെന്ന് വ്യത്യാസപ്പെടുകയും കായലുകളിലാണെങ്കിൽ ലവണാംശം താഴ്ന്ന് മീനുകളെ സാരമായി ബാധിക്കുകയും ചെയ്യും. ഇതോടൊപ്പം തോടുകളിലും കാനകളിലും കെട്ടിക്കിടക്കുന്ന അഴുക്കു വെള്ളം മഴവെള്ളത്തോടൊപ്പം ജലാശയങ്ങളിൽ എത്തുകയും ഇതിലുള്ള ജൈവ-അജൈവ മാലിന്യങ്ങൾ ജലത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യും.
ജലത്തിൽ അമോണിയ, ഹൈഡ്രജൻ സൾഫൈഡ് എന്നിവയുടെ അളവ് കൂടുകയും ഓക്‌സിജൻ ലഭ്യത കുറയുകയും ചെയ്യും. ജൈവമാലിന്യങ്ങൾ കൂടിയ തോതിൽ ജലാശയങ്ങളിലെത്തുന്നത് ഇവയെ വിഘടിക്കാൻ ശേഷിയുള്ള സൂക്ഷ്‌മജീവികളുടെ അളവ് ക്രമാതീതമായി വർധിപ്പിക്കുകയും ഇവ വിഘടനത്തിനായി കൂടിയ തോതിൽ ഓക്സിജൻ ഉപയോഗിക്കുന്നതിനാൽ ജലാശയങ്ങളിൽ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുകയും ചെയ്യും.
കൂടു കൃഷിയിൽ കുറഞ്ഞ സ്ഥലത്ത് കൂടുതൽ മീനുകളുണ്ടല്ലോ. അപ്പോൾ കൂടുതൽ ഓക്സിജൻ വേണ്ടിവരുന്നതിനാൽ ജലത്തിൽ ഓക്‌സിജൻ അളവിലെ കുറവ് മത്സ്യങ്ങൾക്ക് അപകടകരമാകും. കൂടിനുള്ളിലായതിനാൽ അവയ്ക്ക് മറ്റിടങ്ങളിലേക്കു രക്ഷപ്പെടാൻ കഴിയാത്തതും മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്കു വഴിയൊരുക്കുന്നു.
പരിഹാരം: മഴ പെയ്യുമ്പോൾ ജലത്തിൻ്റെ ഗുണനിലവാരം പെട്ടെന്നു വ്യത്യാസപ്പെടുന്ന സ്‌ഥലങ്ങളിൽ കൂടുകൃഷി ഒഴിവാക്കുക. ജലത്തിന്റെ ഗുണനിലവാരം കുറയുന്ന വേനൽ മഴക്കാലത്തിനു മുൻപേ തന്നെ വിളവെടുക്കാവുന്ന രീതിയിൽ കൃഷി ക്രമീകരിക്കുക. ജലഗുണനിലവാരം ഉറപ്പുവരുത്തി പ്രത്യേകം നഴ്‌സറികളിൽ മീൻകുഞ്ഞുങ്ങളെ 2 മാസമെങ്കിലും വളർത്തി സാധാരണയിലധികം വലുപ്പമായ ശേഷം (കരിമീൻ 20 ഗ്രാം, കാളാഞ്ചി 30 ഗ്രാം ) ഓഗസ്‌റ്റ് അവസാനത്തോടെ കൂടുകളിൽ നിക്ഷേപിച്ച് കൃഷി തുടങ്ങിയാൽ കൂടുകളിൽ വളരുന്ന കാലയളവ് കുറച്ച് വേനൽമഴയ്ക്ക മുൻപു വിളവെടുത്ത് വിൽക്കാനാവും. എന്നാൽ, ജലാശയങ്ങൾ വിഷലിപ്‌തമാക്കുന്ന പ്രവർത്തനങ്ങൾ തടയുക മാത്രമാണ് ശാശ്വത പ്രതിവിധി.