സൈബീരിയൻ ഹസ്‌ക് കേരളത്തിൽ എത്തിയിട്ട് നാളേറെയായി. വെളുപ്പും ചാരനിറം കലർന്ന കറുപ്പും നിറത്തിൽ ഇടതൂർന്ന രോമങ്ങളുള്ള സൈബീരിയൻ ഹസ്‌കി ആരെയും ആകർഷിക്കും. നീല അല്ലെങ്കിൽ ബ്രൗൺ അല്ലെങ്കിൽ ഈ രണ്ടു നിറങ്ങളിലും കാണപ്പെടുന്ന (odd eye) കണ്ണുകളും മാസ്‌ക് ധരിച്ചതു പോലുള്ള മുഖവും ഈ ഇനത്തിൻ്റെ സൗന്ദര്യമാണ്. റഷ്യൻ പ്രവിശ്യയായ സൈബീരിയയിൽ ഉരുത്തിരിഞ്ഞതു കൊണ്ടാണ് സൈബീരിയൻ ഹസ്കി എന്നു പേരു വന്നത്.
ചെന്നായയുടെ രൂപമുള്ള ഇവർ കായികക്ഷമതയിലും ബുദ്ധികൂർമതയിലും മുൻപിലാണ്. പരിചയമില്ലാത്തവരോടും മറ്റു നായ്ക്കളോടും ആക്രമണസ്വഭാവം കാണിക്കുന്ന പ്രകൃതമല്ല. അതു കൊണ്ടു തന്നെ ഫ്ലാറ്റുകളിലും വളർത്താം. എന്നാൽ, വ്യായാമം ആവശ്യമാണ്. കുരയ്ക്കന്ന സ്വഭാവം കുറവാണ്. എന്നാൽ, ഉടമയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാൻ പ്രത്യേക രീതിയിൽ ശബ്ദമുണ്ടാക്കും. കഴിവതും ഉടമയോട് ഒപ്പമായിരിക്കുന്നതാണ് ഇഷ്ടം.
രോമാവൃതമായ ശരീരമാണെങ്കിലും വൃത്തിയിൽ ഏറെ ശ്രദ്ധയുള്ളവരാണ്. 'സെൽഫ് ക്ലീനിങ്' ആണ് ഇവരുടെ സവിശേഷത. ഈ വൃത്തിയാക്കൽ സ്വഭാവം കാരണം ശരീരത്തിനു ദുർഗന്ധം കുറവാണ്. കുളി വല്ലപ്പോഴും മതി, മഞ്ഞുപ്രദേശങ്ങളിൽ ചെറിയ വസ്‌തുക്കൾ വലിക്കാനും മറ്റും ഇവയെ ഉപയോഗിക്കുന്നുണ്ട്. തണുപ്പു കാലാവസ്‌ഥയിൽ ജീവിച്ചിരുന്ന ഇവർ ഇന്ന് ഉഷ്ണകാലാവസ്‌ഥയോടും പൊരുത്തപ്പെട്ടു തുടങ്ങി. എങ്കിലും ചൂട് അധികമില്ലാത്ത അന്തരീക്ഷത്തിൽ വളർത്തുന്നതാണു നല്ലത്.