സംസ്ഥാനത്തെ ഒട്ടുമിക്ക ആരോഗ്യകേന്ദ്രങ്ങളിലും, മൃഗ ചികിത്സാ കേന്ദ്രങ്ങളിലും പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പ് ലഭ്യമാണ്. മനുഷ്യരിൽ പേശികളിലും തൊലിക്കടിയിലും ഈ കുത്തിവെപ്പ് എടുക്കാറുണ്ട്. കടിയേറ്റ ദിവസംതന്നെ ആദ്യകുത്തിവെപ്പ് എടുക്കേണ്ടതാണ്. തുടർന്ന് 3, 7, 28 എന്നീ ഇടവേളകളിൽ കുത്തിവെപ്പ് എടുക്കണം. ചില പ്രത്യേക സാഹചര്യങ്ങളിൽ വന്യ മൃഗങ്ങളുടെ കടിയേൽക്കുകയാണെങ്കിൽ വാക്സിൻ കൂടാതെ റാബീസ് ഇമ്മ്യൂണോ ഗ്ലോബുലിൻ (റിഗ്) എന്നറിയപ്പെടുന്ന ഇഞ്ചക്ഷൻ കൂടി എടുക്കേണ്ടതാണ്.
ഫലപ്രദമായ ചികിത്സ ശാസ്ത്രീയമായി നടപ്പിലാവാത്തതിനാൽ, മനുഷ്യരിലായാലും ഏറ്റവും വേഗത്തിൽ പ്രതിരോധ മാർഗങ്ങൾ അവലംബിക്കേണ്ടത് ഈ രോഗത്തിന്റെ കാര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. വന്യ മൃഗങ്ങളിൽ നിന്നും കടിയേറ്റു കഴിഞ്ഞാലും അല്ലെങ്കിൽ ദേഹത്തെവിടെയെങ്കിലും മാന്തിയാലും എത്രയും വേഗം ഫെനോൾ അടങ്ങിയ സോപ്പ് ഉപയോഗിച്ച് കടിയേറ്റ ഭാഗം നന്നായി കഴുകേണ്ടതാണ്. ഏതു വന്യ മൃഗത്തിന്റെ കടിയേറ്റാലും ഇങ്ങനെ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഉടനെ ഒരു ഡോക്ടറിന്റെ സേവനം ലഭ്യമാക്കിയതിനു ശേഷം, അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം മാത്രം പ്രതിരോധ കുത്തിവെപ്പ് തുടങ്ങാവുന്നതാണ്.
ചില പ്രത്യേക അവസരങ്ങളിൽ അതായതു, കുട്ടികൾ, പ്രായമായവർ എന്നിവരാണെങ്കിൽ അഞ്ച് കുത്തിവെപ്പുകൾ അതായതു ഇരുപത്തെട്ടാമത്തെ ദിവസം ഒരെണ്ണം കൂടി എടുക്കേണ്ടതാണ്. വളരെ സുരക്ഷിതവും ഏറ്റവും ഫലപ്രദവുമാണ് ഈ കുത്തിവെപ്പുകൾ. ഒരു തവണ ഈ കുത്തിവെപ്പ് മുഴുവനും പൂർത്തിയാക്കിയ വ്യക്തിക്ക് വർഷങ്ങൾക്കു ശേഷം തുടർന്നും കടിയേൽക്കുകയാണെങ്കിൽ ഒരു ഡോക്ടറിന്റെ നിർദേശ പ്രകാരം കടിയേറ്റ് ദിവസവും തുടർന്ന് മൂന്നാമത്തെ ദിവസവും കുത്തിവെപ്പ് എടുക്കേണ്ടതാണ്. കുത്തിവെപ്പ് എടുക്കുന്ന കാലയളവിൽ മദ്യം, പുകയില എന്നിവ വർജിക്കുന്നതു നല്ലതാണ്. കാരണം ഇവ പ്രതിരോധമരുന്നിന്റെ ശക്തി ക്ഷയിപ്പിക്കാൻ സാധ്യതയുണ്ട്.
സാധാരണ ഗതിയിൽ വീട്ടിലെ വളർത്തു നായ്ക്കളിൽ ജനിച്ചു രണ്ടാമത്തെയോ മൂന്നാമത്തെയോ മാസം തുടങ്ങി എല്ലാ വർഷവും ഒരു പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്. പ്രതിവർഷം കൊടുക്കേണ്ടവയാണ് മിക്കവാറും കമ്പനികളുടെ കുത്തിവെപ്പുകൾ, ഇതു കൃത്യമായി കൊടുത്താൽ മാത്രമേ നായ്ക്കൾക്കു പേവിഷബാധ ചെറുക്കാനുള്ള പ്രതിരോധ ശക്തി കൈവരികയുള്ളു.