വിവിധ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ക്ലേശങ്ങൾ (Stress) മുയലുകളുടെ തീറ്റ പരിവർത്തന ശേഷി പ്രത്യുത്പാദനക്ഷമത, രോഗപ്രതിരോധം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. പ്രതിരോധ ശക്തി കുറയുന്ന അവസരങ്ങളിൽ പല രോഗങ്ങളും പൊട്ടിപ്പുറപ്പെടുന്നു. കർഷകന് വൻ നഷ്ടം വരുത്തിവെക്കുന്ന പാസ്റെല്ലോസിസ് പോലുള്ള പല രോഗങ്ങളും ഈ ഗണത്തിൽപ്പെടും.
വേനൽക്കാലം, മറ്റു മൃഗങ്ങളിലെന്ന പോലെ മുയലുകളിലും ഏറ്റവും ക്ലേശകരമായ കാലമാണ്. അമിതമായ ചൂടും അന്തരീക്ഷ ആർദ്രതയും വേനൽക്കാലത്ത് കുഞ്ഞുങ്ങളുടെ എണ്ണവും വളർച്ചാ നിരക്കും ഗണ്യമായി കുറയ്ക്കുന്നു. മഴക്കാലത്താവട്ടെ രോഗങ്ങൾ മൂലമുള്ള മരണ നിരക്ക് വർദ്ധിക്കുന്നു. ചൊറി (മേൻജ്) വയറിളക്കം എന്നിവയാണ് മഴക്കാലത്തുണ്ടാകുന്ന പ്രധാന രോഗങ്ങൾ.
എല്ലാ ഇനം മുയലുകളിലും ഏറെക്കുറെ ഒരേ തോതിലാണ് രോഗസാധ്യത. മഴക്കാലം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമാകുമ്പോൾ രോഗങ്ങൾ കുറയുകയും വളർച്ചാ നിരക്കും പ്രത്യുത്പാദന നിരക്കും വർദ്ധിക്കുകയും ചെയ്യുന്നു. നിപ്പിൾ ഉപയോഗിച്ച് എല്ലായ്പ്പോഴും വെള്ളം നൽകുന്ന രീതിയും ചൂടുകൂടുന്ന സമയത്ത് ഫാനും ഉപയോഗിച്ചാൽ വേനൽക്കാലത്തെ ക്ലേശം കുറയുമെങ്കിലും തണൽ നൽകി ഷെഡും കൂടുകളും ചുടാവാതെ നോക്കുന്നതാണ് ഏറ്റവും പ്രയോജനപ്രദമാകുന്നത്.
ഈർപ്പവും ചുടും നിറഞ്ഞ കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയിൽ മുയൽ വളർത്തലിന് ചില പ്രത്യേക വെല്ലുവിളികൾ അതിജീവിക്കേണ്ടതായിട്ടുണ്ട്. ഫെബ്രുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ 30 സെൽഷ്യ സിലധികം ചൂട് ഇവിടെ അനുഭവപ്പെടുന്നു. പല പടിഞ്ഞാറൻ രാജ്യങ്ങളിലും മുയൽ കുഞ്ഞുങ്ങൾ 4 മാസം കൊണ്ടു തന്നെ വിൽപന തൂക്കമെത്തുമ്പോൾ ഇവിടെ അത് അഞ്ചോ ആറോ മാസമെടുക്കുന്നു.
ന്യൂസിലാൻഡ് വൈറ്റ്, സോവിയറ്റ് ചിഞ്ചില, ജയന്റ് എന്നീ ഇനങ്ങളാണല്ലോ സാധാരണയായി കർഷകർ വളർത്തുന്നത്. ഇവയെല്ലാം തന്നെ പടിഞ്ഞാറൻ തണുപ്പു രാജ്യങ്ങളിൽ ഉദ്ഭവിച്ചതിനാൽ നമ്മുടെ കാലാവസ്ഥയിൽ ഉൽപാദനക്ഷമത കുറവാണ്. ഭക്ഷണത്തോടൊപ്പം അസ്കോർബിക് ആസിഡ് 200 മില്ലിഗ്രാം/ കിലോഗ്രാം തീറ്റ, ലാക്ടോ ബാസില്ലസ് കേസി (Lactobasillus casei) 10°cfu/g തീറ്റ എന്നിവ ഉഷ്ണം കൊണ്ടുള്ള ക്ലേശങ്ങൾ അതിജീവിക്കുന്നതിന് സഹായിക്കുന്നു.